ന്യൂദല്‍ഹി: മാരുതി മനാസര്‍ ഫാക്ടറിയില്‍ കഴിഞ്ഞ 13 ദിവസങ്ങളായി തുടരുന്ന സമരം അവസാനിച്ചു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ ശാലയായ മാരുതി സുസൂകിയില്‍ ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹൂഡയുടെ മധ്യസ്ഥതയില്‍ തൊഴിലാളികളുമായി വ്യാഴാഴ്ച രാത്രി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
മാനേജ്‌മെന്റും തൊഴിലാളികളും ഉണ്ടാക്കിയ കരാര്‍ പ്രകാരം പുറത്താക്കിയ 11 തൊഴിലാളികളെയും തിരിച്ചെടുക്കാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ഇനിയൊരു യൂനിയന്‍ അനുവദിക്കില്ലെന്ന മാനേജ്‌മെന്റിന്റെ വാദം തൊഴിലാളികള്‍ അംഗീകരിച്ചിട്ടുമുണ്ട്. കരാര്‍ പ്രകാരം ഇന്ന് മുതല്‍ ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഹരിയാന ലേബര്‍ സെക്രട്ടറി സര്‍ബന്‍ സിംഗ് പറഞ്ഞു.
പുറത്താക്കിയവരെ തിരിച്ചെടുക്കുമെങ്കിലും അവര്‍ക്കെതിരെ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും അന്വേഷണം ഉണ്ടാകും. ഈ രീതിയില്‍ സമരം അവസാനിക്കാന്‍ മുന്‍കൈയെടുത്ത് സംസാരിച്ചത് മുഖ്യമന്ത്രി ഹൂഡയാണ്. സമരം തീര്‍ന്നതിനെ പറ്റി കമ്പനി മാനേജ്‌മെന്റ് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല