പ്രവാചകൻ മുഹമ്മദ് നബിയുടെ കുട്ടിക്കാലം പ്രമേയമാക്കുന്ന സിനിമയുമായി എത്തുകയാണ് പ്രശസ്ത ഇറാനിയൻ സംവിധായകൻ മാജിദ് മജീദി. മെസഞ്ചർ ഓഫ് ഗോഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രം ഞായറാഴ്ച ഇറാനിലെ ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു.
ഇറാന്റെ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് മെസഞ്ചർ ഓഫ് ഗോഡ്. പ്രവാചകന്റെ ജനനം മുതൽ 12 വയസുവരെയുള്ള ജീവിതമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.
പ്രവാചകന്റെ ജീവിതത്തെ ആധാരമാക്കി എടുക്കുന്ന മൂന്നു ചിത്രങ്ങളിൽ ആദ്യത്തേതാണ് മെസഞ്ചർ ഓഫ് ഗോഡെന്ന് സംവിധായകൻ പറഞ്ഞു.മുഹമ്മദ് നബിയുടെ ജീവിതം പ്രമേയമായി ഇതിനു മുമ്പ് പുറത്തു വന്നിട്ടുള്ളത് മുസ്തഫ അക്കാടിന്റെ ദി മെസ്സേജ് എന്ന ചിത്രമാണ്.
എന്നാൽ ചിത്രം ഇസ്ലാം മതതോട് നീതി പുലർത്തിയില്ലെന്ന് മജീദ് മജീദി കുറ്റപ്പെടുത്തി. പ്രവചകന്റെ ജീവിതത്തിലെ ജിഹാദും യുദ്ധവും മാത്രമാണ് ദി മെസ്സേജ് ചിത്രീകരിച്ചത്. ഇസ്ലാമെന്നാൽ വാളാണെന്ന സന്ദേശമാണ് അത് ലോകത്തിനു നൽകുന്നതെന്നും മജീദി പറഞ്ഞു.
പ്രവാചകന്റെ മുഖം സ്ക്രീനിൽ കാണിച്ചതിന്റെ പേരിൽ ദി മെസ്സേജ് വിമർശിക്കപ്പെട്ടിരുന്നു. മെസഞ്ചർ ഓഫ് ഗോഡിൽ മുഹമ്മദ് നബിയുടെ മുഖം കാണിക്കുന്നില്ല. പ്രവാചകനോടുള്ള ബഹുമാന സൂചകമായി മത്സര വിഭാഗത്തിനു പുറത്താണ് ചലച്ചിത്രോത്സവത്തിൽ ചിത്രം പ്രദർശിപ്പിച്ചത്.
മൂന്നു തവണ ഓസ്കർ നേടിയിട്ടുള്ള ഇറ്റലിക്കാരൻ വിറ്റോറിയോ സ്റ്റൊറാറോയാണ് മെസഞ്ചർ ഓഫ് ഗോഡിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്.
ഷിയ വിശ്വാസികൾക്ക് മുൻതൂക്കമുള്ള ഇറാൻ പ്രവാചകന്റെ ജീവിതം സിനിമയാക്കുന്നത് സുന്നി ലോകത്ത് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല