മോഷ്ടാക്കള്‍ക്ക് അടിച്ചുമാറ്റാന്‍ ഇന്ന സാധനമെന്നൊന്നുമില്ല. നമ്മള്‍ തീരെ ആവശ്യമില്ലെന്നും മോഷ്ടിക്കപ്പെടില്ലെന്നുമൊക്കെ കരുതന്ന സാധനങ്ങളാവും ഏറ്റവും കൂടുതല്‍ മോഷണം പോകുക. ബ്രിട്ടണിലെ കാലങ്ങള്‍ പഴക്കമുള്ള തപാല്‍പ്പെട്ടികള്‍ മോഷണം പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. കരിങ്കല്‍ വീടുകളുടെ ഭിത്തിയിലും മറ്റും ഉറപ്പിച്ചിരിക്കുന്ന തപാല്‍പ്പെട്ടികള്‍ വളരെ കഷ്ടപ്പെട്ടാണ് മോഷ്ടാക്കള്‍ തുരന്നെടുക്കുന്നത്. തപാല്‍പ്പെട്ടികള്‍ മോഷ്ടിക്കാന്‍ പെടുന്ന പാടിനെയോര്‍ത്ത് മൂക്കത്ത് വിരല്‍വെച്ചവര്‍ക്കായിത് അത്രയൊന്നും പാടില്ലാത്ത മോഷണരീതിയെക്കുറിച്ചൊരു കഥ.
സംഗതി വളരെ നിസാരം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് ഒരുദിവസം മോഷണം പോകുന്ന ട്രോളികളുടെ എണ്ണം നോക്കിയാല്‍ അന്തം വിട്ടുപോകുമെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഏതാണ്ട് എണ്ണൂറ് ട്രോളികളാണ് ഒരു ദിവസം ബ്രിട്ടണിലാകെ മോഷണം പോകുന്നത്. 64,000 പൗണ്ടാണ് ഇതുമൂലം സൂപ്പര്‍മാര്‍ക്കറ്റുകാര്‍ക്ക് ഒരുദിവസം നഷ്ടം വരുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ട്രോളികളെപ്പോലും മോഷ്ടാക്കള്‍ വേറുതെ വിടുന്നില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
സ്റ്റെയില്‍ലെസ് സ്റ്റീല്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ട്രോളികള്‍ മെറ്റലിനുവേണ്ടിയാണ് മോഷ്ടിക്കുന്നത്. മോഷണം വ്യാപകമായതോടെ അതിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പോലീസ്. ബാസില്‍ഡണിലെ അസ്ഡയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ട്രോളികള്‍ മോഷണം പോകുന്നത്. ട്രോളികള്‍ മോഷണം പോകുന്നത് തടയാന്‍ സെക്യൂരിറ്റി സ്റ്റാഫിനോട് പറയുന്നുണ്ടെങ്കിലും അത് പലപ്പോഴും സാധിക്കുന്നില്ലെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.
ഒരു ട്രോളിക്ക് 80 പൗണ്ടാണ് വില വരുന്നത്. ഒരു ദിവസം എണ്ണൂറെണ്ണം മോഷണം പോകുന്നത് വഴി 64,000 പൗണ്ടാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നഷ്ടമാകുന്നത്. ഓരോ മാസവും വാങ്ങേണ്ടിവരുന്ന ട്രോളികളുടെ എണ്ണം വളരെ കൂടുതല്‍ ആണെന്നും അത് സ്ഥാപനത്തിനുണ്ടാക്കുന്ന നഷ്ടം അതിഭീമമാണെന്നും സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ വ്യക്തമാക്കുന്നു
എന്തായാലും ചില സമയത്ത് ഒരു പൌണ്ട് കോയിന്‍ മുടക്കുമ്പോഴും ചിലപ്പോള്‍ വെറുതെയും കിട്ടുന്ന ട്രോളികള്‍ മോഷ്ട്ടാക്കള്‍ക്ക് പ്രിയകരമാവുകയാണ്.മറിച്ചു വില്‍ക്കുമ്പോള്‍ കുറഞ്ഞത് അന്‍പതു പൌണ്ടെങ്കിലും വില ലഭിക്കും.പ്രതിദിനം മില്ല്യന്‍ കണക്കിന് ലാഭം കൊയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്മാര്‍ ഈ ചെറിയ നഷ്ട്ടം സഹിക്കട്ടെയെന്നാണ് മോഷ്ട്ടാക്കളുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല