ബോള്ട്ടന്: മാര്‍ച്ച് മൂന്നാം തിയതി ഞായറാഴ്ച ബോള്‍ട്ടണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് പാരിഷ് സെന്ററില്‍ വെച്ച് നടന്ന പൊതുയോഗമാണ് ഏകകണ്ഡേന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഉച്ച കഴിഞ്ഞു നാലു മണിക്ക് പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജോയിന്റ് സെക്രട്ടറി സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് സെക്രട്ടറി തങ്കച്ചന് എബ്രഹാം കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു യോഗം പാസ്സാക്കുകയുണ്ടായി. തുടര്‍ന്നു ട്രഷറര്‍ രഞ്ജിത്ത് ഗണേഷ് വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയുണ്ടായി. യാതൊരുവിധ സംശയങ്ങളോ തിരുത്തലുകളോ ഇല്ലാതെ രണ്ടു വര്‍ഷത്തെ കണക്കുകള്‍ അംഗങ്ങള്‍ ഏകകണ്ഠമായി കൈയ്യടിച്ചു പാസാക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടു വര്‍ഷക്കാലം റീജിയണിലെ എല്ലാ കാര്യങ്ങള്‍ക്കും നിര്‍ലോഭമായി പിന്തുണക്കുകയും സഹകരിച്ചു വിജയിപ്പിക്കുകയും ചെയ്ത മുഴുവന്‍ യുക്മ പ്രതിനിധികള്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയിലെ അംഗങ്ങളോടുമുള്ള പ്രത്യേകം കടപ്പാടും നന്ദിയും ഷീജോയും തങ്കച്ചനും രഞ്ജിത്തും നാഷണല്‍ എക്സിക്യൂട്ടീവ് തമ്പി ജോസ് ദേശീയ ട്രഷറര്‍ അലക്സ് വര്‍ഗ്ഗീസ് ദേശീയ ജോയിന്റ് സെക്രട്ടറി സിന്ദു ഉണ്ണി എന്നിവരും ഒരുപോലെ അറിയിച്ചു. വരും വര്‍ഷങ്ങളിലും ഇതേ സഹകരണം തുടര്‍ന്നും നല്‍കണമെന്ന് എല്ലാവരും തങ്ങളുടെ നന്ദി പ്രസംഗങ്ങളില്‍ അഭ്യര്‍ഥിക്കുകയുണ്ടായി.
യോഗതീരുമാനപ്രകാരം ശ്രീ തമ്പി ജോസും ശ്രീമതി സിന്ധു ഉണ്ണിയും വരണാധികാരികളായ യോഗം ഐകകണ്ഡേന പ്രസിഡന്റായി ജാക്സണ് തോമസ് (സാല്‍ഫോര്‍ഡ് ) സെക്രട്ടറി ആയി സുരേഷ് നായര്‍ (വാറിംഗ്ടണ്‍) ട്രഷറര്‍ ആയി ബിജു പീറ്റര്‍ (ലിംക, ലിവര്‍പൂള്‍) നാഷണല്‍ എക്സിക്യൂട്ടീവ് കുര്യന് ജോര്‍ജ് (ബോള്ട്ടന്) വൈസ് പ്രസിഡന്റ് ആയി കെ ഡി ഷാജിമോന്‍ (എം എം എ, മാഞ്ചസ്റ്റര്‍) ജോയിന്റ് സെക്രട്ടറി പുഷ്പരാജ് (ഓള്‍ഡ്ഹാം) ജോയിന്റ് ട്രഷറര്‍ ജോബി സൈമണ്‍ (വാറിംഗ്ടണ്‍) ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ രാജീവ് (നോര്‍മ) സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ബിനു വര്‍ക്കി (ലിമ, ലിവര്‍പൂള്‍) എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. എക്സ് ഒഫീഷ്യോമാരായി ഷീജോ വര്‍ഗ്ഗീസും തങ്കച്ചന് അബ്രഹാമും തുടരുന്നതിനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ആയി സ്ഥാനമേറ്റ അഡ്വക്കേറ്റ് ജാക്സണ് തോമസ് കാഞ്ഞിരപ്പള്ളി സ്വദേശിയും നിലവില്‍ സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റും സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ഇടവകയുടെ ട്രസ്റ്റിയും അതോടൊപ്പം വിവിധ സന്നദ്ധ സംഘടനകളിലെ ഉന്നതാതികാര സമിതി അംഗമായും പ്രവര്‍ത്തിച്ചു വരുന്നു. കലാലയ ജീവിതകാലഘട്ടത്തില്‍ ജീവിതത്തിനു തന്നെ മുതല്‍ കൂട്ടാകുവാന്‍ പോന്ന നേതൃ പാടവം കൈക്കലാക്കിയ ശേഷമാണ് പ്രവാസ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഈ അനുഭവ സമ്പത്തും കഴിവുകളും നോര്‍ത്ത് വെസ്റ് റീജിയണ്‍ അമരക്കാരന് എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനത്തിന് സഹായകരമാകും എന്ന് കരുതുന്നു.
സെക്രട്ടറി ആയി ചുമതലയേറ്റ ശ്രീ. സുരേഷ് നായര്‍ കോട്ടയം സ്വദേശിയും വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ തുടക്കകാരില്‍ ഒരുവനും നിലവില്‍ വാറിംഗ്ടണ്‍ മലയാളി അസോസിയേഷന് പ്രസിഡന്റും ആയി പ്രവര്‍ത്തിക്കുന്നു. കലാലയ കാലഘട്ടത്തില്‍ വിവിധ സമിതികളുടെ നേതൃ നിരയില്‍ പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായിട്ടാണ് നോര്‍ത്ത് വെസ്റ്റ് റീജിയന് കമ്മിറ്റിയെ നയിക്കാന്‍ തയ്യാറായിരിക്കുന്നത്.
ട്രഷറര്‍ ആയി ചുമതലയേറ്റ ശ്രീ. ബിജു പീറ്റര്‍ നിലവില്‍ ലിംക വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. യുക്മ നേഴ്സസ് ഫോറം പ്രഥമ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായും തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കലാലയ ജീവിതം മുതല്‍ വിവിധ സന്നദ്ധ സംഘടനകളില്‍ അംഗമായും പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായാണ് നോര്‍ത്ത് വെസ്റ്റ് റീജിയന് കമ്മിറ്റിയുടെ നേതൃ നിരയില്‍ എത്തിയിരിക്കുന്നത്.
നാഷണല്‍ എക്സിക്യൂട്ടീവ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. കുര്യന് ജോര്‍ജ് യുക്മയ്ക്കും യുകെ മലയാളികള്‍ക്കും സുപരിചിതനും നിലവില്‍ ബോള്ട്ടന് മലയാളീ അസ്സോസിയേഷന് നിര്‍വാഹക സമിതി അംഗവും യുക്മ സാംസ്കാരിക വേദി കോഓര്‍ഡിനേറ്ററും ബോള്ട്ടന് സെന്റ്.ആന്‍സ് സീറോ മലബാര്‍ ഇടവകയുടെ ട്രസ്റ്റിയും യുക്മ റീജിയണല്‍ കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പരിചയവുമായിട്ടാണ് കടന്നു വരുന്നത്.
വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. കെ ഡി ഷാജിമോന്‍ കോട്ടയം സ്വദേശിയും യുക്മയുടെ സ്ഥാപക നേതാക്കളില്‍ മുഖ്യ പങ്കു വഹിക്കുകയും തുടര്‍ന്നിങ്ങോട്ട് എന്നും യുക്മയ്ക്കു താങ്ങും തണലുമായി നിലകൊള്ളുന്ന വ്യക്തിയാണ്. നിലവില്‍ മാഞ്ചെസ്റ്റെര്‍ മലയാളീ അസോസിയേഷന് വൈസ് പ്രസിഡന്റും, അസോസിയേഷന് നടത്തിവരുന്ന വിവിധ സ്കൂളുകളുടെ ചുമതലക്കാരനായി പ്രവര്‍ത്തിച്ചു വരുന്നു.
ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. പുഷ്പരാജ് വയനാട് സ്വദേശിയും ഓള്‍ഡാം മലയാളീ അസോസിയേഷന് മുന്‍ പ്രസിഡന്റ് യുക്മ റീജിയണല്‍ കമ്മിറ്റി മെമ്പര്‍ തുടങ്ങിയ സ്ഥാഥാനങ്ങള് വളരെ ഭംഗിയായി കൈകാര്യം ചെയ്ത വ്യക്തിയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും സമയം കണ്ടെത്തുന്ന ഒരു പൊതു പ്രവര്ത്തകന് എന്ന നിലയില്‍ പുഷ്പരാജ് യുക്മക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.
ജോയിന്റ് ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോബി സൈമണ്‍ തൊടുപുഴ സ്വദേശിയും വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ തുടക്കകാരില്‍ ഒരുവനും നിലവില്‍ വാറിങ്ങ്ടണ്‍ മലയാളി അസ്സോസിയേഷന് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. തൊഴില്‍ സാംസ്കാരിക രംഗങ്ങളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തി എന്ന നിലയില്‍ യുക്മയുടെ പുരോഗതിക്ക് ആക്കം കൂട്ടാന്‍ കഴിയുന്ന നേതാവ്.
ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ രാജീവ് തിരുവനന്തപുരം സ്വദേശിയും നിലവില്‍ നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. കലാലയ കാലം മുതലേ കലയും ജീവിതവും സമന്വയിപ്പിച്ചുകൊണ്ടുപോകുന്ന തികഞ്ഞ സാമൂഹ്യ പ്രവര്ത്തകന് എന്ന നിലയില്‍ നോര്‍ത്ത് വെസ്റ്റ് റീജിയന് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുവാന്‍ ഉതകുന്ന ജനകീയ നേതാവ്.
സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ അയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ബിനു വര്‍ക്കി കോതമംഗലം സ്വദേശിയും നിലവില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് ട്രഷററായി പ്രവര്‍ത്തിക്കുന്നു. ലിവര്‍പൂള്‍ മേഘലയില്‍ സ്പോര്‍ട്സ് രംഗത്ത് തന്റേതായ സംഭാവന നല്കി വരുന്ന നിശ്ചയ ധാര്‍ട്യത്തിന്റെയും കൃത്യനിഷ്ഠയുടേയും ഉടമയായ വ്യക്തി എന്ന നിലയില്‍ കലാലയ കാലം മുതല്‍ കാത്തു പിന്തുടരുന്ന പൊതുപ്രവര്‍ത്തനം യുക്മക്ക് ഉപകാരപ്പെടും എന്നത് നിസംശയം.
യുക്മ കണ്ടതില്‍ വച്ചേറ്റവും സുതാര്യവും ലളിതവുമായ പൊതുയോഗവും തുടര്‍ന്ന് തിരഞ്ഞെടുപ്പിനും അവസരമൊരുക്കിയ എല്ലാ യുക്മ പ്രധിനിധികള്‍ക്കും നാഷണല്‍ കമ്മിറ്റിയംഗമായിരുന്ന ശ്രീ. തമ്പി ജോസന്റെ നന്ദിയോടെ യോഗം അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല