ചൈന സ്വദേശിയായ ചെന്‍ യ്വാന് മൂന്നുവയസുള്ള സ്വന്തം മകനെ ഒന്ന് എടുക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. മകനെ എടുത്ത് ഒരടി നടക്കുമ്പോഴേക്കും ചെന്‍ ചിലപ്പോള്‍ തളര്‍ന്നുവീഴും. കാരണം മകന്റെ ഭാരം 9 സ്‌റ്റോണും 6 എല്‍.ബിയുമാണ്.
ഈ പ്രായത്തിലുള്ള സാധാരണകുട്ടികളേക്കാള്‍ അഞ്ച് മടങ്ങ് ഭാരം കൂടുതലാണ് ലു ഹൗ എന്ന ഈ കുട്ടിക്ക്. ഗ്വാന്‍ഡോങ് പ്രവിശ്യയിലെ ദാഷനിലാണ് ഈ കുട്ടി ജനിച്ചത്. ജനിക്കുമ്പോള്‍ വെറും 5.7എല്‍.ബി.തൂക്കം മാത്രമേ ഇവനുണ്ടായിരുന്നുള്ളൂ. എന്നാല്‍ മൂന്ന് മാസം പ്രായമായതുമുതല്‍ ഇവന് തൂക്കം വര്‍ധിക്കാന്‍ തുടങ്ങുകയായിരുന്നു.
ഇവന്റെ വിശപ്പ് കൊണ്ട് ഞങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നാണ് ലു ഹൗവിന്റെ അച്ഛന്‍ ലു യുന്‍ചെങ് പറയുന്നത്. ഒരു വലിയ പാത്രം നിറയെ ചോറ് ഇവന്‍ ഒറ്റയിരിപ്പിന് തീര്‍ക്കുമെന്നും താനും തന്റെ ഭാര്യയും കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം ഇവന്‍ കഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെങ്കില്‍ ഇവന്‍ നിര്‍ത്താതെ കരയുമെന്ന് അമ്മ ചെന്‍ യ്വാന്‍ പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഈ കുട്ടിക്ക് ഒന്നര സ്‌റ്റോണ്‍ ഭാരം കൂടി. അമിത ഭാരമാത്രമല്ല. അമിത ഉയരവുമുണ്ട് ലു ഹൗവിന്. കുട്ടിയുടെ അമിതഭാരത്തിന് കാരണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണെന്നാണ് ഗ്വാന്‍ഡോങ്ങിലെ കുട്ടികളുടെ ആശുപത്രിയിലെ സ്‌പെഷലിസ്റ്റുകള്‍ പറയുന്നത്. കാരണമെന്തായാലും ഈ കുട്ടിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലെവല്‍, ഹൃദ്രോരഗങ്ങള്‍, ചിലതരം ക്യാന്‍സര്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല