ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണക്കമ്പനിയായ മാരുതി സുസുക്കി ഇന്ത്യയുടെ മനേസര്‍ പ്ലാന്റില്‍ തൊഴിലാളികള്‍ നടത്തുന്ന സമരം 13ാം ദിവസത്തിലേക്ക് കടന്നു. കമ്പനിയുടെ കാര്‍ നിര്‍മ്മാണം പൂര്‍ണമായി നിലച്ചു. സമരം ഓഹരി വിപണിയിലും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
മുംബൈ ഓഹരി വിപണിയില്‍ രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ കമ്പനിയുടെ ഓഹരി വില 1.28ശതമാനം കുറഞ്ഞ് 1,1195രൂപയായി. ഇതിനു പുറമേ ഇതുവരെ 11,400 കാറുകളുടെ നിര്‍മ്മാണം മുടങ്ങിയിട്ടുണ്ട്. ഏകദേശം 570കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം ഹരിയാന മുഖ്യമന്ത്രി ഭുപിന്തര്‍ സിംങ് ഹൂഡ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സമരക്കാര്‍ അവരുടെ ആവശ്യത്തില്‍ ഉറച്ചുനിന്നതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടു.
അതേസമയം മാരുതി നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗുര്‍ഗൗണ്‍-മനേസര്‍ പ്രദേശങ്ങളിലെ മറ്റ് ഓട്ടോമൊബൈല്‍ കമ്പനികളും പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ 17ന് ഇവിടങ്ങളിലെ തൊഴിലാളികളില്‍ ‘ഒഴിഞ്ഞ വയറുമായി ജോലി’ ചെയ്യും. ഇതിനു പുറമേ ജൂണ്‍ 20ന് 11 മുതല്‍ 1 മണിവരെ ജോലി നിര്‍ത്തിവച്ച് പ്രതിഷേധ സമരവും നടത്തും.
സമരം കാരണം മാരുതിയുടെ സ്വിഫ്റ്റ്, ഡിസയര്‍ ഡീസല്‍ കാറുകള്‍ ലഭിക്കാന്‍ ഇപ്പോഴത്തെക്കാള്‍ ഒരു മാസം കൂടി കാത്തിരിക്കണം. നിലവില്‍ ഇതു മൂന്ന് മാസം മുതല്‍ ആറ് മാസം വരെയാണ്. തൊഴിലാളി സമരത്തെത്തുടര്‍ന്ന് കമ്പനിയുടെ മാനേസര്‍ പ്ലാന്റിലെ ഉല്‍പാദനം പൂര്‍ണമായി നിലച്ചതിനെത്തുടര്‍ന്നാണു കാത്തിരിപ്പു സമയം വര്‍ധിച്ചത്.
മാരുതിയുടെ എസ്എക്‌സ്‌ഫോര്‍ എ സ്റ്റാര്‍ മോഡല്‍ കാറുകള്‍ ലഭിക്കുന്നതിനും ഇനി കൂടുതല്‍ സമയം കാത്തിരിക്കണം. ഇവ ലഭിക്കാന്‍ ബുക്ക് ചെയ്ത് മൂന്നുമാസമെങ്കിലും കാത്തിരിക്കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല