ബ്രിട്ടീഷുകാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓരോ മാസവും കാര്യങ്ങള്‍ നേരെയാക്കാന്‍ കുടുംബങ്ങള്‍ വന്‍തുകകള്‍ കടം വാങ്ങേണ്ടിവരുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്പിനെ മുഴുവന്‍ പിടിച്ചുകുലുക്കിയ വന്‍ സാമ്പത്തിക പ്രതിസന്ധി കൈകാര്യം പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ബ്രിട്ടണ്‍ വന്‍തുകകളാണ് കടം നല്‍കുന്നത്. അതിനിടയിലാണ് ബ്രിട്ടീഷ് ജനതയുടെ പ്രതിസന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. യൂറോയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ബ്രിട്ടണ്‍ വന്‍തുക നല്‍കിയത് ഓരോ ബ്രിട്ടീഷ് കുടുംബത്തിനും 900 പൗണ്ടിന്റെ അധികബാധ്യത വരുത്തുന്നുവെന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. അതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇത് തീര്‍ച്ചയായും സര്‍ക്കാരിനെതിരെയുള്ള പൊതുവികാരം ഉയര്‍ത്താന്‍ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. യൂറോയെ സഹായിക്കാന്‍ വേണ്ടി ബ്രിട്ടീഷ് ജനതയെ കടത്തിലേക്ക് തള്ളിവിട്ട സര്‍ക്കാരിന്റെ നടപടിയുംകൂടി ആയതോടെ പല കുടുംബങ്ങളും പൂര്‍ണ്ണമായും കടത്തില്‍ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തേക്കാള്‍ കൂടുതല്‍ കടത്തിലേക്കാണ് ബ്രിട്ടണിലെ ഓരോ കുടുംബവും പോയിരിക്കുന്നത്. മുപ്പത്തിയാറ് ശതമാനം കുടുംബങ്ങളും കടംവാങ്ങിയാണ് കാര്യങ്ങള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓരോ മാസവും കടം വാങ്ങി കാര്യങ്ങള്‍ നടത്തുന്ന കുടുംബങ്ങളുടെ എണ്ണം വല്ലാതെ കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ബ്രിട്ടണിലെ ജനത വാങ്ങിയ കടം ഏതാണ്ട് 50൦ ബില്യണ്‍ പൗണ്ടിന്റേതാണ്. അതായത് ഓരോ കുടുംബവും ശരാശരി 20,000 പൗണ്ട് വാങ്ങിയിട്ടുണ്ട്. ഇത് ഈ വര്‍ഷംമുതല്‍ കൂടാനാണ് സാധ്യതയെന്നും കണക്കുകള്‍ വ്യക്താമാക്കുന്നു. ബ്രിട്ടീഷ് പൗരന്മാരുടെ ശമ്പളത്തെക്കാളും കൂടിയ നിരക്കിലാണ് പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത്. അത് സൃഷ്ടിക്കുന്നത് വന്‍ അസമത്വമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല