പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രം പ്രണയം ഇന്ന് തിയ്യേറ്ററുകളിലെത്തും. ഇന്ത്യയിലെമ്പാടുമുള്ള 150 തിയേറ്ററുകളിലാണ് ഇന്ന് പ്രദര്‍ശനം നടക്കുന്നത്.
മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രണയം ബ്ലെസിയുടെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയപ്രദ ഗ്രീസ് എന്ന കഥാപാത്രമായി കാമുകി, ഭാര്യ, സുഹൃത്ത് എന്നീ മൂന്നുഭാവങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. അമ്പതുകാരനായ അച്യുതന്‍മേനോന്‍ എന്ന ഫുട്‌ബോള്‍ കളിക്കാരനെ അനുപംഖേര്‍ അവതരിപ്പിക്കുന്നു. വെറുതെ ഒരു ഭാര്യയില്‍ ജയറാമിന്റെ മകളെ അവതരിപ്പിച്ച നിവേദിതയാണ് ജയപ്രദയുടെ കൗമാരക്കാലം അവതരിപ്പിക്കുന്നത്. അച്യുതമേനോന്റെ ചെറുപ്പം അഭിനയിക്കുന്നത് ആര്യനാണ്.
പ്രണയമാണ് ഈ സിനിമയുടെ വിഷയം. എന്നാല്‍ ഇത് മരംചുറ്റി പ്രണയത്തിന്റെ കഥയൊന്നുമല്ല. നഷ്ടപ്രണയത്തിന്റെ, പോയകാലത്തിലെ പ്രണയത്തിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരമാണിത്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത് മാക്‌സ് ലാബാണ്. മറ്റ് സംസ്ഥാനങ്ങളില്‍ മോഹിത് പ്രൊഡക്ഷന്‍സും സ്റ്റുഡിയോ 99 ഫിലിംസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.
മോഹന്‍ലാലിന്റെ ‘തമ്പുരാന്‍’ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന പകിട്ടോടെയായിരിക്കും പ്രണയത്തിന്റെയും റിലീസ്. ഒരു ക്ലാസ് ചിത്രം ഇത്രയധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നതും ഇതാദ്യമായിരിക്കും.
ഒ.എന്‍.വിയുടെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം നല്‍കിയ പ്രണയത്തിലെ ഗാനങ്ങള്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. നവാഗതനായ സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഏറണാകളും, രാമേശ്വരം, ധനുഷ്‌ക്കോടി, ഹരിയാന എന്നിവിടങ്ങളിലായാണ് പ്രണയം ചിത്രീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല