ലണ്ടന്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ച് ബി.ബി.സി ഡോക്യുമെന്ററി തയ്യാറാക്കുന്നു. ഇസ്‌ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും മക്കയിലെയും മദീനയിലെയും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുമാണ് മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പറയുന്നത്.
യു.കെയിലെ പലര്‍ക്കും മുഹമ്മദ് എന്നാല്‍ ഒരു പേര് മാത്രമാണെന്ന് ബി.ബി.സിയുടെ റിലീജ്യണ്‍ ഏന്റ് എത്തിക്‌സ് എഡിറ്റര്‍ ആഖില്‍ അഹമ്മദ് വ്യക്തമാക്കി. പ്രവാചകന്‍ ആരായിരുന്നുവെന്ന് ജനങ്ങള്‍ക്ക് വ്യക്തമാകാന്‍ ഡോക്യുമെന്ററി സഹായിക്കുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ജീവിതം, സന്ദേശം, പ്രതിഭാസം എന്നിവയെക്കുറിച്ചെല്ലാം ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും- അദ്ദേഹം പറയുന്നു.
അടുത്ത ജൂലൈയോടെയാണ് മൂന്ന് ഭാഗങ്ങളുള്ള സീരീസ് പുറത്ത് വിടുകയെന്നാണ് റിപ്പോര്‍ട്ട്. മദീനയിലേക്കുള്ള പലായനം (ഹിജ്‌റ), ആദ്യത്തെ ഇസ്‌ലാമികരാഷ്ട്ര രൂപീകരണം, ഇസ്‌ലാം പ്രചരിപ്പിച്ചതിന് പ്രവാചകന്‍ നേരിട്ട വെല്ലുവിളികള്‍ തുടങ്ങി മരണം വരെയുള്ള ജീവിത മുഹൂര്‍ത്തങ്ങള്‍ പ്രദര്‍ശിപ്പിക്കും. മുസ്‌ലിം ലോകത്തിലെ ഏഴ് അദ്ഭുതങ്ങള്‍ എന്ന പരമ്പര ചിത്രീകരിച്ച ഫാരിസ് കിര്‍മാനിയാണ് ഇതിന്റെയും അണിയറ ശില്‍പ്പി.
സൗദി അറേബ്യ, ഫലസ്തീന്‍, സിറിയ, ജോര്‍ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലായിരിക്കും ചിത്രീകരണം. ധനം, ദാനം, സ്ത്രീ, സാമൂഹികസമത്വം, മതസഹിഷ്ണുത, യുദ്ധവും കാരണവും തുടങ്ങിയ വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ സ്ഥാനം മറ്റുള്ളവര്‍ക്കു മനസ്സിലാക്കിക്കൊടുക്കും.
എന്നാല്‍ ഡോക്യുമെന്ററിക്കെതിരെ ആരോപണവുമായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. പാശ്ചാത്യ ലോകത്തിന്റെ നീക്കം സംശയാസ്പദമാണെന്നും ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും ഇറാന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല