സജീഷ് ടോം: യു.കെ.യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ ചരിത്രത്തിലാദ്യത്തെ ദേശീയ നേതൃയോഗത്തിന് ബര്‍മിംഗ്ഹാം വേദിയൊരുക്കുന്നു. നാളിതുവരെ ദേശീയ പൊതുയോഗവും ദേശീയ നിര്‍വാഹകസമിതി യോഗങ്ങളുമാണ് യുക്മയുടെ നയരൂപീകരണത്തിനും കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും പ്രവര്‍ത്തനാവലോകനത്തിനുമുള്ള പ്രധാന വേദികളായിട്ടുള്ളത്.
യുക്മ ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ ഭാരവാഹികളും ദേശീയ നേതൃയോഗത്തിന്റെ ഭാഗമാണെന്ന് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് വ്യക്തമാക്കി. കൂടാതെ യുക്മയുടെ പോഷക വിഭാഗങ്ങളുടെ ദേശീയതല പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കും.
ബര്‍മിംഗ്ഹാമിലെ കിംഗ്സ്റ്റാന്‍ഡിങ് എക്‌സ്‌സര്‍വീസ് മെന്‍സ് സോഷ്യല്‍ ക്ലബ്ബില്‍ നടക്കുന്ന പരിപാടികള്‍ രണ്ട് സെഷനുകളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാവിലെ പത്തു മുപ്പതിന് ആരംഭിക്കുന്ന നേതൃസമ്മേളനം യുക്മയുടെ 2017 ലെ ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്യും. യുക്മ ഈ വര്‍ഷം യുവജനങ്ങള്‍ക്കായി പുതുതായി അവതരിപ്പിക്കുന്ന ‘യുക്മ യൂത്ത്’, യു.കെ. മലയാളികള്‍ക്കിടയില്‍ ആകസ്മികമായി സംഭവിക്കുന്ന മരണം, അപകടങ്ങള്‍ മുതലായവയില്‍ പെട്ടന്നുള്ള ഇടപെടലുകള്‍ക്കായി രൂപം നല്‍കിയിരിക്കുന്ന ‘യുക്മ റാപ്പിഡ് റെസ്‌പോണ്‍സ് ടീം’തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും രാവിലത്തെ സെഷനില്‍ പ്രത്യേകമായി സമയം നീക്കിവച്ചിട്ടുണ്ട്. ഇതിനകംതന്നെ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞ ‘യുക്മ സാന്ത്വനം’ പദ്ധതിയുടെ അവലോകനവും, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പിലാക്കുവാനുള്ള ചര്‍ച്ചകളും, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടക്കും.
യുക്മയുടെ അടിസ്ഥാന ഘടകങ്ങളായ അംഗ അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെടുന്ന റീജിയണല്‍ ഭാരവാഹികളെ മുഴുവന്‍ പങ്കെടുപ്പിക്കുകവഴി, ദേശീയ തലത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൂടുതല്‍ വേഗത്തില്‍ അംഗങ്ങളിലേക്കെത്തിക്കുവാന്‍ കഴിയും എന്നതാണ് ദേശീയ നേതൃയോഗത്തിന്റെ പ്രധാന സവിശേഷത. ഏതെങ്കിലും കാരണത്താല്‍ വ്യക്തിപരമായ ക്ഷണം ലഭിചിട്ടില്ലെങ്കില്‍ പോലും, തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ ഭാരവാഹികളും യുക്മയുടെ പ്രഥമ ദേശീയ നേതൃയോഗത്തില്‍ എത്തിച്ചേരണമെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു.
യുക്മ അംഗ അസ്സോസിയേഷനുകള്‍ക്കും യുക്മ റീജിയനുകള്‍ക്കും ഒരു നിശ്ചിത തുക ലഭിക്കത്തക്കവിധം തയ്യാറാക്കിയിരിക്കുന്ന വളരെ ആകര്‍ഷകമായ ഒരു പദ്ധതിക്കും യോഗത്തില്‍ തുടക്കം കുറിക്കും. ഇദംപ്രദമമായി സംഘടിപ്പിക്കുന്ന ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ്, ഏറെ പ്രതീക്ഷയോടെ ഈ വര്‍ഷം രൂപകല്പ്പന ചെയ്തിരിക്കുന്ന ‘യുക്മ ടൂറിസം പ്രൊജക്റ്റ്’ തുടങ്ങിയവയെക്കുറിച്ചും, പകുതി പിന്നിട്ട യുക്മ മെമ്പര്‍ഷിപ് ക്യാമ്പയിനെ കുറിച്ചും ഉച്ചക്ക്മുന്‍പുള്ള ആദ്യ സെഷന്‍ ചര്‍ച്ചചെയ്യും.
ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിമുതല്‍ നാല് മുപ്പതുവരെ നീണ്ടുനില്‍ക്കുന്ന രണ്ടാമത്തെ സെഷനില്‍ യുക്മ പോഷക വിഭാഗങ്ങളുടെ വിവിധ ഗ്രൂപ്പുകളായുള്ള യോഗങ്ങളും പരിശീലന കളരികളും ചര്‍ച്ചാ ക്ലാസ്സുകളും നടക്കും. ഏപ്രില്‍ 28 വെള്ളിയാഴ്ച സെന്‍ട്രല്‍ ലണ്ടനില്‍ നടക്കുന്ന യുക്മ നേഴ്‌സസ് ഫോറം പഠന ശിബിരത്തിന്റെ ഓര്‍ഗനൈസിംഗ് കമ്മറ്റി യോഗം നേഴ്‌സസ് ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കും. യുക്മയുടെ നിരവധി ജനകീയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള യുക്മ സാംസ്‌ക്കാരിക വേദിയുടെ ആലോചനായോഗമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. ‘ജ്വാല’ ഇമാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡും ഇതോടൊപ്പം യോഗം ചേരുന്നതാണ്.
സാങ്കേതിക വളര്‍ച്ചയോടൊപ്പം സോഷ്യല്‍ മീഡിയകളിലൂടെയുള്ള ചിട്ടയായ പ്രചാരണത്തിന്റെ ആവശ്യകതയും, അതിനായുള്ള പ്രായോഗിക അറിവുകളും ചര്‍ച്ച ചെയ്യുന്ന ‘സോഷ്യല്‍ മീഡിയ ചര്‍ച്ചാക്ലാസ്സ്’ ഏറെ പുതുമകള്‍ നിറഞ്ഞതാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രസ്തുത വിഷയത്തില്‍ വിദഗ്ദരായ വ്യക്തികള്‍ ചര്‍ച്ചകള്‍ നയിക്കും. യുക്മയുടെ ന്യൂസ് പോര്‍ട്ടലായ ‘യുക്മ ന്യൂസി’ന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന്റെയും ന്യൂസ് ടീമിന്റെയും സംയുക്ത യോഗം പ്രധാനപ്പെട്ട മറ്റൊരു ഒത്തുചേരലാണ്. യുക്മയുടെ എക്കാലത്തെയും സഹയാത്രികരായ ഇതര മാധ്യമങ്ങളുമായി ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തിക്കൊണ്ട്, നല്ലൊരു മാധ്യമ സംസ്‌ക്കാരം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ളതായിരിക്കും ചര്‍ച്ചകള്‍. യുക്മ പി.ആര്‍.ഒ. ടീമിന്റെ യോഗവും ഇതോടൊപ്പം നടക്കുന്നതാണ്.
യുക്മയുടെ കൂടുതല്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നേതൃയോഗം കരുത്തേകുമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഇത്തരം ദേശീയ നേതൃയോഗങ്ങള്‍ കൂടുകയെന്ന ലക്ഷ്യമാണ് യുക്മ നേതൃത്വത്തിനുള്ളത്. യോഗം നടക്കുന്ന ക്ലബിന്റെ വിലാസം താഴെ കൊടുക്കുന്നു :
Kingstanding Exservice Men’s Social Club, 72 Warren Farm Road, Birmingham B44 0QN
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല