ന്യൂദല്‍ഹി: മോഹാലിയിലെ മന്‍മോഹന്‍-ഗിലാനി കൂടിക്കാഴ്ചയുടെ ആവേശം ആറും മുമ്പേ ഇന്ത്യാ-പാക് നയതന്ത്രപോര് തുടങ്ങുന്നു. ദല്‍ഹിയിലെ പാക് ഹൈക്കീഷനിലെ ഡ്രൈവറെ ഇന്ത്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്‌തെന്ന ആരോപണവുമായി പാകിസ്ഥാനാണ് ആദ്യം രംഗത്തുവന്നത്. ഇസ്‌ലാമാബാദിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാണാതായി എന്ന പരാതിയുമായി പിന്നാലെ ഇന്ത്യയും രംഗത്തെത്തി. ഇന്ത്യ-പാക് ലോകകപ്പ് സെമി മൊഹാലിയില്‍ നടന്ന ദിവസം ചണ്ഡീഗഢിലെ വച്ചാണ് പാക് ഡ്രൈവര്‍ അറസ്റ്റിലായത്. ദല്‍ഹി എംബസിയിലെ ഡ്രൈവറെ കാരണമൊന്നും പറയാതെ ഇന്ത്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്‌തെന്നാണു പാക് വിദേശകാര്യ വക്താവ് തെഹ്മിന ജാന്‍ജ്വ ആരോപിക്കുന്നത്.
ഇദ്ദേഹത്തെ അടുത്തദിവസം തന്നെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍, സംഭവത്തില്‍ പാകിസ്ഥാന്റെ പ്രതിഷേധം കുറഞ്ഞിട്ടില്ല. പാക് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പതിനഞ്ചു മിനിറ്റ് നേരത്തേക്കു മാത്രം കസ്റ്റഡിയിലെടുക്കുകയാണുണ്ടായതെന്നും ഇന്ത്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ ഡല്‍ഹിയില്‍ വിശദീകരിച്ചു. ചണ്ഡീഗഢിലെ സൈനിക മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. എന്നാല്‍ ആരാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇയാളെ ദല്‍ഹിയിലെ പാക് എംബസിക്കു കൈമാറുകയും ചെയ്തതായി ഇന്ത്യന്‍ വക്താവ് അറിയിച്ചു.
ഇതിനിടയിലാണ് ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥനെ കാണാനില്ലെന്ന പരാതിയുമായി ഇന്ത്യ രംഗത്തെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പാക്‌വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബാഷിറുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇയാളെ വെള്ളിയാഴ്ച പാക് അധികൃതര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനു കൈമാറിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല