സാബു ചുണ്ടക്കാട്ടില്‍: യുകെയിലെ മലയാറ്റൂര്‍ തിരുന്നാള്‍ വെള്ളി, ശനി ദിവസങ്ങളില്‍, ഫോറം സെന്ററില്‍ സംഗീത രാവ്, പ്രധാന തിരുന്നാള്‍ ആഘോഷങ്ങള്‍ ശനിയാഴ്ച. പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാള്‍ ആഘോഷങ്ങള്‍ വെള്ളിയും ശനിയുമായി മാഞ്ചസ്റ്ററില്‍ നടക്കും. ബിജു നാരായണന് നയിക്കുന്ന ഗാനമേള വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുമ്പോള്‍ ശനിയാഴ്ച രാവിലെ 10 മുതലാണ് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ പ്രധാന തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക.
ലൈവ് ഓര്‍ക്കസ്ട്രയ്ക്കൊപ്പം ഗായകര്‍ അവസാനഘട്ട പരിശീലന പരിപാടികളും പൂര്‍ത്തിയാക്കി ലൈവ് ഷോയ്ക്കായി ഒരുങ്ങി കഴിഞ്ഞു. വൈകുന്നേരം 4ന് സെന്റ് ആന്റണീസ് ദേവാലയത്തില്‍ യുകെ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഫാ. തോമസ് പാറയടിയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയെ തുടര്‍ന്ന് വൈകുന്നേരം കൃത്യം 6ന് തന്നെ ഗാനമേളയ്ക്കു തുടക്കമാകും. ലണ്ടന്‍ നിസരി ലൈവ് ഓര്‍ക്കസ്ട്രയുമായി ബിജു നാരായണന് ചേരുന്നതോടെ വിഥിന്‍ഷോ ഫോറം സെന്ററില്‍ തടിച്ചു കൂടുന്നവര്‍ക്കു മികച്ച വിരുന്നാകും ലഭിക്കുക. ഏഷ്യാനെറ് ടാലന്റ് കണ്ടെസ്റ്റ് വിന്നര്‍ രാജേഷ് രാമനും ആലാപനവുമായി ഒപ്പം ചേരും.
പൂഞ്ഞാര്‍ നവധാരയില്‍ 18 വര്‍ഷക്കാലം സേവനം ചെയ്തിട്ടുള്ള വിനോദ് നവധാര തബലയും മൃദംഗവും കൈകാര്യം ചെയ്യുമ്പോള്‍ സന്തോഷ് നമ്പ്യാര്‍ കീ ബോര്‍ഡ് കൈകാര്യം ചെയ്യും. രാഷ്ട്രപതി ഭവനില്‍ ഒട്ടേറെ കാലം കീ ബോര്‍ഡിസ്റ്റായി ജോലി ചെയ്തിട്ടുള്ള സന്തോഷ് ഒട്ടേറെ പരിപാടികളില്‍ തന്റെ മികവ് തെളിയിച്ച വ്യക്തിയാണ്. റിതം കമ്പോസറായി വരുണ്‍ മയ്യനാടും, ഗിത്താറുമായി ഷിനോ തോമസും, ഒപ്പം ചേരുമ്പോള്‍ സോജന് എരുമേലിയും അസ്!ലാമും സൗണ്ട് എഞ്ചിനേഴ്സ് ആയി എത്തുന്ന ലണ്ടന്‍ ഒയാസിസ് ഡിജിറ്റല്‍സ് ആണ് ശബ്ദവും വെളിച്ചവും നിര്‍വഹിക്കുക. ദുക്റാന തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി തികച്ചും സൗജന്യമായിട്ടാണ് വിഥിന്‍ഷോ ഫോറം സെന്ററില്‍ സംഗീതരാവ് ഒരുങ്ങുന്നത്. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പും പരിപാടിക്കിടയില്‍ നടക്കും.
പ്രധാന തിരുന്നാള്‍ ദിനമായ നാളെ രാവിലെ 10ന് പ്രെസഷന് തുടക്കമാകും. കോതമംഗലം രൂപത ബിഷപ്പ് മാര്‍. ജോര്‍ജ് പുന്നക്കോട്ടില്‍, ഷ്രൂസ്ബറി രൂപത ബിഷപ്പ് മാര്‍ക്ക് ഡേവീസ് എന്നിവരെയും യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വൈദികരെയും പ്രസുദേന്തിമാരെയും ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചു സെന്റ്. ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ അത്യാഘോഷാപ്പൂര്‍വ്വമായ പൊന്തിഫിക്കല്‍ തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് തുടക്കമാകും. ബിഷപ്പ് മാര്‍ക്ക് ഡേവീസ് ദിവ്യബലി മധ്യേ സന്ദേശം നല്‍കും.
തുടര്‍ന്നു തിരുന്നാള്‍ പ്രദക്ഷിണവും ഊട്ട് നേര്‍ച്ചയും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഇടവകയിലെ യുവജനങ്ങളും മാതൃവേദി പ്രവര്‍ത്തകരും വിവിധ സ്റ്റാളുകള്‍ പള്ളിപ്പരിസരത്തു ഒരുക്കിയിട്ടുണ്ട്. നാട്ടിലെ പള്ളിപ്പെരുന്നാള് അനുഭവങ്ങള്‍ ആണ് മാഞ്ചസ്റ്ററില്‍ പുനരാവിഷ്കരിക്കുക. തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും റവ. ലോനപ്പന് അരങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം:
ST . ANTONY’S CHURCH
DUNKERY ROAD
MANCHESTER
M220WR
മുകളില്‍ പറഞ്ഞ പോസ്ററ് കോഡിലേക്ക് വാഹനങ്ങളില്‍ വരുന്നവര്‍ ഡങ്കറി റോഡിന്റെ ഇരുവശങ്ങളിലുമുള്ള പോക്കറ്റ് റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. പ്രദക്ഷിണം കടന്നു പോകേണ്ട സെന്റ് ആന്റണീസ് സ്കൂള്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല