ആലുവ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താമസിച്ചിരുന്ന മുറിയിലേക്ക് യുവതി അതിക്രമിച്ചു കയറി. ഏറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി താമസിച്ചിരുന്ന ആലുവ പാലസിലാണ് സംഭവം നടന്നത്. പ്രകോപനപരമായ പരാമര്‍ശങ്ങളുമായി രണ്ടുകുട്ടികളുമായെത്തിയ യുവതി മുഖ്യമന്ത്രിയുടെ മുറിയിലേക്ക് കയറുകയായിരുന്നു. രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പളളി തോട്ടയ്ക്കാട് സ്വദേശിനിയാണ് യുവതി. തന്റെ ഇളയ കുട്ടിക്ക് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചുവെന്ന് പറഞ്ഞാണ് യുവതി അകത്തേക്ക് പ്രവേശിച്ചത്. മുഖ്യമന്ത്രിയും പിഎയും മാത്രമായിരുന്നു മുറിയില്‍ ഉണ്ടായിരുന്നത്. ഇവരെ അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. ഒടുവില്‍ മുഖ്യമന്ത്രി മുറിവിട്ട് പുറത്തിറങ്ങുകയായിരുന്നു.
സംഭവസമയത്ത് ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ ഇവരെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ കഴിഞ്ഞില്ല. ആലുവയില്‍ നിന്ന് വനിതാ പോലീസ് എത്തിയാണ് യുവതിയെ തിരിച്ചയച്ചത്. പരാതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാല്‍ യുവതിയെ പോലീസ് വെറുതെവിട്ടു.
ഏതാനും നാള് മുന്‍പ് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ ഒരാള്‍ കയറി ഇരുന്നതും വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല