1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2018

സിജു സ്റ്റീഫന്‍: യുകെയിലെ പ്രാദേശിക പ്രവാസി സംഗമങ്ങളില്‍ പ്രവര്‍ത്തനമികവുകൊണ്ടും കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും കരുത്തുറ്റ സംഗമമായ മോനിപ്പള്ളി പ്രവാസി സംഗമത്തിന് പന്ത്രണ്ടു വയസ്. 2007 ല്‍ ബിര്‍മിങ്ഹാമില്‍ തുടക്കം കുറിച്ച കുടുംബങ്ങളുടെ ഒത്തുചേരല്‍ ദശാബ്ദിയും പിന്നിട്ട് കൂടുതല്‍ കരുത്തോടെ മുന്നേറുന്നു. പിറന്ന നാടിന്റെ നന്മയും മഹത്വവും സംസ്‌കാരവും പുതുതലമുറയിലേക്കെത്തിക്കുക, സുഹൃത്തുക്കളെയും സഹപാഠികളേയും വര്‍ഷത്തിലൊരിക്കല്‍ കണ്ടു സൗഹൃദം പുതുക്കുക എന്നതിനുമപ്പുറം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ചെയ്യുവാന്‍ ഈ സംഗമത്തിന് കഴിയുന്നു എന്നത് സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നു. ഇതിനോടകം നിരവധി ചാരിറ്റി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി സ്വന്തം നാട്ടില്‍ വിഷമതയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ ഈ കമ്യൂണിറ്റി അതീവ ശ്രദ്ധപുലര്‍ത്തുന്നു. സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാന്‍ ഈ വര്ഷം നടത്തിയ ക്രിസ്മസ് ന്യൂഇയര്‍ ചാരിറ്റി വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ ഇവര്‍ക്ക് സാധിച്ചു. മോനിപ്പള്ളി എക്‌സ്പാട്രിയേറ്റ് കമ്മ്യൂണിറ്റി എന്ന പേരില്‍ യുകെയില്‍ ആരംഭിച്ച ഈ കൂട്ടായ്മ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസികളായ മോനിപ്പള്ളിക്കാരുടെ അഭിപ്രായപ്രകടനത്തിന്റെയും നാട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെയും പൊതുവേദിയായി മാറിക്കഴിഞ്ഞു.

സ്റ്റോക്ക് ഓണ്‍ ട്രെന്റിനടുത്ത് വിന്‍സ്‌ഫോര്‍ഡിലാണ് ഇത്തവണത്തെ സംഗമത്തിന് വേദിയൊരുങ്ങിയിരിക്കുന്നത്. 2018 ഏപ്രില്‍ 21 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 വരെ വിന്‍സ്‌ഫോര്‍ഡ് യുണൈറ്റഡ് റിഫോംഡ് ചര്‍ച്ച് ഹാളില്‍ വച്ചാണ് സംഗമം അരങ്ങേറുന്നത്. മുന്‍സംഗമങ്ങളുടെ സംഘാടനത്തില്‍ മികവ് പുലര്‍ത്തി വ്യക്തിമുദ്ര പതിപ്പിച്ച തോട്ടപ്ലാക്കില്‍ ജിന്‍സും കുടുംബവുമാണ് ഇത്തവണത്തെ ആതിഥേയര്‍. മുന്‍ വര്ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ കുടുംബങ്ങള്‍ ഇത്തവണ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ എത്തിച്ചേരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളില്‍ വിവിധങ്ങളായ പ്രോഗ്രാമുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, കായികവിനോദങ്ങള്‍, വിവിധയിനം ഇന്‍ഡോര്‍ മത്സരങ്ങള്‍, വടംവലി, ബെസ്‌ററ് കപ്പിള്‍ കോംപെറ്റിഷന്‍ എന്നിവ സംഗമത്തിന് ഊര്‍ജ്ജം പകരും.

ഇത്തവണ ജിസിഎസിയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് പാരിതോഷികങ്ങള്‍ വിതരണം ചെയ്യും. കൂടാതെ മോനിപ്പള്ളി പ്രവാസി കമ്മ്യൂണിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ നടത്തിയ ക്വിസ്സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും. നാടുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന പ്രവാസികളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ജനതയാണ് നാട്ടിലുമുള്ളത്. സംഗമങ്ങളോടനുബന്ധിച്ചു നടക്കുന്ന മത്സരങ്ങളില്‍ എല്ലാവര്‍ഷവും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയുന്നത് മോനിപ്പള്ളിയിലെ സ്ഥാപനങ്ങളാണ്.

യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്ന് സംഗമത്തിനെത്തിച്ചേരുന്നവര്‍ക്ക് എല്ലാവിധസൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ് സംഘാടകചുമതലയുള്ള കമ്മറ്റിക്കാരും ആതിഥ്യം വഹിക്കുന്ന കുടുംബവും. പ്രസിഡന്റ് സിജു കുറുപ്പന്തറയില്‍ , സെക്രട്ടറി വിനോദ് ഇലവുങ്കല്‍, ട്രഷറര്‍ സന്തോഷ് , കുറുപ്പന്തറയില്‍, സംഗമം കണ്‍വീനര്‍ ജിന്‍സ് തോട്ടപ്ലാക്കില്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. യുകെയിലെ പ്രവാസികളായ എല്ലാ മോനിപ്പള്ളിക്കാരെയും ഇത്തവണത്തെ സംഗമത്തിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.