1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2011

ഡൊമിനിക്ക: ഹര്‍ഭജന്‍ സിങ് ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന നോട്ടം കൈവരിച്ച മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യക്കെതിരെ വിന്‍ഡീസ് 204 റണ്‍സിന് പുറത്തായി. രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റോടെ കളിയിലെ കേമനായ യുവ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയുടെ മികച്ച പ്രകടനമാണ് ആതിഥേയരെ താരതമ്യേന ചെറിയ സ്‌കോറിന് പുറത്താക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഇഷാന്ത് 5 വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരേ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടുത്താതെ എട്ട് റണ്‍സ് നേടിയിട്ടുണ്ട്. ആറ് റണ്‍സോടെ അഭിനവ് മുകുന്ദും ഒരു റണ്‍ നേടിയ മുരളി വിജയുമാണ് ക്രീസില്‍.

മൂന്നിന് 75 എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച വിന്‍ഡീസ് 204 റണ്‍സിന് എല്ലാവരും പുറത്തായി. തലേന്നത്തെ സ്‌കോറിനോട് ഒന്‍പത് റണ്‍സ് ചേര്‍ത്തപ്പോള്‍ നാലാം വിക്കറ്റ് നഷ്ടമായി. വിന്‍ഡീസിനു വേണ്ടി ഏറ്റവുമധികം ടെസ്റ്റ് മത്സരം കളിച്ച താരമെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ ചന്ദര്‍പോളാണ് പുറത്തായത്. 23 റണ്‍സ് നേടിയ ചന്ദര്‍പോളിനെ മുനാഫ് പട്ടേലാണ് പുറത്താക്കിയത്. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായ വിന്‍ഡീസിനെ രക്ഷിച്ചത് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡാരന്‍ ബ്രാവോ കാള്‍ട്ടണ്‍ ബോ സംഖ്യമാണ്. 60 റണ്‍സെടുത്ത ബോയെ ഹര്‍ഭജനും 50 റണ്‍സെടുത്ത ബ്രാവോയെ ശര്‍മ്മയും കീഴടക്കി. തുടര്‍ന്ന് വന്ന വാലറ്റം കാര്യമായ ചെറുത്ത് നില്‍പിന് മുതിരാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയതോടെ വിന്‍ഡീസ് ഇന്നിംഗ്‌സിന് തിരശ്ശീലയായി.

അഞ്ച് വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ്മക്ക് പുറമേ ഹര്‍ഭജനും പ്രവീണ്‍കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് മുനാഫ് പട്ടേല്‍ നേടി.

അര്‍ദ്ധ സെഞ്ച്വറി തികച്ച കാള്‍ട്ടണ്‍ ബോയെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് ഹര്‍ഭജന്‍ സിംഗ് ടെസ്റ്റില്‍ 400 വിക്കറ്റ് തികച്ചത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ലോകത്തെ പതിനൊന്നാമത്തെ കളിക്കാരനുമാണ് ഹര്‍ഭജന്‍. അനില്‍ കുംബ്ലെ (619), കപില്‍ദേവ് (434) എന്നിവരാണ് ഇന്ത്യയില്‍ നിന്നും നേരത്തെ ഈ പട്ടികയില്‍ ഇടം നേടിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.