രാജു വേലംകാല: ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും 2016 മെയ് മാസം 6, 7 (വെള്ളി, ശനി) ദിവസങ്ങളില്‍ ബിര്‍മിങ്ങ്ഹാം സ്റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു.
”മശിഹായുടെ സ്‌നേഹിതനും വിശ്വസ്തനുമായ മോര്‍ ഗീവര്‍ഗീസ് സഹദായേ നിനക്ക് സമാധാനം സങ്കടപ്പെട്ടിരിക്കുന്നവര്‍ക്ക് സഹായങ്ങളെ ചൊരിഞ്ഞു കൊടുക്കുന്ന ദൈവത്തിന്റെ ശ്രീ ഭണ്ഡാരം അവിടുന്ന് തന്നെയാകുന്നുവല്ലോ” എന്ന് മദ്ധ്യസ്ഥപ്പെടുന്നവര്‍ക്ക് അനുഗ്രഹത്തിന്റെ ശ്രീ ഭണ്ഡാരം തുറന്നു കിട്ടുന്ന അനുഭവങ്ങള്‍ പലരും പങ്കുവെക്കുന്ന ഈ ദേവാലയത്തിലെ വലിയ പെരുനാള്‍ അതിവിപുലമായി തന്നെ നടത്തുവാനാണ് ബഹുമാനപ്പെട്ട പള്ളി വികാരി പീറ്റര്‍ കുറിയാക്കോസ് അച്ചന്റെ അധ്യക്ഷതയില്‍ കൂടിയ മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു.
മെയ് 6 വെള്ളിയാഴ്ച വൈകുന്നേരം 5:30 നു പള്ളി വികാരി കൊടിയേറ്റുന്നതോടു കൂടി ഈ വര്‍ഷത്തെ പെരുനാളിനു തുടക്കമാവും. 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് സണ്ടേസ്‌കൂള്‍ വാര്‍ഷികവും കുട്ടികളുടെ കലപ്രകടനവും ഉണ്ടായിരിക്കും. പെരുനാള്‍ ദിവസമായ മെയ് 7 ശനിയാഴ്ച രാവിലെ 9:45 നു പ്രഭാത പ്രാര്‍ത്ഥനയും 10:30 നു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും മോര്‍ ഗീവര്‍ഗീസ് സഹദായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും അര്‍പ്പിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്തു , ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കും. 02:15 നു മറ്റു ഭക്ത സംഘടനകളുടെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ശേഷം 4:30 നു കൊടിയിറക്കുന്നതോടെ ഈ വര്‍ഷത്തെ പെരുനാള്‍ പര്യവസാനിക്കും. പെരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടുവാന്‍ ബ്രിസ്റ്റോള്‍ ലെജെണ്ട്‌സിന്റെ ശിങ്കാരി മേളവും ക്രമീകരിച്ചിട്ടുണ്ട് എന്നു പെരുനാള്‍ ഏറ്റു കഴിക്കുന്ന ജോബി കോശി അറിയിച്ചു.
ഈ മഹനീയ ദിവസങ്ങളില്‍ വന്നു പങ്കുചേര്‍ന്നു അനുഗ്രഹം പ്രാപിപ്പാന്‍ ഏവരേയും പള്ളി കമ്മറ്റി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ പള്ളിയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.
പള്ളിയുടെ വിലാസം: St. George Jacobite Syrian Church, All Saints Church, Albert Road, Stechford, Birmingham. B33 8UA.
NB:ഈ വര്‍ഷത്തെ പെരുനാള്‍ വഴിപാടായി നടത്തുന്നത് ജോബി കോശിയും കുടുംബവും ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല