യുക്മ ഈസ്റ്റ് ആംഗ്ലിയ റിജിയന്‍ കോര്‍ഡിനേറ്ററും യുക്മ നാഷണല്‍ ജെനറല്‍ സെക്രട്ടറിയുമായ ബാലസജീവ് കുമാറിന്റെ ശ്രമഫലമായി ല്യൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസിയേഷനും യുക്മയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനു തീരുമാനിച്ചു. ല്യ്യൂട്ടനിലും സമീപ പ്രദേശങ്ങളായ ഡണ്‍സ്റ്റബിള്‍ പോലെയുള്ള സ്ഥലങ്ങളിലുമുള്ള മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ച് 90ഓളം മലയാളികുടുംബങ്ങള്‍ അംഗങ്ങളായുള്ള ഈ സംഘടനയുടെ ജൂണ്‍ 11ന് നടന്ന ജെനറല്‍ ബോഡിയില്‍ പങ്കെടുത്ത് യുക്മ പോലെയൊരു സംഘടനയുടെ ആവശ്യകത്തെയെപ്പറ്റി ബാലസജീവ് കുമാര്‍ അവരെ ബോധവാന്മാരാക്കുകയും യുക്മയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
ചുരുങ്ങിയ കാലം കൊണ്ട് അസ്സോസിയേഷനുവേണ്ടി മലയാളം ക്ലാസ്സും, ഡാന്‍സ് ക്ലാസ്സും,ടൂര്‍ പ്രോഗ്രാമും മറ്റു സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച ജിജിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി പുതിയ ഭരണസമിതിക്കു വഴിതെളിച്ച ആ പൊതുയോഗം പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ തീരുമാനത്തിന് യുക്മ വിഷയം വിടുകയും, അവര്‍ തങ്ങളുടെ ജൂണ്‍ 25 ന് ചേര്‍ന്ന ആദ്യ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ത്തന്നെ യുക്മയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം
എടുക്കുകയുമാണുണ്ടായത്.
യുക്മ ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു യുക്മയില്‍ ചേരുന്ന സംഘടനകള്‍ക്ക് യുക്മയുടെ നാഷണല്‍ ജെനറല്‍ ബോഡിയില്‍ പങ്കെടുക്കാമെങ്കിലും ഇലക്ഷനില്‍ മല്‍സരിക്കാനോ വോട്ടു ചെയ്യുവാനോ സാധിക്കുകയില്ല എന്നു ബാലസജീവു കുമാര്‍ വിശദീകരിച്ചിട്ടും ജോര്‍ജ്ജ് മാത്യു പ്രസിഡന്റായും, മാത്യു വര്‍ക്കി സെക്രട്ടറിയായും അരുണ്‍ മാത്യു ട്രഷറായും ചുമതലയേറ്റ പുതിയ ഭരണ സമിതി തങ്ങളെത്തന്നെ യുക്മയുടെ റീജിയണല്‍ നാഷണല്‍ ജെനറല്‍ ബോഡിയിലേക്കുള്ള ല്യൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസിയേഷന്റെ പ്രതിനിധികളായി നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് യുക്മയില്‍ ചേരുന്നതിനുള്ള തീരുമാനം പ്രഖ്യാപിക്കുകയാണുണ്ടായത്.
യുക്മയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് എക്കാലത്തും ല്യൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസിയേഷനില്‍ പ്രസിഡന്റായും, സെക്രട്ടറിയായും, ട്രഷററായും തിരഞ്ഞെടുക്കപ്പെടുന്നവര്‍ തന്നെ സംഘടനയെ പ്രതിനിധീകരിച്ച് യുക്മയിലും പ്രവര്‍ത്തിക്കണമെന്ന അവരുടെ തീരുമാനത്തെ യുക്മ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ പ്രശംസിക്കുകയും ല്യൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസിയേഷനെ യുക്മ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല