ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത് ഇസ്‌ലാമിലേക്ക് മതംമാറിയതിനെ തുടര്‍ന്നു നടന്ന പഠനത്തില്‍ യുകെയില്‍ ഒരു ലക്ഷത്തില്‍പ്പരം പേര്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി കണ്ടെത്തി. ഇവരില്‍ തന്നെ ഭൂരിപക്ഷവും ക്രിസ്ത്യന്‍ വനിതകളാണ്.
പത്തു വര്‍ഷം മുന്‍പ് ഇതിന്റെ പകുതിപ്പേര്‍ പോലും ഇസ്‌ലാമായിരുന്നില്ല. ലോകമെമ്പാടും ഇസ്‌ലാം മതത്തെ ഭീകരതയുമായി ബന്ധപ്പെടുത്താന്‍ ശ്രമം നടക്കുന്ന വേളയിലാണ് ബ്രിട്ടനില്‍നിന്നുള്ള ഈ വാര്‍ത്ത വരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഇസ്‌ലാമിലേക്ക് മാറിയത് 5200 പേരാണ്. ഇതില്‍ തന്നെ 1400 പേര്‍ ലണ്ടനില്‍ മാത്രം മതം മാറിയവരാണ്. ഇത്തരത്തില്‍ മാറിയവരില്‍ 70 ശതമാനവും 27ല്‍ താഴെ പ്രായമുള്ള വെള്ളക്കാരായ വനിതകളാണ്.
മതം മാറിയവരില്‍ ചിലര്‍ ഭീകരതയുടെ വഴിയിലേക്കും പോയിട്ടുണ്ട്. ബ്രിസ്‌റ്റോളില്‍ റസ്‌റ്റോറന്റില്‍ ബോംബ് വയ്ക്കാന്‍ നോക്കിയ നിക്കി റീലി, ഷൂ ബോംബര്‍ റിച്ചാര്‍ഡ് റീഡ് എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.
സ്വാന്‍സീ യൂണിവേഴ്‌സിറ്റിയിലെ കെവിന്‍ ബ്രൈസാണ് പഠനം നടത്തിയത്.
ഇറാന്‍ സന്ദര്‍ശനകാലത്തുണ്ടായ വിശുദ്ധ അനുഭവങ്ങളാണ് ലോറന്‍ ബൂത്തിനെ മതംമാറാന്‍ പ്രേരിപ്പിച്ചത്.
ടോണി ബ്ലെയറുടെ ഭാര്യ ചെറി ബ്ലെയറുടെ അര്‍ദ്ധ സഹോദരിയാണ് 43കാരിയായ ലോറന്‍ ബൂത്ത്. ബ്രോഡ്കാസ്റ്ററും ജേര്‍ണലിസ്റ്റുമായ ലോറന്‍ ഇപ്പോള്‍ ഹിജാബ് ധരിച്ചാണ് നടക്കുന്നത്. ദിവസവും അഞ്ചു നേരം നിസ്‌കരിക്കുന്ന ലോറന്‍ സൗകര്യം കിട്ടുമ്പോഴൊക്കെ അടുത്തുള്ള പള്ളിയില്‍ നിസ്‌കരിക്കാനും പോകുന്നു.
മൂന്നു മാസം മുന്‍പ് ലോറന്‍ ഇറാനിയിന്‍ പട്ടണമായ ഖൂമില്‍ ഫാത്തിമ അല്‍ മസുമേയുടെ പള്ളി സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ശനകാലത്തുണ്ടായ വിശുദ്ധ അനുഭവങ്ങളാണ് തന്നെ മതംമാറാന്‍ പ്രേരിപ്പിച്ചതെന്ന് ലോറന്‍ പറയുന്നു.
ലോറന്‍ തുടരുന്നു: ഒരു ചൊവ്വാഴ്ചയാണ് ഞാന്‍ ദേവാലയം സന്ദര്‍ശിക്കാന്‍ പോയത്. ആ സന്ദര്‍ശനം പകര്‍ന്ന ആത്മീയസുഖം വിവരണാതീതമാണ്. തിരിച്ചുവന്ന ഞാന്‍ പന്നിയിറച്ചി ഉപേക്ഷിച്ചു. നിത്യവും ഖുര്‍ ആന്‍ വായിക്കാന്‍ തുടങ്ങി. ഞാന്‍ മദ്യം തൊടുന്നില്ല. എന്റെ ഓര്‍മയില്‍ ദീര്‍ഘനാള്‍ മദ്യം ഉപേക്ഷിച്ച അനുഭവം ഇതിനുമുന്‍പുണ്ടായിട്ടില്ല. എന്നും കുറഞ്ഞത് രണ്ടു ഗ്‌ളാസ് വൈനെങ്കിലും അകത്താക്കിയിരുന്ന എനിക്ക് അതിനോടും താത്പര്യം തോന്നുന്നില്ല.
ബുര്‍ഖ ധരിക്കാത്തതെന്തെന്ന ചോദ്യത്തിന്, ആരറിഞ്ഞു നാളെ ഞാന്‍ ബുര്‍ഖ ധരിച്ചു നടന്നാല്‍ എന്ന് അല്പം ആധ്യാത്മികത കലര്‍ന്ന മറുപടിയാണ് ലോറനില്‍നിന്നു വന്നത്.
ഇറാനില്‍ പോകുന്നതിനു മുന്‍പ് പാലസ്തീനിലും പോയിട്ടുണ്ട് ലോറന്‍. അവിടെയുണ്ടായ അനുഭവങ്ങളും കാഴ്ചകളും തന്നെ മതം മാറാന്‍ പ്രേരിപ്പിച്ചുവെന്നും അവര്‍ പറയുന്നു.
ഇറാനില്‍നിന്നുള്ള ഒരു ഇംഗ്‌ളീഷ് ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടറായ ലോറന്‍ ബൂത്ത് ഇറാഖില്‍ അമേരിക്ക നടത്തിയ അധിനിവേശത്തെ ശക്തമായി എതിര്‍ക്കുന്നയാളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല