സജീഷ് ടോം (യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മ കലാമേളകള്‍ക്കൊപ്പം ഇനി കായികമേളകളും ഡിജിറ്റല്‍ മികവോടെ നടത്തപ്പെടും. ജൂണ്‍ 15ന് നടക്കുന്ന യുക്മയുടെ ദേശീയ കായികമേളയ്ക്കും അതിനു മുന്നോടിയായുള്ള റീജിയണല്‍ കായിക മേളകള്‍ക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറായിക്കഴിഞ്ഞു. പൂര്‍ണ്ണ സജ്ജമായ സോഫ്‌റ്റ്വെയറിന്റെ ഔദ്യോഗിക ലോഞ്ചിങ് കേരളത്തിന്റെ ബഹുമാനപ്പെട്ട ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് നിര്‍വഹിച്ചു. ധനമന്ത്രിയ്ക്ക് യുക്മ നല്‍കിയ സ്വീകരണയോഗത്തില്‍ നടത്തിയ ഹൃസ്വമായ ചടങ്ങിലായിരുന്നു സോഫ്‌റ്റ്വെയര്‍ ലോഞ്ചിങ് നടത്തിയത്. സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാവായ ജോസ്.പി.എം ന് ധനമന്ത്രി യുക്മ ദേശീയ കമ്മറ്റിയുടെ വകയായുള്ള പ്രത്യേക ഉപഹാരം സമ്മാനിച്ചു.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. ഫീലിപ്പോസ് തോമസ്, എം.ഡി ശ്രീ. എ.പുരുഷോത്തമന്‍, യുക്മ ദേശീയ ഭാരവാഹികളായ അലക്‌സ് വര്‍ഗ്ഗീസ്, അഡ്വ. എബി സെബാസ്റ്റ്യന്‍, ലിറ്റി ജിജോ, ടിറ്റോ തോമസ് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം മുതല്‍ റീജിയണല്‍നാഷണല്‍ കലാമേളകളില്‍ ഇതേ രീതിയിലുള്ള സോഫ്‌റ്റ്വെയര്‍ വളരെ വിജയകരമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ പുതിയ സോഫ്‌റ്റ്വെയര്‍ പ്ലാറ്റ്‌ഫോം കാലാനുസൃതമായി പരിഷ്‌ക്കരിച്ചിട്ടുള്ളതാണ്. ദേശീയ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ റീജിയണല്‍ നേതൃത്വത്തിനും അതോടൊപ്പം അംഗ അസോസിയേഷനുകള്‍ക്കും ഉപയോഗിക്കത്തക്ക വിധമാണ് സോഫ്‌റ്റ്വെയര്‍ രൂപകല്പന ചെയ്തിട്ടുള്ളത്.
ഈ പ്രത്യേക സോഫ്‌റ്റ്വെയര്‍ രൂപകല്പന നിര്‍വഹിച്ച് നിര്‍മ്മിച്ചിരിക്കുന്നത് യുക്മ മുന്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ സെക്രട്ടറി കൂടിയായ പാലാ രാമപുരം സ്വദേശി ജോസ്.പി.എം ആണ്. ലണ്ടനിലെ നാല് പതിറ്റാണ്ട് പാരമ്പര്യമുള്ള മലയാളി സംഘടനയായ സൗത്താള്‍ ബ്രിട്ടീഷ് കേരളൈറ്റ്‌സ് എന്ന സംഘടനയുടെ പ്രവര്‍ത്തകനായിരുന്നു ജോസ്. യു.കെയിലെ ഹെല്‍ത്ത് കെയര്‍ രംഗത്ത് എന്‍.എച്ച്.എസിനും നഴ്‌സിങ് ഏജന്‍സികള്‍ക്കും ഉള്‍പ്പെടെ നിരവധി വ്യത്യസ്തങ്ങളായ സോഫ്‌റ്റ്വെയര്‍ & വെബ് സൈറ്റ് ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന ജെ.എം.പി സോഫ്റ്റ് വെയര്‍ (www.jmpsoftware.co.uk) എന്ന കമ്പനി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല