മൊണാലിസയെന്ന വിഖ്യാത ചിത്രത്തിന്റെ പണിപ്പുരയില്‍ ലിയനാഡോ ഡാവിഞ്ചിക്കു മോഡലായ സുന്ദരിയെക്കുറിച്ച് പുതിയ കണ്ടെത്തലുമായി ഇറ്റാലിയന്‍ ഗവേഷകന് രംഗത്തെത്തി. ചിത്രത്തിലെ വലതുകണ്ണിന്റെ കൃഷ്ണമണിയില്‍ തനിക്കു പ്രചോദനമേകിയ സ്ത്രീയുടെ പേരിന്റെ ആദ്യക്ഷരങ്ങള്‍ ഡാവിഞ്ചി കോറിയിട്ടതായാണ് സില്‍വാനോ വിന്‍സെറ്റി കണ്ടെത്തിയത്.
മൊണാലിസയുടെ നിഗൂഢമായ പുഞ്ചിരി അവഗണിച്ച് കണ്ണിന്റെ സൗന്ദര്യം തേടി നടത്തിയ അന്വേഷണങ്ങളാണ് സില്വാനോയെ ഇത്തരമൊരു നിഗമനത്തിലെത്താന്‍ സഹായിച്ചത്. മൊണാലിസയുടെ നീലക്കണ്ണില്‍ കറുത്ത ചായത്തിലെഴുതിയ ബി. എന്നോ എസ്. എന്നോ കൃത്യമായി തിരിച്ചറിയാനാവാത്ത അക്ഷരത്തിലൂടെ ഡാവിഞ്ചി പറയുന്നത് തന്റെ മോഡലിന്റെ പേരു തന്നെയാണെന്നാണ് സില്‍വാനോയുടെ വാദം.
1490-ല്‍ ഡാവിഞ്ചി മിലാനിലായിരുന്നപ്പോള് വരച്ച ചിത്രത്തിന്റെ മോഡലായി അദ്ദേഹം കണ്ടെത്തിയത് അവിടത്തെ പ്രഭുവിന്റെ അന്തപ്പുരത്തിലെ സ്ത്രീകളിലൊരാളെയാണെന്നും അടുത്ത മാസം ഇവരുടെ പേര് താന്‍ പ്രഖ്യാപിക്കുമെന്നും സില്‍വാനോ പറയുന്നു.
മൊണാലിസയ്ക്കു പിന്നിലെ സ്ത്രീ ആരെന്നത് സംബന്ധിച്ച് ഇതിനകം ഒട്ടേറെ നിഗമനങ്ങളും സിദ്ധാന്തങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫേ്ളാറന്സിലെ ഒരു വ്യാപാരിയുടെ ഭാര്യയാണ് ഈ മോഡലെന്ന നിഗമനത്തിനാണ് ഇതില്‍ ഏറെ പ്രചാരമുള്ളത്.
ദ ഡാവിഞ്ചി കോഡ് എന്ന പ്രശസ്തകൃതിയിലൂടെ ഡാവിഞ്ചി ചിത്രങ്ങളുടെ ചുരുളഴിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ നോവലിസ്റ്റ് ഡാന്‍ ബ്രൗണ്‍, മൊണാലിസയെപ്പറ്റി പറയുന്നത് മറ്റൊരു കഥയാണ്. ഈജിപ്തിലെ ദേവതമാരാണ് മൊണാലിസയെന്ന വിഖ്യാത ചിത്രം വരയ്ക്കാന്‍ ഡാവിഞ്ചിക്ക് പ്രചോദനം പകര്‍ന്നതെന്നാണ് ബ്രൗണ്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല