സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): ഒന്‍പതാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 27 ശനിയാഴ്ച നടക്കുന്ന മേളയുടെ നഗര്‍ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ എല്ലാ യു.കെ. മലയാളികള്‍ക്കും യുക്മ അവസരം ഒരുക്കുകയാണ്.
മലയാള സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും. അഭിനയതികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, സംഗീത കുലപതികളായ ദക്ഷിണാമൂര്‍ത്തി സ്വാമികളും എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് മഹാകവി ഒ.എന്‍.വി.കുറുപ്പും, മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടന്‍ കലാഭവന്‍ മണിയുമെല്ലാം അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു.
മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യു കെ മലയാളിക്കും നാമനിര്‍ദ്ദേശ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. സെപ്റ്റംബര്‍ 28 വെള്ളിയാഴ്ചക്ക് മുന്‍പായി secretary@uukma.org
എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് നാമനിര്‍ദ്ദേശങ്ങള്‍ അയക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തികളില്‍ നിന്നും, നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് യുക്മ ദേശീയ കലാമേള നഗറില്‍വച്ച് പുരസ്‌ക്കാരം നല്‍കുന്നതാണ്. നഗര്‍ നാമകരണ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നാമനിര്‍ദ്ദേശത്തോടൊപ്പം ഉള്‍പ്പെടുത്തേണ്ടതാണെന്ന് യുക്മ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അറിയിച്ചു.
യു.കെ. മലയാളികളുടെ ഉത്സവദിനങ്ങളായി മാറിക്കഴിഞ്ഞ യുക്മ കലാമേളകള്‍ പ്രതിഭയുടെ മാറ്റുരക്കലാകുമെന്നതില്‍ സംശയമില്ല. ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാര്‍ത്ഥികളായി എത്തിച്ചേരുന്ന യുക്മ ദേശീയ കലാമേളയില്‍ കലയെ സ്‌നേഹിക്കുന്ന യു.കെ. മലയാളികളായ ആയിരങ്ങള്‍ കാണികളായും ഒത്തുചേരുമ്പോള്‍ ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് തിരശീലയുയരുക. യുകെ മലായാളികളുടെ ദേശീയോത്സവം എന്ന ഖ്യാതി നേടിയ നാഷണല്‍ കലാമേള ഒക്ടോബര്‍ ഇരുപത്തിയേഴാം തീയതി ശനിയാഴ്ച യോര്‍ക്ഷയര്‍ ഹംബര്‍ റീജിയനില്‍ നടക്കുമ്പോള്‍ അതിന്റെ ഭാഗമാകുവാന്‍ യുക്മ ദേശീയ കമ്മറ്റി ഏവരേയും സ്വാഗതം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല