മാഞ്ചസ്റ്റര്‍: യുണൈറ്റഡ് കിംഗ്ഡം സെന്റ്തോമസ് കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തില്‍ മാര്‍തോമാ കത്തോലിക്കരുടെ വിശ്വാസവും പാരമ്പര്യവും പൈതൃകവും തലമുറകളായി പൂര്വ്വപിതാമഹന്മാര് കാത്തുസൂക്ഷിച്ച പ്രേഷിത തീക്ഷണതയും യു.കെയില്‍ അങ്ങോളമിങ്ങോളമുള്ള മാര്‍ത്തോമാ കത്തോലിക്കരുടെ കുടുംബകൂട്ടായ്മകളില്‍ കാത്തുസൂക്ഷിക്കുന്നതിനും ഉയര്‍ത്തിപ്പിടിക്കുന്നതിനും ഒട്ടും ഒളിമങ്ങാതെ പുതുതലമുറയിലേക്ക് പകര്‍ന്ന് കൊടുത്ത്, ക്രൈസ്തവ വിശ്വാസ രാഹിത്യത്തിന്റെ നാശത്തില്‍ നിന്ന് ഈ നാടിനെ സംരക്ഷിക്കുവാനും ഈ പശ്ചാത്യമണ്ണില് ക്രിസ്തുവിന് സാക്ഷ്യം നല്കുന്നതിനുമായി ഭാരതത്തിന്റെ അപ്പോസ്തലനും മാര്‍ത്തോമാ കത്തോലിക്കരുടെ പുണ്യപിതാവുമായ വി.തോമാശ്ലീഹയുടെ ആശീര്‍വദിക്കപ്പെട്ട തിരുസ്വരൂപം അഭിവന്ദ്യ താമരശേരി രൂപതാ മെത്രാന് മാര്‍ റെമിജിയൂസ് പിതാവ് യു.കെ.എസ്.ടി.സി.എഫിന് കൈമാറി.
യു.കെ.എസ്.ടി.സി.എഫിന് വേണ്ടി അഭിവന്ദ്യ പിതാവ് നല്കിയ സന്ദേശം താഴെകൊടുത്തിരിക്കുന്നു
‘ നമ്മള് നമ്മുടെ അമ്മയെ ഒത്തിരിയധികം സ്നേഹിക്കും.ആരുംതന്നെ സ്വന്തം അമ്മയെ വെറുക്കുന്നില്ല. സീറോമലബാര്‍ സഭ നമ്മുടെ സ്വന്തം അമ്മയാണ്. നമ്മുടെ മാതൃസഭയായ അവളെ സ്നേഹിക്കുകയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഈ മാര്‍ത്തോമാ സഭയിലൂടെ പൈതൃകമായി നമുക്ക് ലഭിച്ച പാരമ്പര്യവും വിശ്വാസവും എക്കാലവും കാത്തുസൂക്ഷിക്കുവാനും അതിനെ വരും തലമുറയ്ക്ക് കെടാതെ പകര്‍ന്ന് നല്‍കാനും നമ്മള് ബാധ്യസ്ഥരാണ്.
സഭാപിതാക്കന്മാരോട് കൂടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് തന്നെയായിരിക്കണം നമ്മുടെ മുന്നോട്ടുള്ള പ്രയാണം. യു.കെ.എസ്.ടി.സി.എഫിന് അതിനായി എല്ലാ ഭാവുകങ്ങളും നേരുന്നതോടൊപ്പം തന്നെ ഏറ്റവും ശക്തമായ വിധത്തിലും മാതൃകാപരമായും നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ സാധിക്കും എന്ന കാര്യത്തില്‍ എന്നിക്ക് ഉത്തമ ബോധ്യമുണ്ട്.
ഈ മാര്‍തോമാ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ദു:ഖവെള്ളിയാഴ്ച്ചയുടേയും ഉയിര്‍പ്പു ഞായറിന്റേയും സര്‍വ്വവിധ മംഗളങ്ങളും ആശീര്‍വ്വാദവും നേരുന്നു. ‘
അപ്പോസ്തലീകാശീര്വ്വാദത്തോടെ നല്കപ്പെട്ട വിശുദ്ധ തോമാശ്ലീഹയുടെ വിശുദ്ധരൂപവുമായി ഇംഗ്ലണ്ടിലെ എല്ലാ യു.കെ.എസ്.ടി.സി.എഫ് യൂണിറ്റുകളിലേക്കും കടന്നുചെല്ലുവാനും പുണ്യപിതാവിന്റെ തിരുസ്വരൂപത്തിന് ഏറ്റവും ഉത്തമമായ സ്വീകരണം നല്കുവാനും സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ നേതൃത്വം തീരുമാനിച്ചു.
ദിവ്യനാഥന്റെ തിരുമുറിവില്‍ കൈകള്‍വെച്ച് മനുശ്യവംശത്തോടുള്ള യേശുവിന്റെ അനന്തമായ സ്നേഹവും കാരുണ്യവും ഏറ്റവും ആഴത്തില്‍ തൊട്ടറിഞ്ഞ മാര്‍ തോമാ പിതാവിന്റെ ചൈതന്യവും വിശ്വാസവും പ്രേക്ഷിത തീക്ഷണതയും അന്യം നിന്ന് പോകാതെ കാത്തുസൂക്ഷിക്കാന്‍ യു.കെ.എസ്.ടി.സി.എഫ് ഭാരവാഹികള്‍ എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് അഭിവന്ദ്യ പിതാവിന് ഉറപ്പു നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല