സ്വന്തം ലേഖകന്‍: മീറ്റര്‍ റീഡിങ്ങിന് കെഎസ്ഇബി വരുമ്പോള്‍ പൂട്ടുക്കിടക്കുന്ന വീടു കണ്ടാല്‍ പിഴ, പുതിയ സംവിധാനം നിലവില്‍ വന്നു. വൈദ്യുതി മീറ്റര്‍ റീഡിങ് എടുക്കുന്നതിന് ആള്‍ എത്തുമ്പോള്‍ വീട് പൂട്ടിക്കിടക്കുകയാണെങ്കിലാണ് ഇനി മുതല്‍ പിഴ നല്‍കേണ്ടിവരിക. തുടര്‍ച്ചയായി രണ്ടു ബില്ലിങ് മാസങ്ങളില്‍ വീടു പൂട്ടിക്കിടന്നാലാണ് പിഴ ചുമത്തുക. അതേസമയം മീറ്റര്‍ റീഡര്‍മാര്‍ എത്തുന്ന സമയം മുന്‍കൂട്ടി അറിയിക്കുന്നതിനെ കുറിച്ച് വൈദ്യുത ബോര്‍ഡിന് മിണ്ടാട്ടമില്ല.
വീടുകള്‍ക്കു മാത്രമല്ല, വ്യവസായങ്ങള്‍ക്കും പിഴ ബാധകമാണ്. കഴിഞ്ഞ ഒന്നാം തീയതി മുതല്‍ ഇതു നിലവില്‍ വന്നുകഴിഞ്ഞു. സിംഗിള്‍ ഫേസ് കണക്ഷന് 250 രൂപയും ത്രീഫേസിന് 500 രൂപയും ഹൈടെന്‍ഷന് 5000 രൂപയും എക്‌സ്ട്രാ ഹൈടെന്‍ഷന് 10,000 രൂപയുമാണ് പിഴ. വീടുകളില്‍ രണ്ടുമാസത്തിലൊരിക്കലാണ് മീറ്റര്‍ റീഡര്‍മാര്‍ റീഡിങ് രേഖപ്പെടുത്താന്‍ എത്തുന്നത്. തുടര്‍ച്ചയായ രണ്ട് ബില്ലിങ് കാലാവധിയില്‍ മീറ്റര്‍ പരിശോധിച്ചു വൈദ്യുതി ഉപയോഗം രേഖപ്പെടുത്താനാവാതെ പോയാല്‍ പിഴ ചുമത്തും.
ചില ഉപയോക്താക്കള്‍ ദീര്‍ഘകാലത്തേക്കു ഫ്‌ലാറ്റും വീടും പൂട്ടി സ്ഥലം വിടുന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഈ നടപടി. ഇങ്ങനെ പോകുന്നവര്‍ മുന്‍കൂട്ടി നിശ്ചിത മാസത്തെ മിനിമം നിരക്ക് അടയ്ക്കുകയും സെക്ഷന്‍ ഓഫിസില്‍ അറിയിക്കുകയും ചെയ്താല്‍ പിഴ ഒഴിവാക്കാം.
എന്നാല്‍ ഈ തീരുമാനം വൈദ്യുതി ഉദ്യോഗസ്ഥര്‍ ദുരുപയോഗപ്പെടുത്തുമെന്ന ആശങ്ക ഉപയോക്താക്കള്‍ക്ക് ഉണ്ട്. മീറ്റര്‍ റീഡര്‍മാര്‍ക്ക് എന്തെങ്കിലും നിസാര കാരണങ്ങള്‍കൊണ്ട് റീഡിങ് എടുക്കാന്‍ സാധിക്കാതെ പോയാലും ഇത് ഉപയോഗിച്ച് പിഴ ചുമത്താനാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല