സാബു ചുണ്ടക്കാട്ടില്‍: യുകെയുടെ മലയാറ്റൂര്‍ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്ററില്‍ ദുക്‌റാന തിരുന്നാളിന് ഇനി ഒന്നരമാസം മാത്രം അവശേഷിക്കേ ദുക്‌റാന തിരുന്നാളില്‍ പങ്കെടുക്കുവാനെത്തുന്നവര്‍ക്കായി തിരുന്നാള്‍ കമ്മിറ്റി റാഫിള്‍ ടിക്കറ്റുകള്‍ പുറത്തിറക്കി. ഇതിന്റെ വിതരണോത്ഘാടനം ഇന്നലെ മാഞ്ചസ്റ്റര്‍ സെന്റ്. ഹില്‍ഡാസ് പ്രിസ്ബിറ്ററിയില്‍ നടന്നു.
തിരുന്നാള്‍ കമ്മിറ്റിയുടെ മീറ്റിങ്ങിനെ തുടര്‍ന്ന് ഇടവക വികാരി ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി ആദ്യ ടിക്കറ്റുകള്‍ ബോബി ആലഞ്ചേരിക്ക് നല്‍കി കൊണ്ടാണ് റാഫിള്‍ ടിക്കറ്റുകളുടെ വിതരണ ഉത്ഘാടനം നിര്‍വ്വഹിച്ചത്. തഥവസരത്തില്‍ ഒരാഴ്ച കാലത്തെ തിരുന്നാള്‍ പ്രോഗ്രാമുകളുടെ ഉള്‍ക്കൊളിച്ചുള്ള നോട്ടീസും പുറത്തിറക്കി. രണ്ടു പവന്‍ സ്വര്‍ണ്ണ ബിസ്‌കറ്റാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. രണ്ടാം സമ്മാനമായി ഒരു പവന്‍ ഗോള്‍ഡ് കോയിനും മൂന്നാം സമ്മാനമായി അര പവന്‍ ഗോള്‍ഡ് കോയിനും നല്‍കുന്നതിനൊപ്പം പത്ത് പ്രോത്സാഹന സമ്മാനങ്ങള്‍ വേറെയും നല്‍കും.ജൂണ്‍ 26നാണ് യുകെ മലയാളികള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറുക. ജൂലൈ ഒന്നാം തീയതിയും രണ്ടാം തീയതിയുമാണ് പ്രധാന തിരുന്നാള്‍ ദിനങ്ങള്‍. ജൂലൈ ഒന്നാം തീയതി വൈകുന്നേരം 4ന് നടക്കുന്ന ദിവ്യബലിയില്‍ യുകെ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടിയില്‍ മുഖ്യ കാര്‍മ്മികനാകും. ഇതേ തുടര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും. ലണ്ടന്‍ നിസറി ലൈവ് ഓര്‍ക്കസ്ട്രയുമായി ഒപ്പം ചേരുമ്പോള്‍ ഇടവേളയില്‍ നടക്കുന്ന മിമിക്‌സ് പരേഡും കാണികള്‍ക്ക് മികച്ച വിരുന്നായി തീരും. ഗാനമേളയിലേക്ക് തികച്ചും സൗജന്യമായിട്ടാണ് പ്രവേശനമെങ്കിലും പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുകയാണ്.
ജൂലൈ രണ്ടാം തീയതി പ്രധാന തിരുന്നാള്‍ ദിനത്തില്‍ രാവിലെ 10 നു ആഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബ്ബാനക്ക് തുടക്കമാകും. കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ മുഖ്യ കാര്‍മ്മികനാകുമ്പോള്‍ ഷ്രൂസ്ബറി ബിഷപ്പ് മാര്‍ക്ക് ഡേവീസ് ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കും. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി എത്തുന്ന ഒട്ടേറെ വൈദികര്‍ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ സഹകാര്‍മ്മികരാകും. ദിവ്യബലിയെ തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. നാട്ടിലെ പള്ളിപ്പെരുന്നാളുകളെ ഒരു പടി കടത്തി വെട്ടി മാഞ്ചസ്റ്ററിലെ തെരുവ് വീഥികളെ പുളക ചാര്‍ത്തണിയിച്ചു നീങ്ങുന്ന പ്രദക്ഷിണത്തില്‍ നൂറു കണക്കിന് മുത്തുക്കുടകളും, പൊന്‍ വെള്ളി കുരിശുകളും അണിനിരക്കും.
ചെണ്ടമേളങ്ങളും വാദ്യമേളയാഘോഷങ്ങളും പ്രദക്ഷിണത്തില്‍ അണിനിരക്കുമ്പോള്‍ നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന നല്ലൊരു പെരുന്നാള്‍ അനുഭവം ആയിരിക്കും മലയാളിക്ക് ലഭിക്കുക. തിരുന്നാള്‍ ദിനം സെന്റ്. ആന്റണീസ് ദേവാലയം കൊടി തോരണങ്ങളാല്‍ അലങ്കരിച്ചു മോടി പിടിപ്പിക്കും. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദവും, നേര്‍ച്ച വിതരണവും, സ്‌നേഹ വിരുന്നും നടക്കും. ഇതേ സമയം പള്ളി പരിസരത്തു മാജിക് ഷോയും കുട്ടികള്‍ക്കായുള്ള വിവിധ എന്റര്‍റ്റെയിന്‍മെന്റ് പ്രോഗ്രാമുകള്‍ക്കും തുടക്കമാകും. ഇടവകയിലെ മാതൃ വേദിയുടേത് അടക്കം നിരവധി സ്റ്റാളുകള്‍ പള്ളി പരിസരത്തു പ്രവര്‍ത്തിക്കും.
ജൂണ്‍ 26 നാണ് തിരുന്നാളിന് കൊടിയേറുന്നത്. അന്നേ ദിവസം മുതല്‍ മുപ്പതാം തീയതി വരെ ദിവസവും വൈകുന്നേരം 5ന് ദിവ്യബലി, ലദീഞ്ഞ്, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടക്കും.
26 ന് നടക്കുന്ന കൊടിയേറ്റലും പ്രസുദേന്തി വാഴ്ചയിലും റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി കാര്‍മ്മികനാകുമ്പോള്‍ 27 ന് ഫാ. ജോസഫ് പൊന്നേത്ത്, 28 ന് ഫാ. മൈക്കിള്‍ മുറൈ, 30 ന് ഫാ. തോമസ് തൈക്കൂട്ടത്തില്‍ എന്നിവരും കാര്‍മ്മികരാകും.
ഭാരത അപ്പോസ്തലന്‍ മാര്‍ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളില്‍ പങ്കെടുക്കുവാന്‍ യുകെയുടെ മലയാറ്റൂരിലേക്ക് ഏവരെയും റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല