ഭിക്ഷ യാചിച്ചെത്തിയ വൃദ്ധന്റെ ഭാണ്ഡത്തില്‍ ഒന്നേകാല്‍ ലക്ഷം രൂപ. കോഴിക്കോട് ചേളാരിക്കടുത്തുള്ള പാണമ്പ്ര ജുമാ മസ്ജിദ് പള്ളിയില്‍ യാചനക്കെത്തിയ തമിഴ്‌നാട് സ്വദേശി വൃദ്ധന്റെ ഭാണ്ഡക്കെട്ടിലാണ് ഇത്രയധികം പണം കണ്ടെത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മന്തുരോഗമുള്ള ഇയാളുടെ ഭാണ്ഡത്തില്‍ നിന്ന് 1,20,400 കണ്ടെടുത്തത്.
രാവിലെ പള്ളിയിലെ വരാന്തയില്‍ ഇരിക്കവെ ദര്‍സ് വിദ്യാര്‍ഥികളും മദ്രസയിലെ അധ്യാപകരും ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുകയും ഭാണ്ഡം പരിശോധിക്കുകയുമായിരുന്നു. അറബി, മലയാളം, തമിഴ് ഭാഷകള്‍ നല്ലവശമുണ്ട്. ഏകദേശം 80 വയസ്സ്തോന്നിക്കുന്ന ഇയാള്‍ ഊന്നു വടിയുടെ സഹായത്താലാണ് നടക്കുന്നത്.
ഭാണ്ഡത്തില്‍ നിന്ന് കണ്ടെടുത്ത പണം ഇയാള്‍ എവിടെനിന്നെങ്കിലും മോഷ്ടിച്ചതായിരിക്കാം എന്ന് കരുതി നാട്ടുകാര്‍ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പോലീസെത്തി ചോദ്യം ചെയ്തപ്പോള്‍ കളവ് നടത്തിയതോ തട്ടിപ്പറിച്ചതോ അല്ലെന്നും ഭിക്ഷ യാചിച്ച് നേടിയതാണെന്നും ഇയാള്‍ പോലിസിനോടു പറഞ്ഞു.
ഭാണ്ഡത്തില്‍ നിന്ന് കണ്ടെടുത്ത നോട്ടുകെട്ടില്‍ ആയിരം രൂപയുടെ നോട്ടുകളും ഊണ്ടായിരുന്നു. തമിഴ് മാസികകള്‍, പത്രങ്ങള്‍, പത്തോളം വാച്ച്, വെള്ളി മോതിരങ്ങള്‍, മതപ്രഭാഷണ സിഡികള്‍ എന്നിവയും ഭാണ്ഡത്തില്‍ നിന്നു കിട്ടിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
തന്റെ സ്വദേശം ചെന്നൈയ്ക്കടുത്തുള്ള ഗൂണ്ടുമല്ലിയിലാണെന്നും പേര് അബ്ദുല്‍ ഗനിയാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാളെ പൊലീസ് തേഞ്ഞിപ്പലം സ്റ്റേഷനിലെത്തിച്ച ശേഷം ഓട്ടോറിക്ഷയില്‍ കയറ്റി ഫറോക്കില്‍ നിന്നും ചെന്നൈ മെയിലില്‍ കയറ്റി ചെന്നൈയിലേക്ക് അയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല