റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയോടൊപ്പം ഇന്ത്യയിലെത്തിയ പത്നി മിഷേൽ ഒബാമയെ കാത്തിരിക്കുന്നത് വസ്ത്രങ്ങളുടെ അത്ഭുത പ്രപഞ്ചം.
മിഷേലിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബനാറസി സാരിയാണ് ഇതിൽ പ്രധാനം. ഒന്നര ലക്ഷം രൂപയാണ് സാരിയുടെ വില. ക്രീം നിറത്തിലുള്ള കധുവ സിൽക്ക് സാരി സ്വർണ, വെള്ളി നൂലുകൾകൊണ്ടാണ് തയാറാക്കിയത്. 400 ഗ്രാം ഭാരമുള്ള സാരി തയാറാക്കാൻ മൂന്നു മാസമെടുത്തു.
ഒബാമയുടെ വിശ്വസ്തനും ഇന്ത്യൻ വംശജനുമായ ഫ്രാങ്ക് ഇസ്ലാമാണ് സാരിക്ക് ഓർഡർ നൽകിയത്. ഇന്ത്യൻ കൈത്തറി കലാകാരന്മാരിലേക്ക് ലോകശ്രദ്ധ ആകർഷിക്കാൻ സാരി സഹായിക്കുമെന്ന് ഫ്രാങ്ക് ഇസ്ലാം പറഞ്ഞു.
ഇതിനു പുറമേ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രി സന്തോഷ് ഗാങ്‌വാർ മിഷേലിനായി 100 സാരികൾക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. വാരണാസി വസ്ത്ര ഉദ്യോഗ് സംഘിനാണ് സാരികൾ തയാറാക്കുന്നതിനുള്ള ചുമതല.
മിഷേൽ ഇന്ത്യയിൽ പറന്നിറങ്ങിയതും ഇന്ത്യൻ സ്പർശമുള്ള വസ്ത്രം ധരിച്ചാണ്. മിഷേലിന്റെ നീല പൂക്കളുള്ള ഫ്രോക്ക് രൂപകല്പന ചെയ്തത് ഇന്ത്യൻ വംശജനായ ബിഭു മൊഹാപത്രയാണ്. ഇന്ന് റിപ്പബ്ലിക് പരേഡിന് മിഷേൽ ഏതു വേഷത്തിലാണെത്തുക എന്ന കൗതുകത്തിലാണ് ഡൽഹി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല