കഴിഞ്ഞ ദിവസം ബ്രിട്ടണിലെ ഏറ്റവും പ്രായംകുറഞ്ഞ കുറ്റവാളിയെ പോലീസ് പിടികൂടി. വീടിനടുത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന മൂന്നുവയസുകാരനെയാണ് പോലീസ് പിടികൂടിയത്. കുറ്റകൃത്യങ്ങള്‍ നടത്താനുള്ള ഏറ്റവും കുറഞ്ഞ പ്രായമായ പത്ത് വയസുപോലുമില്ലാത്ത കുട്ടിക്കുറ്റവാളിയെ എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയാണ് പോലീസ്. ബ്രിട്ടണില്‍ കുറ്റകൃത്യങ്ങളില്‍ പിടികൂടി ശിക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം പത്ത് വയസാണ്. അതുകൊണ്ടുതന്നെ കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയ കുട്ടിയെ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം വിവിധ കുറ്റങ്ങള്‍ക്ക് 3,000 ഓളം കുട്ടികളെ ശിക്ഷിച്ചെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നത്. ഭവനഭേദനം, ബലാല്‍സംഗം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കുട്ടികളെ ശിക്ഷിച്ചിരിക്കുന്നത്. ബ്രിട്ടണില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കൗമാരപ്രായക്കാരുടെ എണ്ണം വല്ലാതെ കൂടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മൂന്നുവയസുകാരനെ പിടികൂടിയത്.
കുറ്റകൃത്യങ്ങളുടെ എണ്ണം വല്ലാതെ കൂടുകയും, അതിന് പിന്നില്‍ കൗമാരപ്രായക്കാര്‍ ആണെന്ന് തെളിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകാനുള്ള പ്രായം കുറയ്ക്കണമെന്ന ആവശ്യം ബ്രിട്ടണിലെങ്ങും ഉയരുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നാല്, അഞ്ച്, ആറ് വയസ്സ് പ്രായമുള്ള കുട്ടികളെ വാഹനങ്ങള്‍ നശിപ്പിച്ച കുറ്റങ്ങളില്‍ പിടികൂടിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒരു സ്നൂക്കര്‍ ക്ലബ്ബില്‍ കളവ് നടത്തിയതിന് ഒരു പത്തുവയസ്സുകാരനെ പിടികൂടിയ സംഭവവും പോലീസ് വെളിപ്പെടുത്തുന്നു.
ഇപ്പോള്‍ മൂന്നുവയസുകാരനെ പിടികൂടിയ റോത്തര്‍ഡാം മേഖല കുട്ടിക്കുറ്റവാളികളുടെ പ്രധാന സ്ഥലമായി മാറുന്നുവെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പോലീസ് വെളിപ്പെടുത്തുന്നുണ്ട്. പത്ത് വയസുകാരനെ വംശീയാക്രമണത്തിന്റെ പേരില്‍ പിടികൂടിയതും ലൈംഗീകാക്രമണങ്ങളുടെ പേരില്‍ കൗമാരക്കാരെ പിടികൂടിയതുമെല്ലാം കുട്ടിക്കുറ്റവാളികളുടെ വര്‍ദ്ധനവിന്റെ ഭീതിപ്പെടുത്തുന്ന കണക്കാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല