അനീഷ് ജോണ്‍: 2009ല്‍ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ)യുടെ രൂപീകരണത്തിന് ആതിഥ്യമേകിയ മിഡ്‌ലാന്റ്‌സ് റീജിയണ് ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുവാന്‍ അവസരം ലഭിച്ചത് 2012ലാണ്. അതിനോടകം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്ന ഏറ്റവുമധികം അംഗ അസോസിയേഷനുകളുള്ള റീജിയണ്‍ എന്ന നിലയില്‍ വളര്‍ന്നു കഴിഞ്ഞ മിഡ്‌ലാന്റ്‌സ് യുക്മയുടെ മൂന്നാമത് ദേശീയ കലാമേള ഏറ്റെടുത്ത് വിജയകരമായി നടത്തിയതോടെ യുക്മ കലാമേള ഒരു ജനകീയ കൂട്ടായ്മയുടെ വിജയമെന്ന് ഉറപ്പിക്കുവാന്‍ സാധിച്ചു. മത്സരാര്‍ത്ഥികളെയും യുക്മ ഭാരവാഹികളെയും കൂടാതെ ആയിരക്കണക്കിന് ആളുകളാണ് സ്റ്റോക്ക് ഓണ്‍ ട്രന്റിലേയ്ക്ക് കലാമേളയെ വിജയിപ്പിക്കാനായി എത്തിച്ചേര്‍ന്നതോടെയാണ് ഇതിനെ ഒരു ‘ജനകീയ കലാമേള’ എന്ന വിശേഷണത്തിന് അര്‍ഹമാക്കിയത്. യുക്മ ദേശീയ പ്രസിഡന്റായി കെ.പി വിജി സ്ഥാനമേറ്റെടുത്ത ശേഷം നടന്ന ആദ്യകലാമേളയായിരുന്നു ഇത്. ജനറല്‍ സെക്രട്ടറി ബാലസജീവ് കുമാര്‍, കലാമേള കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു, ആദ്യകലാമേളയുടെ വിജയശില്പികളിലൊരാളായ മാമ്മന്‍ ഫിലിപ്പ്, ആതിഥേയ അസോസിയേഷന്‍ എസ്.എം.എ പ്രസിഡന്റ് റൈനോ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച സംഘാടകസമിതിയും സ്റ്റോക്ക് ഓണ്‍ ട്രന്റിലെ മൂന്നാമത് കലാമേളയെ വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
ജന്മനാടിന്റെ മഹത്തായ കലാപാരമ്പര്യം പ്രവാസി മലയാളികള്‍ക്ക് നഷ്ടമാകാതിരിക്കാനും വരും തലമുറയില്‍ അത് വളര്‍ത്തി എടുക്കുന്നതിനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ യുക്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന ദേശീയ കലാമേളകളിലെ ”ജനകീയ കലാമേള” സ്റ്റോക്ക് ഓണ്‍ ട്രന്റില്‍ അരങ്ങേറിയത് 2012 നവംബര്‍ 24നാണ്. മലയാള സിനിമയിലെ അതികായനായിരുന്ന മഹാനടന്‍ തിലകന്റെ അനുസ്മരണാര്‍ത്ഥം ”തിലകന്‍ നഗര്‍” എന്നു പ്രധാനവേദിയ്ക്ക് നാമകരണം ചെയ്തിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ തന്റെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ മലയാളത്തിന്റെ അനശ്വര കലാകാരനെ ആദരിക്കുക വഴി കലാമേളയുടെ യശസ്സ് ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.
വന്‍ സമ്മാനത്തുകകളും താരപദവികളും വാഗ്ദാനം ചെയ്തു നടത്തപ്പെടുന്ന അന്താരാഷ്ട്ര മത്സരങ്ങളും റീയാലിറ്റി ഷോകളും കണ്ടു ശീലിച്ച മലയാളിക്ക് മുന്നില്‍ അമേച്വര്‍ കലാമേളകള്‍ടെ അന്തസത്തയും സൗന്ദര്യവും ഒട്ടും നഷ്ടമാകാതെ അഞ്ചു വിഭാഗങ്ങളിലായി 41 ഇനങ്ങളില്‍ ഏകദേശം 520 ല്‍ പരം മത്സരാര്‍ത്ഥികള്‍ക്ക് വേദിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുക എന്ന വര്‍ധിച്ച വെല്ലുവിളിയാണ് 2012ല്‍ യുക്മ ഏറ്റെടുത്തത്. കലോത്സവ നഗരിയില്‍ (തിലകന്‍ നഗര്‍) യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരും കലാകാരികളും വിവിധ ഭാരതീയ കലകളില്‍ മാറ്റുരക്കുമ്പോള്‍ പ്രേക്ഷകരെ ആസ്വാദന നിലവാരത്തിന്റെ അനന്ത സാഗരങ്ങളില്‍ ആറാടിക്കുന്ന ഒരു മഹത്തായ കലാവിരുന്നിനും സ്റ്റോക്ക് ഓണ്‍ ട്രന്റ് സാക്ഷ്യം വഹിച്ചു. കലാമേളയുടെ സംഘാടനം കുറ്റമറ്റതാക്കുന്നതിനും വിധി നിര്‍ണയം വസ്തുനിഷ്ഠമാക്കുന്നതിനും വിവിധ വിഭാഗങ്ങളുടെ പ്രായപരിധി, ഓരോ വിഭാഗത്തിലെയും മത്സര ഇനങ്ങള്‍, സമയപരിധി, വിധി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍, മാര്‍ക്കുകള്‍ നല്‍കുന്നതിന്റെ അടിസ്ഥാനം, കലപ്രതിഭയെയും കലതിലകത്തെയും കണക്കാക്കുന്ന രീതി മുതലായ എല്ലാ കാര്യങ്ങളുടെയും വിശദ വിവരങ്ങള്‍ യുക്മയുടെ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കി കലാമേളകളുടെ സുതാര്യത വര്‍ദ്ധിപ്പിച്ചതും ഈ വര്‍ഷത്തോടെയാണ്.
2012 നവംബര്‍ 24 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് സ്‌ടോക്ക് ഓണ്‍ട്രെന്റിലെ തിലകന്‍ നഗറില്‍ (കോഓപ്പറേറ്റീവ് അക്കാദമി) കലാമേള സ്റ്റോക്ക് ഓണ്‍ ട്രെന്റ് എം.പി ജോവാന്‍ വാലി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. സ്റ്റഫോര്‍ഡ്?ഷെയര്‍ ലോര്‍ഡ് മേയര്‍ ടെറി ക്രോ, സിറ്റി കൗണ്‍സിലിലെ നിരവധി അംഗങ്ങള്‍? എന്നിങ്ങനെ തദ്ദേശിയരായ പൗരപ്രമുഖരെ കൂടി പങ്കെടുപ്പിച്ചതിലൂടെ യുക്മ വന്‍ നേട്ടമാണ് കൈവരിച്ചത്. യുക്മയുടെ 8 റീജിയനുകളില്‍ നിന്നും മത്സരിച്ചു വിജയിച്ച ഒന്നും രണ്ടും സ്ഥാനം നേടിയ 500ല്പരം കലാകാരന്‍മാരാണ് ദേശീയ കലാമേളയില്‍ മാറ്റുരച്ചത്. ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം നാഷണല്‍ കലാമേളയുടെ തല്‍സമയ സംപ്രേഷണം ബോം ടി.വിയുമായി സഹകരിച്ച് രാവിലെ 10 മണി മുതല്‍ യുക്മയുടെ വെബ്‌സൈറ്റിലും ബോം ഐ.പി ടി.വിയിലും ലഭ്യമാക്കി. കലാമേളയില്‍ പങ്കെടുക്കുന്നവരുടെ കേരളത്തിലും വിദേശങ്ങളിലും ഉള്ള ബന്ധുക്കള്‍ക്കും, യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്നേ ദിവസം സ്റ്റോക്ക് ഓണ്‍ ട്രനില്‍ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്കും പരിപാടികള്‍ കാണുന്നതിനുള്ള അവസരമൊരുക്കിയത് ഏറെ പ്രശംസയ്ക്ക് കാരണമായി. ഇത്തരമൊരു സൗകര്യമൊരുക്കുന്ന ലോകത്തെ ആദ്യത്തെ പ്രവാസി മലയാളി സംഘടനയും യുക്മയായിരുന്നു.
240 വ്യക്തിഗത മത്സരങ്ങളും 110 ഗ്രൂപ്പ് മല്‍സരങ്ങളും അരങ്ങേറിയ 2012 കലാമേളയിലെ മത്സരങ്ങള്‍ അവസാനിച്ച ശേഷം വൈകുന്നേരം 8 മണിയോടെ നടത്തപ്പെട്ട സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാ സംവിധായകന്‍ അനില്‍ സി മേനോന്‍ ഉദ്ഖാടനം ചെയ്തു. പ്രമുഖ മലയാള ചലച്ചിത്ര തിരക്കഥാകൃത്ത് ജിനു എബ്രഹാം മുഖ്യ അതിഥി ആയിരുന്നു. സാംസ്‌കാരിക സമ്മേളനത്തിന്റെ തുടര്‍ച്ചയായി കലാമേളയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റീജിയണുള്ള ദേശീയ കലാമേളയുടെ ടൈറ്റില്‍ ട്രോഫി ”ഡെയ്?ലി മലയാളം എവര്‍റോളിങ് ട്രോഫി” സ്വന്തമാക്കിയത് മിഡ്‌ലാന്റ്‌സ് റീജിയണാണ്. ഈസ്റ്റ് ആംഗ്ലിയ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ആദ്യ രണ്ട് കലാമേളകളിലെ ചാമ്പ്യന്മാരായിരുന്ന സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്വന്തം തട്ടകത്തില്‍ നടന്ന ദേശീയ കലാമേളയില്‍ എസ് എം എ സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് കൂടുതല്‍ പോയിന്റുകള്‍ നേടി മികച്ച അസോസിയേഷനുള്ള ട്രോഫി സ്വന്തമാക്കി. ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനിലെ (ജി.എം.എ) ഫ്രാങ്ക്‌ളിന്‍ ഫെര്‍ണാണ്ടസ് കലാപ്രതിഭയും മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനിലെ മരിയ തങ്കച്ചന്‍ കലാതിലകവുമായി.
മിഡ്‌ലാന്റ്‌സ് റീജണിലെ അംഗ?അസോസിയേഷനുകള്‍ യുക്മ ദേശീയ കലാമേളയില്‍ വെന്നിക്കൊടി പാറിയ്ക്കുവാന്‍ തുടങ്ങിയത് സ്റ്റോക്ക് ഓണ്‍ ട്രന്റ് കലാമേളയോടെയാണ്. ലെസ്റ്റര്‍, സ്റ്റോക്ക് ഓണ്‍ ട്രന്റ്, റെഡ്ഢിച്ച്, നോട്ടിങ്ഹാം തുടങ്ങിയ കരുത്തുറ്റ അസോസിയേഷനുകളുടെ പിന്‍ബലവുമായി 2015ലെ യുക്മ ദേശീയ കലാമേളയിലേയ്ക്ക് എത്തുമ്പോഴും കിരീടപ്രതീക്ഷകളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന റീജിയണാണ് മിഡ്‌ലാന്റ്‌സ്. ജയകുമാര്‍ നായര്‍ പ്രസിഡന്റായുള്ള മിഡ്‌ലാന്റ്‌സ് ഇത്തവണ വോള്‍വര്‍ഹാംപ്ടണില്‍ വച്ച് നടത്തിയ റീജണല്‍ കലാമേള ജനപങ്കാളത്തം കൊണ്ട് എല്ലാ റീജണുകളേക്കാളും മുന്നിലായിരുന്നു. എന്നാല്‍ മിഡ്‌ലാന്റ്‌സിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും 2015 ഹണ്ടിംഗ്ടണ്‍ കലാമേളയില്‍ കിരീടം നേടാനാവുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എക്കാലത്തേയും വാശിയേരിയ പോരാട്ടത്തിനാവും നവംബര്‍ 21 ശനിയാഴ്ച്ച സെന്റ് ഐവോ സ്‌ക്കൂള്‍ വേദികള്‍ സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്.
https://picasaweb.google.com/110952460830608569274/November252012#
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല