ഭാര്യയ്ക്ക് മറ്റൊരു പ്രണയബന്ധമുണ്ടെന്ന് മനസ്സിലാക്കി വിവാഹദിവസം തന്നെ അവരെ സഹോദരിയായി അംഗീകരിച്ച് കാമുകനുമായി ഒന്നിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ ശ്രമം വിഫലമായി. മറ്റൊരാളെ വിവാഹം ചെയ്ത കാമുകിയെ സ്വീകരിക്കാന്‍ കാമുകന്‍ തയ്യാറാവാതിരുന്നതോടെയാണ് ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ നിതീഷിന്റെ ശ്രമം പൊളിഞ്ഞത്.
മെയ് ആറിനായിരുന്നു നിതീഷും ആരതിയും തമ്മിലുള്ള വിവാഹം അന്നുതന്നെ ആരതി തന്റെ പ്രണയകഥ നിതീഷിനെ അറിയിച്ചു. ഇതറിഞ്ഞ നിതീഷ് ആരതിയെ സഹോദരിയായി കാണാന്‍ തയ്യാറാവുകയും കാമുകനെ വിളിച്ചുവരുത്തി ആരതിയെ അയാളെ ഏല്‍പ്പിക്കാന്‍ ശ്രമം നടത്തുകയുമായിരുന്നു. ഇതിനിടെ ഭാര്യയെ സഹോദരിയാക്കാനായി കുടുംബാംഗങ്ങള്‍ അവരെക്കൊണ്ട് നിതീഷിന് രാഖി കെട്ടിയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആരതിയുടെ കാമുകന്‍ വിനീതാകട്ടെ കാമുകിയുമായുള്ള വിവാഹത്തിന് തയ്യാറായില്ല. ആരതിയെ വിവാഹം ചെയ്താല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്നാണ് ഇയാള്‍ പറയുന്നത്. ആരതിയെ വിവാഹം ചെയ്താല്‍ ശരിപ്പെടുത്തിക്കളയുമെന്ന് ആരോ ഇയാളെ ഭീഷണിപ്പെടുത്തിയിരിക്കുകയാണത്രേ.
മീററ്റ് പോലീസും ജില്ലാ ഭരണകൂടവും വിഷയത്തില്‍ ഇടപെട്ടെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. കാമുകന്‍ ആരതിയെ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ നിതീഷിനെയും ആരതിയെയും വീണ്ടും ഭാര്യാഭര്‍ത്താക്കന്മാരായി ഒന്നിപ്പിക്കാന്‍ കൗണ്‍സിലിങ് നടത്തിയെങ്കിലും തങ്ങള്‍ സഹോദരങ്ങളാകാന്‍ തീരുമാനിച്ചതിനാല്‍ അതിന് കഴിയില്ലെന്നാണ് ഇവരുടെ നിലപാട്.
നേരത്തേ ആരതിയെ വിനീതിന് നല്‍കാന്‍ തീരുമാനിച്ച നിതീഷിന്റെ തീരുമാനത്തിനെതിരെ ആരതിയുടെ വീ്ട്ടുകാര്‍ രംഗത്തെത്തിയിരുന്നു. നിതീഷിനെ സ്ത്രീധന പീഡനക്കേസില്‍ കുടുക്കുമെന്നായിരുന്നു ആരതിയുടെ പിതാവ് പറഞ്ഞിരുന്നത്. എന്തായാലും കാമുകന്‍ കൈവിട്ടതോടെ ആരതി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല