സ്വന്തം ലേഖകന്‍: യുകെ മലയാളി നോര്‍ത്തേണ്‍ ബെല്‍ഫാസ്റ്റിലെ സാബു തോമസ് പൂഴിക്കുന്ന് അന്തരിച്ചു. യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി 13 ന് രാത്രി പത്തരയോടെയായിരുന്നു സാബു യാത്രയായത്. 47 വയസായിരുന്നു.
കോട്ടയം സംക്രാന്തി സ്വദേശിയായ സാബു ഏറെ നാളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സാബുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ വീട്ടിലേക്ക് മാറ്റിയെങ്കിലും പെട്ടെന്ന് ആരോഗ്യ നിലവഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരണം സംഭവിക്കുകയുമായിരുന്നു.
കോട്ടയം പൈനാമൂട്ടില്‍ എച്ച്എസ് മൗണ്ട് സ്വദേശി ദീപയാണ് ഭാര്യ. ജിസിഎസ്ഇ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി അലന്‍ മകനാണ്. പ്രമേഹം കരളിനെയും കിഡ്‌നിയെയും ബാധിച്ചതാണ് രോഗം സങ്കീര്‍ണമാക്കിയതെന്ന് അടുപ്പമുള്ളവര്‍ പറഞ്ഞു.
മസ്‌ക്കറ്റില്‍ പ്രവാസിയായിരുന്ന സാബു പത്തു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. ലിങ്കണ്‍ഷെയറിലും ബെല്‍ഫാസ്റ്റിലും താമസിച്ച സാബുവും കുടുംബവും ചുറ്റുവട്ടത്തുള്ള മലയാളികള്‍ക്കിടയില്‍ സുപരിച്ചിതരായിരുന്നു.
ബെല്‍ഫാസ്റ്റിലെ ഗ്ലെന്‍ഗോമെര്‍ലി പളളിയിലായിരിക്കും സംസ്‌കാരമെന്ന് സാബുവുന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. സൗദിയിലുളള സഹോദരന്‍ എത്തിയ ശേഷമാകും സംസ്‌കാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല