1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2018

ബാലസജീവ് കുമാര്‍ (യുക്മ പി ആര്‍ ഓ): ശനിയാഴ്ച്ച ബിര്‍മിങ്ഹാമില്‍ വച്ച് നടന്ന യുക്മ നാഷണല്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മലയാളി അസോസിയേഷന്‍ ഓഫ് സന്ദര്‍ലാന്റ് കഴിഞ്ഞ വര്‍ഷത്തെ വിജയികളായ എസ്. എം. എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് അസോസിയേഷന്‍നില്‍ നിന്ന് കിരീടം തട്ടിയെടുത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന്‍നുള്ള യുക്മ എവര്‍റോളിംഗ് ട്രോഫി നേടി. മിഡ്‌ലാന്റ്‌സ് റീജിയന്റെ കുത്തകയായിരുന്ന റീജിയണല്‍ ചാമ്പ്യന്‍ ഷിപ്പ് പട്ടവും നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്‌ലന്‍ഡ് റീജിയന്‍ ഈ വര്‍ഷം നേടി എടുത്തുകൊണ്ട് പ്രിന്‍സ് ആല്‍ബിന്‍ ട്രോഫിയില്‍ മുത്തമിട്ടു.

എഡ്മന്റണ്‍ മലയാളി അസോസിയേഷന്‍നും, എസ്.എം.എ സ്റ്റോക്ക് ഓണ്‍ ട്രെന്റും ഏറ്റവും കൂടുതല്‍ പോയിന്റ് നേടി രണ്ടാം സ്ഥാനത്തും എത്തി ചേര്‍ന്നു. വടം വലിയുടെ ഫൈനല്‍ മത്സരത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയനും സൗത്ത് റീജിയനും തമ്മില്‍ നടന്ന അത്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ സൗത്ത് റീജിയന്‍ തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി നേടി.

യുക്മ നാഷണല്‍ പ്രസിഡന്റ് ഉത്ഘാടനം നിര്‍വഹിച്ച ദേശിയ കായികമേള കൃത്യം 11 മണിയോടെ കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടു കൂടി ആരംഭിച്ചു. ഉദ്ഘാടന വേദിയില്‍ വച്ച് യുക്മയുടെ ദശവര്‍ഷ ആഘോഷത്തിന്റെ ലോഗോ യുക്മ മുന്‍ ദേശീയ ട്രഷറര്‍ ആയിരുന്ന സിബി തോമസിന് കൈമാറി പ്രകാശനം ചെയ്തു. യുക്മയുടെ ഈ വര്‍ഷം നടക്കാന്‍ പോകുന്ന എല്ലാ പരിപാടികള്‍ക്കും ഈ ലോഗോ ആയിരിക്കും ഉപയോഗിക്കുന്നത് എന്ന് യോഗ മദ്യത്തില്‍ ശ്രീ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

കിഡ്‌സ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ല്യൂട്ടന്‍ കേരള അസോസിയേഷനിലെ ജേക്കബ് ജോജോ ചാംപ്യന്‍ ആയപ്പോള്‍ കിഡ്‌സ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിവിയ തോമസ് ബിര്‍മിംഗ്ഹാം കേരള വേദി, മിഡ്‌ലാന്റ്‌സ് റീജിയന്‍ വ്യക്തിഗത ചാംപ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കി. സബ്ജൂനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എഡ്മണ്ടന്‍ മലയാളി അസോസിയേഷനിലെ ഡൊമിനിക് സിജോ വ്യക്തിഗത ചാമ്പ്യന്‍ ആയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്. എം . എ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ അനീഷ വിനു വ്യക്തിഗത ചാംപ്യന്‍ഷിപ്പ് പട്ടം നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച കെസ്റ്റര്‍ ടോമിയും മിഡ്‌ലാന്റ്‌സ് റീജിയണിലെ എസ് എം എ സ്റ്റോക് ഓണ്‍ ട്രെന്റിലെ ഷാരോണ്‍ ടെറന്‍സ് വ്യക്തിഗത ചാമ്പ്യന്‍മാരായി. സീനിയര്‍ പുരുഷ വിഭാഗത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും സൗത്ത് വെസ്റ്റ് റീജിയണിലെ എസ് എം എ സാലിസ്ബറിയിലെ പദ്മരാജ് എം പി ചാമ്പിയന്‍ഷിപ്പ് പട്ടം നേടി. വനിതാ വിഭാഗത്തില്‍ മാസ് സുന്ദര്‍ലാന്റിലെ ഷോജിമോള്‍ ടോം ചാമ്പ്യനായി.

അഡള്‍ട് പുരുഷ വിഭാഗത്തില്‍ സൗത്ത് ഈസ്റ്റ് റീജിയണിലെ വില്‍ഷയര്‍ മലയാളി അസോസിയേഷനിലെ ജിബു ജോര്‍ജ് കരസ്ഥമാക്കിയപ്പോള്‍ വനിതാ വിഭാഗത്തില്‍ സലിന സജീവ് എഡ്മണ്ടന്‍ മലയാളീ അസോസിയേഷന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയനും കരസ്ഥമാക്കി. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ എഡ്മണ്ടന്‍ മലയാളീ അസോസിയേഷനിലെ വര്‍ഗീസ് താഴേക്കാടന്‍ ചാമ്പ്യന്‍ ആയപ്പോള്‍ വത്സമ്മ ടോമി മാസ് സുന്ദര്‍ലാന്റ് വനിതാ വിഭാഗം ചാംപ്യന്‍ഷിപ് നേടി.

യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സുരേഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് ഈ വര്‍ഷത്തെ നാഷണല്‍ കായികമേള സംഘടിപ്പിച്ചത് . എഡിങ്ടന്‍ മലയാളി അസോസിയേഷനിലെ ഇഗ്‌നേഷ്യസ് പെട്ടയില്‍, ജോര്‍ജ്ജ് മാത്യു എന്നിവരും, സൗത്ത്അ ഈസ്റ്റ് റീജിയണല്‍ ട്രെഷറര്‍ അനില്‍ വര്‍ഗീസും സുരേഷ് കുമാറിന് പൂര്‍ണ്ണ പിന്തുണയുമായി മത്സരങ്ങളുടെ ക്രമീകരണത്തിന് സഹായിക്കുക കൂടി ചെയ്തപ്പോള്‍ ചിട്ടയോടെയും, അച്ചടക്കത്തോടെയും നടന്ന യുക്മയുടെ അവിസ്മരണീയമായ മറ്റൊരു പരിപാടി കൂടി ആയി ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കായികമേള.

യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് സുജു ജോസഫ്, ജോയിന്റ് സെക്രട്ടറി ഓസ്ടിന്‍ അഗസ്റ്റിന്‍, ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, വിവിധ റീജിയനുകളെ പ്രതിനിധീകരിച്ചു എത്തിയ ഭാരവാഹികള്‍ എന്നിവര്‍ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സഹായിച്ചു.

ഈ കായിക മേള ഒരു വന്‍ വിജയമാക്കിയതില്‍ വന്‍ പങ്കു വഹിച്ച എല്ലാ അസോസിയേഷന്‍നുകളെയും, റീജിയനുകളെയും യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അഭിനന്ദനങ്ങള്‍ അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.