തോമസ് മാറാട്ടുകളം: ‘യുക്മ ചലഞ്ചര്‍ കപ്പി’നായുള്ള യുക്മയുടെ നാലാമത് ദേശീയ മെന്‍സ് ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്ടിന് സാലിസ്ബറിയില്‍ ഗംഭീര പരിസമാപ്തി. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഗത്ഭരായ നിരവധി ടീമുകള്‍ പങ്കെടുത്ത ഇത്തവണത്തെ ടൂര്‍ണമെന്റില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ലണ്ടനില്‍നിന്നുള്ള റാം ലെനിന്‍ സഖ്യംതന്നെ ജേതാക്കളായി.
സാലിസ്ബറി ബ്രയന്‍ വൈറ്റ്‌ഹെഡ് സ്‌പോര്‍ട്‌സ് സെന്റ്ററില്‍ രാവിലെ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ടൂര്‍ണമെന്‍ട് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. യുക്മ സൗത്ത് വെസ്‌ററ് റീജയണല്‍ പ്രസിഡന്റ് ശ്രീ.സുജു ജോസഫ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ടൂര്‍ണമെന്‍ട് കോഓര്‍ഡിനേറ്റേഴ്‌സും യുക്മ നാഷണല്‍ കമ്മറ്റി അംഗങ്ങളുമായ തോമസ് മാറാട്ടുകളം, ടിറ്റോ തോമസ്, സൗത്ത് ഈസ്‌ററ് റീജയണല്‍ പ്രസിഡന്റ് മനോജ് പിള്ള, മിഡ്‌ലാന്‍ഡ്‌സ് റീജയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍, സൗത്ത് വെസ്‌ററ് റീജയണല്‍ സെക്രട്ടറി കെ.എസ്.ജോണ്‍സണ്‍, സാലിസ്ബറി അസോസിയേഷന്‍ സെക്രട്ടറി സില്‍വി ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ ക്രോയ് ഡനില്‍ നിന്നുമുള്ള അച്ഛനും മകനുമായ രാജീവ് റീസ് സഖ്യം ടൂര്‍മെന്റ്റില്‍ രണ്ടാം സ്ഥാനം നേടി. ലണ്ടനില്‍ നിന്നുള്ള സുരേഷ് ഡിനു സഖ്യം മൂന്നാമതെത്തിയപ്പോള്‍ മാഞ്ചെസ്റ്ററില്‍നിന്നുള്ള സനീഷ് അനി സഖ്യം നാലാം സ്ഥാനം കരസ്ഥമാക്കി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച എല്ലാ ടീമുകള്‍ക്കും ട്രോഫിയും ക്യാഷ് പ്രൈസും പ്രഖ്യാപിച്ചു എന്ന സവിശേഷതയോടെയാണ് ഈ വര്‍ഷത്തെ യുക്മ ചലഞ്ചര്‍ കപ്പ് സംഘടിപ്പിക്കപ്പെട്ടത്. യുക്മയുടെ സഹയാത്രികരും വിവിധ യുക്മ പരിപാടികളുടെ പ്രായോജകരുമായ അലൈഡ് ഫൈനാന്‍സിയേഴ്‌സ്, ലോ ആന്‍ഡ് ലോയേഴ്‌സ് സോളിസിറ്റേഴ്‌സ്, റിംഗ് ടു ഇന്ത്യ എന്നിവരാണ് ക്യാഷ് പ്രൈസുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍, യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി കായിക പ്രേമികളെ സാക്ഷിനിറുത്തി, ടൂര്‍ണമെന്റ് ജേതാക്കളായ റാം ലെനിന്‍ സഖ്യം യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോമില്‍ നിന്നും യുക്മ ചലഞ്ചര്‍ കപ്പ് ഏറ്റുവാങ്ങി. യുക്മയുടെ നാഷണല്‍ റീജിയണല്‍ തലത്തിലുള്ള നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. അയര്‍ലണ്ടില്‍ നിന്നുവരെ എത്തിയ ടീമുകള്‍ പങ്കെടുത്തു എന്ന ഖ്യാതിയോടെ നാലാമത് യുക്മ ചലഞ്ചര്‍ കപ്പ് ടൂര്‍ണമെന്റിന് കൊടിയിറങ്ങിയപ്പോള്‍ യുക്മയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തികൊടുത്തു എന്ന് സംഘാടകര്‍ക്ക് അഭിമാനിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല