ലണ്ടന്‍:കാലാവധി അവസാനിച്ചശേഷയും യുകെയില്‍ അനധികൃതമായി തങ്ങുന്ന ഒന്നേമുക്കാല്‍ ലക്ഷത്തോളം അന്യനാട്ടുകാരെ കണ്ടെത്താനുള്ള നീക്കം ബോര്‍ഡര്‍ ഏജന്‍സി ഊര്‍ജിതമാക്കി. സ്വകാര്യസ്ഥാപനമായ ക്യാപ്പിറ്റയുടെ സഹായത്തോടെയാണ് നീക്കം. എത്രയാളുകളെ കണ്ടെത്തുന്നുവോ അതിന് ആനുപാതികമായ തുക ഇതുസംബന്ധിച്ച് സര്‍ക്കാരുമായി കരാറിലെത്തിയ ക്യാപ്പിറ്റ എന്ന സ്വകാര്യ ഏജന്‍സിക്കു നല്കുമെന്നാണ് കരാര്‍. അനധികൃത കുടിയേറ്റക്കാരെ ഏതുവിധേയനേയും കണ്ടെത്തണമെന്ന വാശി ഇതോടെ ക്യാപ്പിറ്റയ്ക്കു വര്‍ധിക്കും. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ സെര്‍കോ എന്ന കമ്പനിയാണ് ഈ ജോലി ചെയ്തിരുന്നത്. യുകെയില്‍ എത്തിയതായി വിവരമുണ്ടെങ്കിലും അതിനുശേഷം മുങ്ങിയതായി കണക്കാക്കുന്ന ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ എവിടെയാണെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഒരെത്തുംപിടിയുമില്ല. വര്‍ഷങ്ങളായി ഇവര്‍ യുകെയില്‍ ഒളിച്ചുതാമസിക്കുകയാണ്. ഇതില്‍ വലിയൊരുവിഭാഗം മലയാളികളും ഉണ്ട്.
ഇതില്‍ 40 ശതമാനംപേര്‍ക്ക് ജന്മനാട്ടിലേക്ക് മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് കത്തയക്കാന്‍ ബോര്‍ഡര്‍ ഏജന്‍സിക്കു കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യത്തില്‍ വിവരമൊന്നുമില്ല. നാലുവര്‍ഷത്തേക്ക് ഫലപ്രദമായി പ്രവര്‍ത്തിച്ചാല്‍ ക്യാപ്പിറ്റയ്ക്ക് ഏകദേശം 40 മില്യന്‍ ഡോളര്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള നടപടി കാമറൂണ്‍ സര്‍ക്കാര്‍ ഊര്‍ജിമാക്കിയശേഷം നടത്തിയ കണക്കെടുപ്പിലാണ് ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ അനധികൃതമായി രാജ്യത്ത് താമസിക്കുകയാണെന്ന് കണ്ടെത്തിയത്. പ്രതിദിനം 100 എന്ന പേരിലുള്ള വര്‍ധനയാണ് അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഉണ്ടായത്.
അതേസമയം വിദ്യാര്‍ഥിവിസയില്‍ എത്തി യുകെയില്‍ ജോലിചെയ്യുന്ന അരലക്ഷത്തോളം പേരുടെ കാര്യത്തില്‍ എന്തുചെയ്യുമെന്ന് ബോര്‍ഡര്‍ ഏജന്‍സി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിദ്യാര്‍ത്ഥികള്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് അരലക്ഷത്തോളം അനധികൃത ജോലിക്കാര്‍ യു കെയിലുണ്ടായപ്പോള്‍ അവരെ കണ്ടെത്തുന്നതിലും ശിക്ഷിക്കുന്നതിലും അനാവശ്യമായ കാലതാമസം ഹോം ഓഫിസ് വരുത്തിയതായി നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല