സജീഷ് ടോം (യുക്മ പി ആര്‍ ഒ): ഒന്‍പതാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടന്ന റീജിയണല്‍ കലാമേളകള്‍ക്ക് ആവേശോജ്വലമായ പരിസമാപ്തി. ഈ വരുന്ന ശനിയാഴ്ച സൗത്ത് യോര്‍ക്ക് ഷെയറിലെ ഷെഫീല്‍ഡില്‍ നടക്കുന്ന ദേശീയ കലാമേളയില്‍ ആരൊക്കെ തമ്മിലാവും ഏറ്റുമുട്ടുന്നതെന്ന ചിത്രം കൂടുതല്‍ വ്യക്തമായിക്കഴിഞ്ഞു.
യുക്മയുടെ എക്കാലത്തെയും കരുത്തരായ ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണുകളും നവാഗതരായ നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് റീജിയണും തങ്ങളുടെ മേഖലാ കലാമേളകള്‍ ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റീജിയണല്‍ കലാമേളകള്‍ തീര്‍ത്ത ആവേശം ഷെഫീല്‍ഡ് ദേശീയ കലാമേളയെ യുക്മയുടെ എക്കാലത്തെയും മികച്ച ദേശീയ മേളകളില്‍ ഒന്നായിമാറ്റും എന്നുറപ്പിച്ചു പറയാനാവും.
ബാസില്‍ഡണില്‍ നടന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന റീജിയണല്‍ കലാമേളകളില്‍ ഒന്നായിരുന്നു. നോര്‍വിച്ച് അസോസിയേഷന്‍ ഓഫ് മലയാളീസ് തുടര്‍ച്ചയായ മൂന്നാം തവണയും ചാമ്പ്യന്‍പട്ടം നിലനിറുത്തി. പ്രഥമ റീജിയണല്‍ കലാമേളയില്‍ ചാമ്പ്യന്‍മാരായ സൗത്തെന്‍ഡ് മലയാളീ അസോസിയേഷന്‍, കേംബ്രിഡ്ജ് മലയാളീ അസോസിയേഷനെ പിന്നിലാക്കി ഫസ്റ്റ് റണ്ണര്‍ അപ്പ് സ്ഥാനം കരസ്ഥമാക്കി. ദേശീയ ചാമ്പ്യന്‍ റീജിയണെ കണ്ടെത്താനുള്ള കലാശ പോരാട്ടത്തില്‍ എന്തുകൊണ്ടും മുന്നണിയിലായിരിക്കും ഈസ്റ്റ് ആംഗ്ലിയായുടെ സ്ഥാനം എന്നതില്‍ യാതൊരു സംശയവുമില്ല.
യുക്മ ദേശീയ കലാമേളയില്‍ ഹാട്രിക് ചാമ്പ്യന്‍മാരായ ചരിത്രം ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ് മാത്രം സ്വന്തം. തുടര്‍ച്ചയായ നാലാം വര്‍ഷവും ദേശീയ ചാമ്പ്യന്‍മാരാകാനുള്ള പടപ്പുറപ്പാടിലാണ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍. തുടര്‍ച്ചയായ മൂന്നാം തവണയും റീജിയണല്‍ ചാമ്പ്യന്മാരായ ബര്‍മിംഗ്ഹാം സിറ്റി മലയാളീ കള്‍ച്ചറല്‍ അസോസിയേഷന്റെയും ഫസ്റ്റ് റണ്ണര്‍ അപ്പ് ആയ സ്റ്റഫോര്‍ഡ്ഷയര്‍ മലയാളീ അസോസിയേഷന്റെയും ചിറകിലേറിയാണ് മിഡ്‌ലാന്‍ഡ്‌സ് എത്തുന്നത്. ദേശീയ കലാമേളകളിലും ഈ രണ്ടു അസോസിയേഷനുകളും ചാമ്പ്യന്‍ അസോസിയേഷന്‍ പട്ടം നേടിയിട്ടുള്ളവരാണെന്ന് അറിയുമ്പോള്‍, മിഡ്‌ലാന്‍ഡ്‌സിന്റെ ആവനാഴിയില്‍ കരുതിയിരിക്കുന്ന അസ്ത്രങ്ങളുടെ കരുത്ത് ഊഹിക്കാവുന്നതേയുള്ളൂ.
ഷെഫീല്‍ഡ് ദേശീയ കലാമേളയില്‍ കറുത്ത കുതിരകളാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന റീജിയനാണ് സൗത്ത് വെസ്റ്റ്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ ചാമ്പ്യന്‍മാരായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സൗത്ത് വെസ്റ്റ് റീജിയണല്‍ ചാമ്പ്യന്മാരായി കരുത്ത് തെളിയിച്ചാണ് ഷെഫീല്‍ഡിലേക്കെത്തുന്നത്. ശക്തരായ വില്‍ഷെയര്‍ മലയാളീ അസ്സോസിയേഷനെയും സാലിസ്ബറി മലയാളീ അസ്സോസിയേഷനെയും പിന്തള്ളി ഫസ്റ്റ് റണ്ണര്‍അപ്പ് ആയ എയ്ല്‍സ്ബറി മലയാളി അസോസിയേഷന്‍ ഗ്ലോസ്റ്ററിനോട് കൈകോര്‍ത്തു ദേശീയ ചാമ്പ്യന്‍ ട്രോഫി സൗത്ത് വെസ്റ്റിലേക്ക് എത്തിക്കുമോ എന്ന് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.
തുല്യ ശക്തരായ മറ്റൊരു റീജിയനാണ് സൗത്ത് ഈസ്റ്റ്. റീജിയണല്‍ കലാമേളയില്‍ ജേതാക്കളായ മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്തിന്റെയും ഫസ്റ്റ് റണ്ണര്‍ അപ്പ് ആയ കേരള കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ന്റെയും (ക്രോയ്ഡന്‍) കരുത്തിലാണ് സൗത്ത് ഈസ്റ്റ്കാര്‍ ഇത്തവണ ഷെഫീല്‍ഡില്‍ എത്തുന്നത്. ദേശീയ കലാമേളകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന റീജിയണ്‍ എന്നനിലയില്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന റീജിയണുകളില്‍ ഒന്നുതന്നെയാണ് സൗത്ത് ഈസ്റ്റും.
ഈ വര്‍ഷത്തെ ദേശീയ കലാമേളയുടെ ആതിഥേയ റീജിയണായ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ ആണ് ഏതു അട്ടിമറിക്കും പ്രാപ്തരായ മറ്റൊരു റീജിയണ്‍. മുന്‍ ദേശീയ കലാമേളകളില്‍ യോര്‍ക്ക് ഷെയറില്‍ നിന്നെത്തിയ അസോസിയേഷനുകള്‍ പല മുന്‍നിര അസ്സോസിയേഷനുകളെയും അട്ടിമറിച്ചു നേട്ടങ്ങള്‍ കൊയ്തിട്ടുള്ളതും, ആതിഥേയരെന്ന ആനുകൂല്യവും യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബറിന് പ്രാമുഖ്യം കല്പിക്കുവാന്‍ മതിയായ കാരണങ്ങളാകുന്നു. റീജിയണല്‍ ചാമ്പ്യന്മാരായ ഈസ്റ്റ് യോര്‍ക്ക് ഷെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (ഹള്‍), ഫസ്റ്റ് റണ്ണര്‍ അപ്പ് ആയ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ എന്നിവര്‍ തന്നെയാണ് കരുത്തരായ ടീമുകളെ റീജിണനുവേണ്ടി അണിനിരത്തുന്നത്.
യുക്മ ദേശീയ കലാമേളകളില്‍ എന്നും ശ്രദ്ധേയമായ സാന്നിധ്യമാണ് നോര്‍ത്ത് വെസ്റ്റ് റീജിയണ്‍. റീജിയണല്‍ കലാമേള ജേതാക്കളായ മാഞ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ തന്നെയായിരിക്കും ഇത്തവണ നോര്‍ത്ത് വെസ്റ്റിന്റെ ആവനാഴിയിലെ പ്രധാന അസ്ത്രം. ഒപ്പം ആദ്യ യുക്മ ദേശീയ കലാമേളയില്‍ ചാമ്പ്യന്‍ അസ്സോസിയേഷനായ മാഞ്ചെസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനെ പിന്നിലാക്കി ഫസ്റ്റ് റണ്ണറപ്പ് ആയ വാറിംഗ്ടണ്‍ മലയാളി അസോസിയേഷനും മുന്‍നിരയിലുണ്ട്. എതിരാളികള്‍ക്ക് ഭേദിക്കാന്‍ ഏറെ പാടുപെടേണ്ടിവരുന്ന ‘ത്രയംബകം’ തന്നെയായിരിക്കും ഒന്‍പതാമത് ദേശീയ കലാമേളയില്‍ സൗത്ത് വെസ്റ്റ് റീജിയണ്‍.
യുക്മ ദേശീയ കലാമേളയില്‍ നവാഗതരാണ് പുനഃസംഘടിപ്പിക്കപ്പെട്ട നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് റീജിയണ്‍. വലിയ അട്ടിമറി സ്വപ്നങ്ങള്‍ ഒന്നും നെഞ്ചിലേറ്റുന്നില്ലെങ്കിലും, ഒന്‍പതാമത് യുക്മ ദേശീയ കലാമേളയില്‍ ശക്തമായ സാന്നിധ്യമായിരിക്കും ഈ നവാഗത റീജിയണ്‍ എന്നതില്‍ സംശയമില്ല. ചിട്ടയായി സംഘടിപ്പിച്ച പ്രഥമ റീജിയണല്‍ കലാമേളകൊണ്ടുതന്നെ ശ്രദ്ധേയരായ നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് റീജിയന്റെ കരുത്ത് റീജിയണല്‍ ചാമ്പ്യന്മാരായ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റും (മാന്‍), ഫസ്റ്റ് റണ്ണറപ്പ് ആയ ഗ്ലാസ്‌ഗോ മലയാളി അസ്സോസിയേഷനുമാണ്.
ഒന്നിനൊന്ന് ശക്തരായ ഏഴ് റീജിയണുകള്‍ ഒപ്പത്തിനൊപ്പം ഏറ്റുമുട്ടുമ്പോള്‍ ഷെഫീല്‍ഡില്‍ തീപ്പൊരി ചിതറും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഓരോ വര്‍ഷം കഴിയുംതോറും പ്രതിഭ തെളിയിച്ചുകൊണ്ട് നിരവധി പുതു കലാകാരന്മാരും കലാകാരികളും യുക്മ കലാമേളാവേദികളില്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കുന്നുവെങ്കില്‍ അത് ഓരോ യു കെ മലയാളിയുടെയും മനസിന്റെ നന്മയാണ്; മധുമന്ദഹാസമായ് വിരിയുന്ന മലയാണ്മയുടെ വിജയമാണ്. ബാലഭാസ്‌ക്കറുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട്, ഒക്‌റ്റോബര്‍ 27 ശനിയാഴ്ച സൗത്ത് യോര്‍ക്ക് ഷെയറിലെ ഷെഫീല്‍ഡിലുള്ള പെനിസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളില്‍ സജ്ജീകരിച്ചിരിക്കുന്ന ‘ബാലഭാസ്‌ക്കര്‍ നഗറി’ല്‍ നടക്കുന്ന ഒന്‍പതാമത് യുക്മ ദേശീയ കലാമേളയിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. കലാമേള നഗറിന്റെ മേല്‍വിലാസം താഴെ കൊടുക്കുന്നു:
Penistone Grammar School, Huddersfield, Penistone, Sheffield S36 7BX
Public Relations Officer
Union of United Kingdom Malayalee Associations
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല