1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2011

പ്രിയ എഡിറ്റര്‍ ;

ഈ കത്ത് നിങ്ങള്‍ പ്രസിദ്ധീകരിക്കുമോ എന്നെനിക്കറിയില്ല.എല്ലാവരും ചെയ്യുന്നത് പോലെ വാ തോരാതെ നിങ്ങളെ പുകഴ്ത്തിക്കൊണ്ട് ഈ കത്ത് തുടങ്ങാനും ഞാന്‍ ആഗ്രഹിക്കുനില്ല.സമയം കിട്ടുമ്പോഴോക്കെ ഇവിടുത്തെ ഒട്ടു മിക്ക ഓണ്‍ലൈന്‍ പത്രങ്ങളും വായിക്കാന്‍ ശ്രമിക്കാറുണ്ട്.തമ്മില്‍ ഭേദം തൊമ്മന്‍ എന്നതാണ് NRI മലയാളിക്ക് ഞാന്‍ നല്‍കുന്ന സ്ഥാനം.മുഖം നോക്കാതെ സത്യം വിളിച്ചു പറഞ്ഞാല്‍ നിങ്ങള്‍ പ്രസിധീകരിചെക്കും എന്നാണ് എന്‍റെ പ്രതീക്ഷ.ആ വിശ്വാസത്തിലാണ് ഞാന്‍ ഈ കത്തെഴുതുന്നത്.

അടുത്ത കാലത്തായി യുക്മയെയും ഗ്ളോബല്‍ മലയാളി കൌണ്‍സിലിനെയും താരതമ്യം ചെയ്തു വരുന്ന വാര്‍ത്തകളാണ് ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.ആരെയും പുകഴ്ത്താനോ താഴ്ത്തിക്കെട്ടാനോ ശ്രമിക്കാതെ വസ്തു നിഷ്ട്ടമായി കാര്യങ്ങള്‍ വിലയിരുത്താന്‍ ഞാന്‍ ശ്രമിക്കുകയാണ്.

യുക്മ എന്നത് യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയാണ്.അന്‍പതില്‍ കൂടുതല്‍ അസോസിയേഷനുകള്‍ യുക്മയില്‍ അംഗങ്ങള്‍ ആയുണ്ട്.ഇതിനു പുറമേ ഓരോ റീജിയനിലും യുക്മയ്ക് പ്രത്യേക ഭരണ സംവിധാനം ഉണ്ട്.അംഗ അസോസിയേഷനുകളില്‍ നിന്നും തിരഞ്ഞെടുത്തു വിടുന്ന അംഗങ്ങള്‍ ആണ് യുക്മയുടെ ജനറല്‍ ബോഡിയില്‍ ഉള്ളത്.അവരില്‍ നിന്നും തികച്ചും ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്നവരാണ് യുക്മയുടെ നേതൃ നിരയില്‍ ഉള്ളത്.

ഈ വര്‍ഷം മാത്രമാണ് യു കെയിലെ ഗ്ളോബല്‍ മലയാളി കൌണ്‍സിലിനെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്.ഇവിടുത്തെ ഏതെങ്കിലും മലയാളി അസോസിയേഷനുകള്‍ അതില്‍ അംഗങ്ങള്‍ ഉള്ളതായി അറിവില്ല.ജനാധിപത്യ രീതിയില്‍ ഈ സംഘടനയിലേക്ക് ഒരു തിരഞ്ഞെടുപ്പ് നടന്നതായും അറിവില്ല.മറിച്ച്‌ വിരലില്‍ എണ്ണാവുന്ന വ്യക്തികളാല്‍ സ്വയം അവരോധിക്കപ്പെട്ട ഒരു നേതൃ നിരയാണ് ഈ സംഘടനക്ക് ഉള്ളതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

യു കെ മലയാളികള്‍ക്ക് വേണ്ടി ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോഴും മോഹന്‍ സുന്ദര വാഗ്ദാനങ്ങള്‍ ആയിത്തന്നെ നില കൊള്ളുകയാനെങ്കിലും യുക്മ പൂര്‍ത്തീകരിച്ച നാഷണല്‍ കലാമേള,റീജിയണല്‍ മേളകള്‍,ഗിവ് എ കോട്ട്‌ തുടങ്ങിയ കാര്യങ്ങള്‍ എടുത്തു പറയേണ്ടതാണ്.വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഭരണം തീരാന്‍ നാലു മാസം ബാക്കിയുള്ളപ്പോള്‍ ഒരു ഭരണഘടന സംഘടിപ്പിചെടുക്കാനും നേതൃത്വത്തിന് സാധിച്ചു !

കവന്ട്രിയില്‍ വച്ചു നടത്തിയ ആഘോഷമായ വാര്‍ഷികത്തിലൂടെയാണ് ഞാനടക്കമുള്ള ഭൂരിപക്ഷം യു കെ മലയാളികളും ഗ്ളോബല്‍ മലയാളിയെ അറിഞ്ഞത്.നീണ്ടുപോയ പ്രസംഗങ്ങള്‍ ഒഴിവാക്കിയാല്‍ വളരെ ഭംഗിയായി വാര്‍ഷികം നടത്തപ്പെട്ടു.പ്രായോജകരുടെ സഹായത്താല്‍ ഫ്രീ ആയി കോമഡി ഷോ നടത്തിയതും അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഈ വാര്‍ഷികത്തില്‍ ഒരു ശരാശരി യു കെ മലയാളിയുടെ പ്രാതിനിധ്യം എത്രമാത്രം ഉണ്ടായിരുന്നു എന്നത് ചിന്താ വിഷയമാക്കെണ്ടതാണ്.

യുക്മയെയും ഗ്ളോബല്‍ മലയാളിയെയും താരതമ്യം ചെയ്യുന്നതിലെ അനൌചിത്യം ചൂണ്ടിക്കാണിക്കാനാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്.പേരിലെങ്കിലും മലയാളികളുടെ ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് യുക്മ. ഈ കൂട്ടായ്മയ്ക്ക് സാദാ മലയാളികളുടെ പിന്‍ബലവുമുണ്ട്.കര്‍മ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ യുക്മ നേതൃത്വം കൂടുതല്‍ കരുത്തുറ്റതാകെണമെന്ന സത്യം ഇവിടെ വിസ്മരിക്കുന്നില്ല.

അതേ സമയം ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ കൂടുതല്‍ ജനകീയമാവണം.സാധാരണ മലയാളിയുടെ പ്രാതിനിധ്യം ഈ പ്രസ്ഥാനത്തില്‍ ഉണ്ടാവണം.( നേതൃത്വം അത് ആഗ്രഹിക്കുന്നുണ്ടോ എന്നെനിക്കറിയില്ല).അവരുടെ പ്രശ്നങ്ങളില്‍ ഒപ്പം നില്‍ക്കുന്ന സംഘടനയാണിതെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കണം.ഇപ്പോള്‍ നിങ്ങളെ പുക്ഴ്തുന്നവരുടെ ഏക ലക്‌ഷ്യം യുക്മയെ താഴ്ത്തിക്കെട്ടുക എന്നതാണെന്ന സത്യം തിരിച്ചറിയണം.

യുക്മയെയും ഗ്ളോബല്‍ മലയാളിയെയും താരതമ്യം ചെയ്യുന്നവര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണെന്ന് പറയാതെ വയ്യ.വാര്‍ഷികങ്ങള്‍ക്കും,മേളകള്‍ക്കും ഉപരിയായി സാധാരണ മലയാളികള്‍ക്കൊപ്പം അവരുടെ പ്രശ്നങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന,അവരുടെ ഉന്നമനത്തിന് സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന, ഉശിരന്‍ നേത്രുത്വമുള്ള,ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനെയാണ് യു കെയിലെ മലയാളികള്‍ക്കാവശ്യം.അത് ഈ പ്രയാണത്തിന്റെ പാതിവഴിയില്‍ നില്‍ക്കുന്ന യുക്മയായാലും വേണ്ടില്ല,തുടക്കക്കാരായ ഗ്ളോബല്‍ മലയാളി കൌണ്‍സിലായാലും വേണ്ടില്ല.

നന്ദിയോടെ

പ്രകാശ്‌ ജോസഫ്‌
17 സോഹോ റോഡ്‌
ബിര്‍മിംഗ് ഹാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.