പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരു തുന്നിയ വിവാദ കോട്ട് ലേലത്തിന് വക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന സമയത്താണ് മോഡി തന്റെ പേരു തുന്നിയ കോട്ടണിഞ്ഞ് പ്രത്യക്ഷപ്പെട്ടത്.
ഗുജറാത്തിലെ സൂറത്തിലാണ് കോട്ട് ലേലം വിളിക്കുക. ഒപ്പം പ്രധാനമന്ത്രിയെന്ന നിലയില്‍ മോഡിക്ക് ലഭിച്ച വിലപിടിച്ച ഉപഹാരങ്ങളും ലേലത്തിനുണ്ട്.
മോഡിക്ക് ലഭിച്ച ഉപഹാരങ്ങള്‍ക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് ലഭിച്ച ഉപഹാരങ്ങളും ലേലത്തില്‍ വില്‍ക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ലേലത്തില്‍ ആകെ 455 വസ്തുക്കള്‍ ഉണ്ടാകും. സ്വര്‍ണം, വെള്ളി, പിച്ചള, വെങ്കലം എന്നിവയില്‍ തീര്‍ത്ത വസ്തുക്കളാണ് അധികവും.
ലേലത്തില്‍ നിന്ന് ലഭിക്കുന്ന പണം ഗംഗാ നദിയുടെ ശുചീകരണ പദ്ധതിക്കായി ചെലവഴിക്കുമെന്ന് ലേലത്തിന് മേല്‍നോട്ടം വഹിക്കുന്ന രാജ്‌കോട്ട് ജില്ലാ മജിസ്‌റ്റ്രേറ്റ് രാജേന്ദ്ര കുമാര്‍ അറിയിച്ചു. ആനന്ദിബെന്‍ പട്ടേലിന്റെ വസ്തുക്കള്‍ ലേലം വിളിച്ചു കിട്ടുന്ന തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല