സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ അഭിനയ ജീവിതത്തിലെ 300-ാമത്തെ ചിത്രവുമായി എത്തുന്നു. പാലക്കാട് ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത സത്യന്‍ അന്തിക്കാട് ചിത്രമോ അടുത്ത മാസം റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ബ്ലെസ്സിയുടെ ‘പ്രണയം’ എന്ന ചിത്രമോ ആയിരിക്കും താരത്തിന്റെ മുന്നൂറാമത്തെ ചിത്രമായി പുറത്ത് വരാന്‍ പോകുന്നത്.
മലയാള സിനിമാ ലോകത്ത് ഉയരങ്ങള്‍ കീഴടക്കിയ ലാല്‍ 1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ റോളിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഉറ്റ സുഹൃത്തുക്കളായ പ്രിയദര്‍ശനും സുരേഷ് കുമാറുമൊന്നിച്ച് അദ്ദേഹം ചെയ്ത കോമഡി ചിത്രങ്ങള്‍ ഇന്നും മലയാളിയെ ചിരിപ്പിക്കുന്നു. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള കാലഘട്ടമായിരുന്നു. അന്ന് പുറത്തു വന്ന താളവട്ടം, ചെപ്പ്, വെള്ളാനകളുടെ നാട്, ചിത്രം, കിലുക്കം, തുടങ്ങിയ ചിത്രങ്ങളാണ് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയത്.
2009ല്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ ചലച്ചിത്ര താരമായി അദ്ദേഹം. സുകുമാര്‍ അഴീക്കോടിനെതിരെ നടത്തിയ വിമര്‍ശനങ്ങളാല്‍ സിനിമക്ക് പുറത്ത് വാര്‍ത്തകള്‍ സൃഷ്ടിച്ച ലാല്‍, ആദായ നികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ സ്വവസതിയില്‍ നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ അടുത്തിടെയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അഭിനയ ജീവിതത്തിന്റെ മൂന്ന് ദശകങ്ങള്‍ പിന്നിടുമ്പോള്‍ മലയാള സിനിമാ രംഗത്ത് മമ്മൂട്ടിയോടൊപ്പം സൂപ്പര്‍ സ്റ്റാറായി വാഴുകയാണ് ലാലേട്ടന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല