അലക്‌സ് വര്‍ഗീസ്: മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ മഹാമഹം സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ജൂലൈ 9,10 തീയതികളില്‍. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി എല്ലാ വര്‍ഷവും നടത്തി വരുന്ന ദുക്‌റാന തിരുന്നാള്‍ ഈ വര്‍ഷം ജൂലൈ 9, 10 (ശനി, ഞായര്‍) തീയതികളില്‍ അത്യാഘോഷപ്പൂര്‍വ്വം കൊണ്ടാടുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി. ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍ മാര്‍ തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാളാണ് ആഘോഷിക്കുന്നത്.
ജൂലൈ 1 വെള്ളിയാഴ്ച മുതല്‍ ഇടവകയുടെ 8 വാര്‍ഡുകളിലായി നടക്കുന്ന നൊവേന, പ്രത്യേക പ്രാര്‍ത്ഥനകളോടെ തിരുന്നാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ജൂലൈ 8ന് ലോങ്ങ്‌സൈറ്റ് വാര്‍ഡില്‍ അവസാനിക്കുന്ന നൊവേനക്ക് ശേഷം ജൂലൈ 9ന് ശനി രാവിലെ 10 ന് കൊടിയേറ്റവും നൊവേനയും ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.
മുഖ്യ തിരുന്നാള്‍ ദിവസമായ ജൂലൈ 10 (ഞായര്‍) ഉച്ച തിരിഞ്ഞ് 2 മണിക്ക് കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോസഫ് പുന്നക്കോട്ടില്‍ പിതാവിനെയും മറ്റു വൈദിക ശ്രേഷ്ടന്മാരെയും മുത്തുക്കുടകളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ സ്വീകരിച്ച് പ്രദക്ഷിണമായി ലളിതവും മനോഹരവുമായി പുഷ്പാലങ്കാരങ്ങളാല്‍ മോടി പിടിപ്പിച്ചിരിക്കുന്ന സെന്റ്. ജോസഫ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തുടക്കമാകും. അനുഗ്രഹീത ഗായകന്‍ റോയ് മാത്യൂ നേതൃത്വം നല്‍കുന്ന ഗായക സംഘം ആഘോഷമായ പാട്ട് കുര്‍ബാനക്ക് ഗാനങ്ങള്‍ ആലപിക്കും.
ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് ശേഷം കേരളീയ തനിമയില്‍ നൂറിലധികം കൊടിത്തോരണങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പൊന്നിന്‍ക്കുരിശും വെള്ളിക്കുരിശുമേന്തി വി. അല്‍ഫോന്‍സയുടെയും മാര്‍ തോമാശ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള പട്ടണ പ്രദക്ഷിണത്തില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. പ്രദക്ഷിണത്തിന് വാദ്യതാള മേളങ്ങള്‍ അകമ്പടിയേകും. നാട്ടിലെ തിരുന്നാളുകളെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ സീറോ മലബാറിന്റെ പാരമ്പര്യവും തനിമയും നഷ്ടപ്പെടാതെ നടത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തി വരുന്നു.
പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം വി. കുര്‍ബാനയുടെ ആശിര്‍വാദം നടക്കും. തുടര്‍ന്ന് വിശ്വാസികള്‍ക്ക് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ തേടാനായി കഴുന്ന് എടുക്കുവാനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഇതിനായി വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ക്ക് സമീപം പ്രത്യേക കൌണ്ടറും വോളണ്ടിഴേയ്‌സും ഉണ്ടായിരിക്കും.
പ്രാര്‍ത്ഥനാ നിര്‍ഭരമായ ദേവാലയത്തിലെശുശ്രൂഷകള്‍ക്ക് ശേഷം വൈകുന്നേരം 6 മണിയോടെ ഇടവകയിലെ വിവിധ വാര്‍ഡുകളുടെയും യുവജനസംഘടനയായ SMYL ന്റെയും സംയുക്തമായി വിവിധ കലാപരിപാടികള്‍ കണ്ണിനും കാതിനും കുളിര്‍മയേകും. കലാപരിപാടികള്‍ക്കൊടുവില്‍ സ്വാദിഷ്ടമായ കേരളീയ വിഭവങ്ങളോടെയുള്ള സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഇതോടെ ആഘോഷമായ തിരുന്നാളാഘോഷങ്ങള്‍ക്ക് തിരശീല വീഴും.
തിരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനായി ട്രസ്റ്റിമാരെ കൂടാതെ 51 അംഗങ്ങളുള്ള വിവിധ കമ്മറ്റികള്‍ക്ക് രൂപം കൊടുത്തു.അനില്‍ അധികാരം,തോമസ് വരവുകാല,ജിന്‍സി ടോണി,ജോമോന്‍,ജോമി,സാജു കാവുങ്ങ,റോയ് മാത്യു,ടോണി,ജോജി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു
നാട്ടിലെ തിരുനാളുകളുടെ ഓര്‍മ്മകള്‍ അയവിറക്കുവാന്‍ കഴിയുന്ന ഈ അവസരം നഷ്ടപ്പെടുത്താതെ തിരുനാളില്‍ പങ്കെടുത്ത് ആത്മസംതൃപ്തിയും ദൈവീകാനുഗ്രഹവും നിറഞ്ഞ മനസുമായി സ്വഭവനത്തിലേക്ക് പോകാന്‍ ഏവരേയും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ ഫാ തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പോള്‍സണ്‍ തോട്ടപ്പിള്ളി
077328550
ജോര്‍ജ് മാത്യു07525628006
വിലാസം
സെന്റ് ജോസഫ് ചര്‍ച്ച്
പോര്‍ട്‌ലാന്‍ ക്രെസെന്റ്
മാഞ്ചസ്റ്റര്‍
ലോങ്‌സൈറ്റ്
MI3 0 BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല