വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി. ആര്‍.ഒ): കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവം പോലെ കേരളത്തിന് പുറത്ത് മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ ദേശീയ കലാമേളയ്ക്ക് യു.കെ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച്ച ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടിന് സമീപമുള്ള സ്ലോ പട്ടണത്തില്‍ നടക്കുന്ന കലാമേളയ്ക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സൗത്ത് ഈസ്റ്റ് റീജിയണില്‍ ആദ്യമായി നടക്കുന്ന കലാമേള ഒരു വന്‍ വിജയവും ആഘോഷവുമാക്കി മാറ്റുന്നതിന് സംഘാടകസമിതിയ്‌ക്കൊപ്പം റീജിയണല്‍ കമ്മറ്റിയും സ്ലോവിലെ മലയാളി അസോസിയേഷനുമെല്ലാം സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
എട്ടാമത് ദേശീയ കലാമേള യുക്മ നടത്തുമ്പോള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ മത്സരാര്‍ത്ഥികളും കാണികളുമെല്ലാം പങ്കെടുക്കുന്ന സാഹചര്യമാണുള്ളത്. എട്ട് റീജിയണുകളില്‍ വളരെ ജനപങ്കാളിത്തോടെ സംഘടിപ്പിക്കപ്പെട്ട റീജിയണല്‍ കലോത്സവങ്ങളില്‍ വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാരാണ് ദേശീയ കലാമേളയില്‍ ഏറ്റുമുട്ടുന്നത്. മത്സരാര്‍ത്ഥികളുടെ ബാഹുല്യം കാരണം ആദ്യമായി അഞ്ച് വേദികളിലേയ്ക്ക് കലാമേള മത്സരങ്ങള്‍ നടത്തുന്നതും ഇത്തവണയാണ്. കൃത്യതയോടെ മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച് വിജയികളെ പ്രഖ്യാപിക്കാനാവും എന്ന ആത്മവിശ്വാസത്തിലാണ് സംഘാടകസമിതി. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, കലാമേള ജനറല്‍ കണ്‍വീനര്‍ ഓസ്റ്റിന്‍ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.
ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് എത്തുന്ന മിഡ്?ലാന്റ്‌സ് തന്നെയാണ് ഇത്തവണയും ഏറ്റവും വിജയപ്രതീക്ഷയുള്ള റീജിയണ്‍. എന്നാല്‍ എട്ട് റീജിയണില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെത്തുമ്പോള്‍ ഓരോ പോയിന്റും വിലപ്പെട്ടതാണ്. വാശിയേറിയ പോരാട്ടം കാഴ്ച്ച വയ്ക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് മറ്റു റീജിയണുകളും. ആതിഥേയരായ സൗത്ത് ഈസ്റ്റ്, കരുത്തരായ ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ്, യോര്‍ക്ക്‌ഷെയര്‍, നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് എന്നിങ്ങനെ എല്ലാ റീജിയണുകളും വിജയപ്രതീക്ഷയിലാണ്.
ശനിയാഴ്ച്ചത്തെ കലാമാമാങ്കത്തിന് സാക്ഷ്യം വഹിക്കുവാന്‍ എല്ലാവരേയും യുക്മ ദേശീയ കലാമേള സംഘാടക സമിതി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല