ന്യൂപോര്‍ട്ട്: ഈ മാസം 24ന് ബര്‍മിംഗ്ഹാമില്‍ നടന്ന യുക്മ നാഷണല്‍ ഇലക്ഷനില്‍ വച്ച് യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബിജു പന്നിവേലിലിന് അഭിനന്ദന പ്രവാഹം. യുക്മ വെയ്ല്‍സ് റീജിയണിലെ ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റിയില്‍ നിന്നുള്ള പ്രതിനിധിയായ ബിജു തോമസ് പന്നിവേലില്‍ എതിരില്ലാതെയാണ് ദേശീയ ജോയിന്റ് സെക്രട്ടറി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പല സ്ഥാനങ്ങളിലേക്കും അത്യന്തം വാശിയേറിയ മത്സരം തന്നെ നടന്നപ്പോള്‍ മൃദുഭാഷിയും സൗമ്യനുമായ ബിജുവിന്റെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയായ ബിജു പന്നിവേലില്‍ 198291 കാലഘട്ടത്തില്‍ കടുത്തുരുത്തി എം. എല്‍. എ ആയിരുന്ന പി. സി. തോമസിന്റെ സീമന്ത പുത്രനാണ്. കല്ലറ എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ കൌണ്‍സില്‍ ചെയര്‍മാനായി തുടക്കം കുറിച്ച ബിജു വിദ്യാര്‍ത്ഥി, യുവജന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മാന്നാനം കെ. ഇ കോളേജ്, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബിജു പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍വര്‍ക്കില്‍ മാസ്‌റ്റേര്‍സ് ബിരുദവും ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമയും നേടി. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ആയും പിന്നീട് അഞ്ചു വര്‍ഷക്കാലം ഖത്തറിലും ജോലി ചെയ്തതിനു ശേഷമാണ് 2002 ല്‍ കുടുംബ സമേതം യു. കെ യിലെത്തിയത്.
വെയില്‍സിലെ പ്ലാസ്ഗല്ലര്‍ കെയര്‍ ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേഷന്‍ സെക്ഷനിലും. ഗ്വെന്റ് കൌണ്ടി വോളന്ററി കൌണ്‍സിലില്‍ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് വര്‍ക്കറായും ജോലി ചെയ്തിട്ടുണ്ട്. 2012 ല്‍ ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റിയുടെ സെക്രട്ടറിയായി സേവനമനുഷ്ടിച്ചു. 2013 ല്‍ യുക്മ വെയില്‍സ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയും പിന്നീട് റീജിയണല്‍ പ്രസിഡന്റ് ആയും തെരഞ്ഞെടുക്കപ്പെട്ടു. റോയല്‍ ഗ്വെന്റ് എന്‍ എച്ച് എസില്‍ നേഴ്‌സ് ആയ മിനുവാണ് ഭാര്യ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ റിസും, റിയാനും മക്കള്‍.
യുക്മയുടെ അഭിമാന പ്രോഗ്രാമുകളില്‍ ഒന്നായിരുന്ന യുക്മഅലൈഡ് ചിത്രഗീതം ഷോയുടെ ആദ്യ സ്‌റ്റേജ് വെയ്ല്‍സില്‍ അരങ്ങേറിയത് ബിജു തോമസ് റീജിയണല്‍ പ്രസിഡന്റ് ആയിരുന്നപ്പോഴാണ്. പ്രശസ്ത ഗായിക പത്മശ്രീ. ഡോ. കെ.എസ്. ചിത്ര, സിനിമാതാരങ്ങളായ നാദിര്‍ഷാ, രമേഷ് പിഷാരടി തുടങ്ങിയവരും പങ്കെടുത്ത പ്രസ്തുത ഷോയ്ക്ക് ആതിഥ്യമരുളിയത് ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി ആയിരുന്നു. ബിജുവിന് ലഭിച്ച ദേശീയ ഭാരവാഹിത്വം ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റിക്ക് കൂടി ലഭിച്ച അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ന്നും തന്നാല്‍ കഴിയും വിധം യുക്മ പ്രവര്‍ത്തനങ്ങള്‍ എല്ലാ മലയാളികളിലേക്കും വ്യാപിപ്പിക്കാനും സംഘടന കൊണ്ടുള്ള ഗുണം എല്ലാവര്‍ക്കും ലഭ്യമാക്കാനും ശ്രമിക്കുമെന്ന് ബിജു അറിയിച്ചു.
ബിജുവിന്റെ തെരഞ്ഞെടുപ്പ് വാര്‍ത്ത വെയില്‍സ് റീജിയണിലെ അംഗ അസോസിയേഷനുകള്‍ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചത്. സ്വാന്‍സി മലയാളി അസോസിയേഷന്‍, കാര്‍ഡിഫ് മലയാളി അസോസിയേഷന്‍, വെസ്റ്റ് വെയ്ല്‍സ് മലയാളി അസോസിയേഷന്‍, ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി, അബരീസ്വിത്ത് മലയാളി അസോസിയേഷന്‍ എന്നീ അസോസിയേഷനുകളാണ് വെയ്ല്‍സ് റീജിയനില്‍ നിന്നും യുക്മയിലുള്ളത്. യുക്മ മുന്‍ നാഷണല്‍ സെക്രട്ടറി ബിന്‍സു ജോണ്‍, സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജി ജോര്‍ജ്ജ്, സെക്രട്ടറി ജിനോ ഫിലിപ്പ്, കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് കൊച്ചാപ്പള്ളില്‍, ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ബെന്നി സിറിയക്, മുന്‍ പ്രസിഡന്റ് ജോബി മാത്യു, വെസ്റ്റ് വെയ്ല്‍സ് മലയാളി അസോസിയേഷനില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റിയംഗം അഭിലാഷ് തോമസ്, അബരീസ്വിത്ത് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അനീഷ് കുര്യാക്കോസ് തുടങ്ങി നിരവധി പേരാണ് വെയില്‍സില്‍ നിന്നും ബിജുവിനെ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ വിളിച്ചത്.
യുക്മ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, സെക്രട്ടറി സജീഷ് ടോം, ട്രഷറര്‍ ഷാജി തോമസ്, മുന്‍ പ്രസിഡന്റുമാരായ വിജി കെ.പി, വര്‍ഗ്ഗീസ് ജോണ്‍, വൈസ് പ്രസിഡന്റ് ബീന സെന്‍സ് തുടങ്ങിയവരും അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ വിളിച്ചിരുന്നു. ബിജുവിനെ അഭിനന്ദിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല