1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2019

ജയകുമാര്‍ നായര്‍ (യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പി.ആര്‍.ഒ.): കേരള സംസ്ഥാനത്തിന്റെ കഴിഞ്ഞ കാല നേട്ടങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഏതൊരു സാധാരണക്കാരനും ലഭ്യമാക്കുന്ന ഒരു നവകേരളം കെട്ടിപ്പടുക്കുവാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രയത്‌നത്തില്‍ പ്രവാസി മലയാളികളുടെ സഹായം അനിവാര്യമാണെന്ന് കേരള ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. യൂണിയന്‍ ഓഫ് യു.കെ. മലയാളി അസോസിയേഷന്‍സ് (യുക്മ) ദേശീയ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു ധനമന്ത്രി. നവകേരള നിര്‍മ്മാണത്തില്‍ പ്രവാസി മലയാളികളുടെ ദൗത്യത്തെപ്പറ്റിയും ഐക്യകേരളത്തിന്റെ ഇതുവരെയുള്ള വളര്‍ച്ചയില്‍ യുക്മ ഉള്‍പ്പെടെയുള്ള പ്രവാസി മലയാളി ദേശീയ സംഘടനകളുടെ നിസ്തുലമായ സംഭാവനകളെപ്പറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന വിപണി തുറക്കല്‍ ചടങ്ങിലും അതോടൊപ്പം കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിനുമായി ബ്രിട്ടണില്‍ എത്തിച്ചേര്‍ന്നതായിരുന്നു ധനമന്ത്രി.

വികസിത ലോകരാജ്യങ്ങളില്‍ ലഭ്യമായ നിലവാരത്തിലുള്ള വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഭരണനിര്‍വഹണം, റോഡ്, ജലപാത, മാലിന്യനിര്‍മ്മാര്‍ജനം എന്നിങ്ങനെ സമസ്തമേഖലകളിലും ഏത് സാധാരണക്കാരനും ലഭ്യമാക്കുന്ന തരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ വികസനമാണ് വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഈ അടിസ്ഥാന സൗകര്യവികസനത്തിന് 60,000 കോടി രൂപയുടെ മൂലധന നിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് കേരളത്തിനുള്ളത്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരി ലിസ്റ്റ് ചെയ്തതുപോലെ തന്നെ ഡോളര്‍ ബോണ്ട് ഉള്‍പ്പെടെയുള്ള നിക്ഷേപസമാഹരണ മാര്‍ഗ്ഗങ്ങളും ഉടനേ തേടുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനകരമാകുന്നതും എന്നാല്‍ തങ്ങളുടെ നിക്ഷേപത്തിലൂടെ സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാവുന്നതിനും സാധിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും കിഫ്ബി സി.ഇ.ഒ. കെ എം എബ്രഹാമിന്റെയും നേതൃത്വത്തില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതര്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ അഡ്വ. ഫീലിപ്പോസ് തോമസും പങ്കെടുത്ത പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനം ലണ്ടനിലെ മോണ്ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലില്‍ വച്ച് നടത്തിയിരുന്നു. പ്രവാസി ചിട്ടി ലോഞ്ചിങ് ചടങ്ങില്‍ യുക്മ നേതാക്കളും പ്രത്യേക ക്ഷണം സ്വീകരിച്ച് പങ്കെടുത്തിരുന്നു.

യുക്മയുടെ പുതിയ ഭരണസമിതി അധികാരത്തിലെത്തിയതിനു ശേഷം നടത്തിയ ആദ്യ ബഹുജന പരിപാടിയില്‍ തന്നെ സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയെ പങ്കെടുപ്പിക്കുന്നതിന് സാധിച്ചത് സംഘടനയുടെ ചരിത്രത്തിലെ നേട്ടമായിട്ടാണ് കണക്കാക്കപ്പെടുന്നത്. തിരക്കിട്ട പരിപാടികള്‍ക്കിടയിലും യുക്മയുടെ സ്വീകരണ ചടങ്ങിലേയ്ക്ക് എത്തിച്ചേര്‍ന്ന അദ്ദേഹം സംസ്ഥാനസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ യുക്മയുടെ സഹകരണത്തോടെ ബ്രിട്ടണിലെ പ്രവാസി മലയാളികളെ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കി.

അന്‍പത് വര്‍ഷക്കാലത്തെ വിശ്വസ്തസേവനത്തിന്റെ പാരമ്പര്യമുള്ള കെ.എസ്.എഫ്.ഇ. യൂറോപ്പിലെ പ്രവാസി മലയാളികളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന് തയ്യാറാണെന്ന് ചടങ്ങില്‍ പങ്കെടുത്ത കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ അഡ്വ. ഫീലിപ്പോസ് തോമസ് പറഞ്ഞു. കേരളീയ സമൂഹത്തിന് ചിട്ടി പദ്ധതിയിലുള്ള ആഭിമുഖ്യവും അത് നമ്മുടെ സംസ്ഥാനത്തിന്റെയും വളര്‍ച്ചയ്ക്ക് സഹായകരമായിട്ടുള്ളതുമെല്ലാം വിശദീകരിച്ച അദ്ദേഹം, സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കാളികളാവുന്നതിന് രൂപം നല്‍കിയിരിക്കുന്ന പുതിയ പദ്ധതികള്‍ ബ്രിട്ടണിലെ മലയാളികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്റ്റര്‍ ശ്രീ. എ. പുരുഷോത്തമന്‍ സ്ലൈഡ് ഷോയിലൂടെ പ്രവാസി ചിട്ടിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും വിശദീകരിച്ചു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് ധനമന്ത്രിയുമായുള്ള സദസ്സിന്റെ ചോദ്യോത്തരവേള നിയന്ത്രിച്ചു. എ.ഐ.സി. സെക്രട്ടറി ഹര്‍സേവ് ബെയിന്‍സ്, ലോകകേരളസഭ അംഗം രാജേഷ് കൃഷ്ണ, യുക്മ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ, ടിറ്റോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ സ്വാഗതവും മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ സെക്രട്ടറി നോബി ജോസ് നന്ദിയും പറഞ്ഞു.

യുക്മ പരിപാടികളുടെ പ്രധാന സ്‌പോണ്‍സര്‍മാരായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഉടമസ്ഥര്‍ ജോയ് തോമസ്, ബിജോ ടോം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. യുക്മ നേതാക്കളായ ഡോ. ബിജു പെരിങ്ങത്തറ, ജയകുമാര്‍ നായര്‍, ഡിക്‌സ് ജോര്‍ജ്, വീണ പ്രശാന്ത്, ജോര്‍ജ് മാത്യു, വൂസ്റ്റര്‍ മലയാളി അസോസിയേഷന്‍ നേതാക്കളായ അനില്‍ തോമസ്, റെജി ചാക്കോ, ഷോണി ജോസ്, ടിറ്റു സിറിയക്ക് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.