സ്വന്തം ലേഖകന്‍: മുംബൈ ജൂഹു ബീച്ചില്‍ 50 അടി നീളമുള്ള കൂറ്റന്‍ തിമിംഗലം ചത്ത് കരക്കടിഞ്ഞു. 50 അടി നീളവും നാലു ടണ്ണോളം ഭാരവുമുള്ള തിമിംഗലത്തിന്റെ മൃതദേഹമാണ് തീരത്തടിഞ്ഞത്. വ്യാഴാഴ്ച രത്രിയാണ് മൃതദേഹം തീരത്തെത്തിയത്.
ബ്രൈഡ്‌സ് വെയില്‍ വിഭാഗത്തില്‍ പെടുന്ന തിമിംഗലമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് കടലില്‍ വച്ചു ചത്ത തിമിംഗലം തിരമാലയില്‍പെട്ട് തീരത്തിടിയുകയായിരുന്നു. മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ അഴുകിയിട്ടുണ്ട്. ഇത്രയും ഭാരമുള്ള തമിംഗലത്തെ സംസ്‌കരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍. വാസുദേവന്‍ പറഞ്ഞു.
തിമിംഗലത്തെ സംസ്‌കരിക്കാനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതു കൈകാര്യം ചെയ്യാനുള്ള വിദഗ്ധരുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അവയവങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതിനായി മൃതദേഹം കീറിമുറിക്കാനും കഴിയാത്ത അവസ്ഥയാണെന്ന് വാസുദേവന്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ തീരങ്ങളിലായി തിമിംഗലങ്ങള്‍ ഒറ്റക്കും കൂട്ടായും ചത്ത് കരക്കടിയുന്നത് തുടര്‍ക്കഥയാകുകയാണ്. ആഴ്ചകള്‍ക്കു മുന്‍പ് തമിഴ്‌നാട്ടിലെ തുരുത്തിക്കോണത്ത് 100 ഓളം ചെറു തിമിംഗലങ്ങളാണ് തീരത്തടിഞ്ഞത്. ഇവയിലാകട്ടെ 45 എണ്ണം ചത്ത നിലയിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല