1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2016

ഫാ. ബിജു കുന്നയ്ക്കാട്ട്: മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പ്രാഥമിക സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയായി. വിശ്വാസികളുടെ പ്രതികരണത്തില്‍ ഇടയന് വലിയ പ്രത്യാശ.ഇനി മൂന്നു ദിവസം ഏകാന്ത പ്രാര്‍ത്ഥനയില്‍
വെയില്‍സില്‍ ഇന്നലെ നടത്തിയ പര്യാടനത്തോടെ മെത്രാഭിഷേകത്തിന് മുന്‍പ് നടത്തിയ മാര്‍ സ്രാമ്പിക്കലിന്റെ പ്രാഥമിക സന്ദര്‍ശന പരിപാടിക്ക് ശുഭപര്യവസാനം. സെപ്തംബര്‍ 18ന് മാഞ്ചസ്റ്ററില്‍ വിമാനമിറങ്ങിയ അന്ന് മുതല്‍ ഒരു ദിവസം പോലും വിശ്രമമില്ലാതെ 15 ് ദിവസം കൊണ്ട് മാര്‍ സ്രാമ്പിക്കല്‍ തന്റെ പുതിയ ശുശ്രൂഷ മേഖലകളില്‍ സന്ദര്‍ശനം നടത്തി. എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ പദ്ധതിയില്ലാതിരുന്നതിനാല്‍ പ്രധാന രൂപത കേന്ദ്രങ്ങളും അതിനോടടുത്ത വി. കുര്‍ബ്ബാന കേന്ദ്രങ്ങളുമാണ് നിയുക്ത ഇടയന്‍ സന്ദര്‍ശിച്ചത്.

തന്റെ പുതിയ ശുശ്രൂഷക്ക് വലിയ പ്രത്യാശയും ഉന്മേഷവും നല്‍കുന്നതായിരുന്നു കഴിഞ്ഞ 15 ദിവസത്തെ സന്ദര്‍ശനങ്ങളെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. മിക്ക സ്ഥലങ്ങളിലും അതാത് രൂപതകളിലെ മെത്രാന്മാരും ഇംഗ്ലീഷ് മലയാളി വൈദികരും കൊച്ച് കുട്ടികളുള്‍പ്പടെയുള്ള അല്‍മായരും തങ്ങളുടെ പുതിയ പിതാവിനെ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. എല്ലാ രൂപതകളിലെയും ഇംഗ്ലീഷ് പിതാക്കന്മാരെ കാണാനും അവരോട് ചര്‍ച്ചകള്‍ നടത്താനും സാധിച്ചത്, അദ്ദേഹത്തിന്റെ പുതിയ ശുശ്രൂഷയ്ക്ക് ഉറച്ച ഒരു അടിസ്ഥാനം നല്‍കുമെന്ന് വിശ്വാസികളും പ്രത്യാശിക്കുന്നു.

ഇന്നലെ രാവിലെ കാര്‍ഡിഫില്‍ നിയുക്ത മെത്രാനെ റവ. ഫാ. ജോര്‍ജ് പുത്തൂരാന്‍, ഫാ. അംബ്രോസ് മാളിയേക്കല്‍ തുടങ്ങിയവരും കാര്‍ഡിഫ്, ഹെരെഫോര്‍ഡ്, ബാരി, ന്യൂപോര്‍ട്ട് എന്നിവടങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളും പുതിയ പിതാവിനെ സ്വീകരിച്ചു. തുടര്‍ന്ന് സ്വാന്‍സിയില്‍ മോണ്‍സിഞ്ഞോര്‍. ജോസഫ് സേഫായി (വികാരി ജനറല്‍ മെനേവിയ)യെ സന്ദര്‍ശിച്ചു. ഫാ. സജി കുട്ടക്കൈതയിലും വിശ്വാസികളും നിയുക്ത ഇടയന് സ്വാഗതമേകി.

മാരിസ്റ്റണില്‍ ഫാ. ജാസണ്‍ ജോണ്‍സ് വിശ്വാസികളോടൊപ്പം മാര്‍ ജോസഫ് സ്രാമ്പിക്കലിനെ സ്വീകരിച്ചു. പുതിയതായി പ്രതിഷ്ഠിക്കപ്പെട്ട മാര്‍ തോമാശ്ലീഹായുടെയും വി. മദര്‍ തെരേസയുടെയും രൂപങ്ങള്‍ മാര്‍ സ്രാമ്പിക്കല്‍ ആശീര്‍വദിച്ചു. തുടര്‍ന്ന് ബ്രക്കണില്‍ ഫാ. ജിമ്മി പുളിക്കക്കുന്നേല്‍, എക്സ്റ്ററില്‍ ഫാ. ജോനാഥന്‍ സ്റ്റുവാര്‍ഡ് എന്നിവരും വിശ്വാസികളും ചേര്‍ന്ന് അവസാന സന്ദര്‍ശന സ്ഥലത്തും ഊഷ്മള സ്വീകരണങ്ങള്‍ നല്‍കി. ഇക്കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് പൗരോഹിത്യം സ്വീകരിച്ചു, മാര്‍ സ്രാമ്പിക്കലിന്റെ സെക്രട്ടറിയായി ചുമതലയേറ്റ ഫാ. ഫാന്‍സ്വാ പത്തിലും ഈ സന്ദര്‍ശനങ്ങളിലെല്ലാം മാര്‍ സ്രാമ്പിക്കലിനെ അനുഗമിച്ചിരുന്നു.

ഇനി നിയുക്ത ഇടയന് പ്രാര്‍ത്ഥനയുടെ മൂന്നു നാളുകള്‍. പരസ്യജീവിതത്തിന് മുന്‍പ് നാല്‍പത് രാവും നാല്‍പത് പകലും പ്രാര്‍ത്ഥനയിലും ഉപവാസത്തിലുമായിരുന്ന ഈശോയെ പോലെ, പ്രാര്‍ത്ഥിച്ച് ആത്മീയമായി തയ്യാറെടുക്കുന്ന പുതിയ ഇടയന് വേണ്ടി എല്ലാവരും ഈ ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കണമെന്ന് ജോ. കണ്‍വീനര്‍ റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍ ആഹ്വാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.