മൊഹാലി: ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന് 261 റണ്‍സ് വിജയലക്ഷ്യം. സച്ചിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ പരുങ്ങിയെങ്കിലും എല്ലാവരും നല്‍കിയ സംഭാവനയില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തുകയായിരുന്നു. നിരവധി തവണ സച്ചിനെ പുറത്താക്കാനുള്ള അവസരം പാകിസ്ഥാന്‍ നഷ്ടപ്പെടുത്തി. ഒരു തവണ അംബെയര്‍ സച്ചിനെ എല്‍.ബി.ഡബ്ല്യു ഔട്ട് വിധിച്ചെങ്കിലും തേര്‍ഡ് എംബയര്‍ അത് നോട്ട്്ഔട്ട് വിധിക്കുകയായിരുന്നു. സായിദ് അജ്മലിന്റെ പന്തില്‍ അഫ്രീദി പിടിച്ചാണ് സച്ചിന്‍ പുറത്തായത്.
ഓപ്പണര്‍മാരായ സച്ചിനും സേവാഗും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറിലെ മൂന്നാം പന്ത് അതിര്‍ത്തി കടത്തി തുടങ്ങിയ സേവാഗ് പാക്ക് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. ഉമര്‍ ഗുല്ലിന്റെ മൂന്നാമത്തെ ഓവറില്‍ അഞ്ച് ഫോര്‍ അടിച്ച സേവാഗ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും സ്‌കോര്‍ 48-ല്‍ നില്‍ക്കുമ്പോള്‍ വിക്കറ്റ് നഷ്ടമായി. പിന്നീട് വന്ന ആര്‍ക്കും സച്ചിന് പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല.
സേവാഗ് പുറത്തായതിന് പിന്നാലെ എത്തിയ ഗംഭീറിന് (27) കാര്യമായ പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നെത്തിയ കോഹ്‌ലിയും (9) യുവരാജും (0) അടുത്തടുത്ത പന്തുകളില്‍ പുറത്തായതോടെ ഇന്ത്യയുടെ സ്ഥിതി പരിങ്ങളിലായി. പിന്നീട് സച്ചിനും ധോണിയും (25) ചേര്‍ന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ എത്താന്‍ സഹായിച്ചത്.
വാലറ്റത്തില്‍ 39 പന്തില്‍ നിന്ന് പുറത്താകാതെ 36 റണ്‍സ് സുരേഷ് റെയ്‌നയുടെ പ്രകടനം ശ്രദ്ധേയമായി. 85 റണ്‍സ് നേടിയ സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.
സ്‌കോര്‍ബോര്‍ഡ്: ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ്. സേവാഗ് (25 പന്തില്‍ നിന്ന് 38) ഗംഭീര്‍ (32 പന്തില്‍ നിന്ന് 27) വിരാട് കൊഹ്‌ലി (21 പന്തില്‍ നിന്ന് 9) യുവരാജ് (1 പന്തില്‍ നിന്ന് 0), ധോണി (42 പന്തില്‍ നിന്ന് 25) ഹര്‍ഭജന്‍ സിംഗ് (15 പന്തില്‍ നിന്ന് 12) സഹീര്‍ ഖാന്‍ (10 പന്തില്‍ നിന്ന് 9) ആശിഷ് നെഹ്‌റ (2 പന്തില്‍ നിന്ന് 1) മുനാഫ് പട്ടേല്‍ (0 പന്തില്‍ നിന്ന് 0). പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് അഞ്ചും സായിദ് അജ്മല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
ലോകകപ്പിലെ സ്വപ്ന സെമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-പാക് പോരാട്ടം മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങി വന്‍ വിഐപി നിര തന്നെയാണ് ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യവഹിക്കാന്‍ സ്റ്റേഡിയത്തില്‍ എത്തിയിട്ടുള്ളത്.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെത്തിയ പാക്ക് പ്രധാമന്ത്രി യൂസഫ് റാസ ഗീലാനിയും ഗാലറിയില്‍ ക്രിക്കറ്റിന്റെ ആവേശം പങ്കിടാനെത്തിയിട്ടുണ്ട്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെ ഒട്ടേറെ ഉന്നതരും കളി കാണാനെത്തിയിട്ടുണ്ട്. അഭൂതപൂര്‍വമായ സുരക്ഷാ സംവിധാനങ്ങളാണ് മല്‍സരത്തിനു വേണ്ടി ഒരുക്കിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല