സ്വന്തം ലേഖകന്‍: മെഡിക്കല്‍ പ്രവേശനത്തിന് രാജ്യ വ്യാപകമായി പൊതു പ്രവേശന പരീക്ഷ നടത്താനുള്ള ശുപാര്‍ശക്ക് അംഗീകാരം. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ നിയമം ഭേദഗതി ചെയ്ത് മെഡിക്കല്‍ പ്രവേശനത്തിന് പൊതുപരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ)യുടെ ശുപാര്‍ശ അംഗീകരിച്ച ആരോഗ്യ മന്ത്രാലയം മറ്റ് മന്ത്രാലയങ്ങള്‍ക്ക് കരടുരേഖ കൈമാറി.
സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും കല്‍പ്പിത സര്‍വകലാശാലകളിലും ഉള്‍പ്പെടെ അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പൊതുപരീക്ഷ നടത്തണമെന്നാണ് ശുപാര്‍ശ. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഈവര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനത്തിന് പൊതുപരീക്ഷ നടത്തും.
അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയെ പൊതുപരീക്ഷയാക്കി മാറ്റണോ, പുതിയ പൊതുപരീക്ഷ പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമോ എന്ന വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണെന്നാണ് എംസിഐ നിലപാട്.
അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ വിവിധ സംസ്ഥാനങ്ങളുടെയും സ്വകാര്യമെഡിക്കല്‍ സ്ഥാപനങ്ങളുടെയും പ്രവേശനപരീക്ഷകള്‍ എഴുതുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. നിരവധി പ്രവേശനപരീക്ഷകളുണ്ടാക്കുന്ന സമ്മര്‍ദത്തിന് പുറമെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന പ്രവേശനപരീക്ഷകള്‍ ചടങ്ങായി മാറുന്നുവെന്ന ആരോപണവുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല