അലക്സ് വര്‍ഗീസ് (യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി): പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബര്‍മിംഗ്ഹാമില്‍ നടന്നു. ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു. യുക്മ രൂപീകൃതമായതിന്റെ ദശാബ്ദി വര്‍ഷത്തില്‍ പുത്തന്‍ കര്‍മ്മ പരിപാടികളുമായി മുന്നോട്ടുപോകുവാന്‍ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ ശക്തമായ റീജിയണുകളും സുശക്തമായ ദേശീയ നേതൃത്വവും എന്ന രീതിയില്‍ അംഗ അസ്സോസിയേഷനുകളെയും യു കെ മലയാളി പൊതുസമൂഹത്തെയും ഏകോപിപ്പിക്കുന്ന വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണസമിതി യോഗം വിപുലമായ രൂപരേഖ തയ്യാറാക്കി.
ദേശീയ ഭാരവാഹികളെ കൂടാതെ വിവിധ റീജിയണല്‍ പ്രസിഡന്റുമാരും റീജിയണുകളില്‍നിന്നുമുള്ള ദേശീയ കമ്മറ്റി അംഗങ്ങളും മുന്‍ പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമടങ്ങുന്നതാണ് യുക്മ ദേശീയ നിര്‍വാഹക സമിതി. പുതിയ ദേശീയ നേതൃത്വം പ്രവര്‍ത്തനം ആരംഭിച്ചതിന്റെ തുടര്‍ച്ചയായി യുക്മയുടെ പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ മറ്റു പ്രധാനപ്പെട്ട തസ്തികകളിലും അഴിച്ചുപണികള്‍ നടന്നു.
അടുത്ത രണ്ടു വര്‍ഷങ്ങളിലേക്കുള്ള നാഷണല്‍ പി ആര് ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ ആയി സജീഷ് ടോം നിയമിതനായി. യുക്മ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ സജീഷ് ടോം കഴിഞ്ഞ ഭരണസമിതിയിലും പി ആര് ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജ്വാല ഇമാഗസിന് മാനേജിങ് എഡിറ്റര്‍, യുക്മന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകളും കഴിഞ്ഞ ഭരണസമിതിയുടെ കാലയളവില്‍ സജീഷ് ടോം നിര്‍വഹിച്ചിരുന്നു.
യു കെ മലയാളികളുടെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളില്‍ സജീവ സഹയാത്രികനായ സജീഷ് ടോം, ബ്രിട്ടനിലെ രാഷ്ട്രീയ തൊഴിലാളി സംഘടനാ രംഗങ്ങളിലും നിറഞ്ഞുനില്ക്കുന്ന ഇന്ത്യന്‍ സാന്നിധ്യമാണ്. ലേബര്‍ പാര്‍ട്ടിയുടെ ബേസിംഗ്സ്റ്റോക്ക് പാര്‍ലമെന്റ് മണ്ഡലത്തിലെ ന്യൂനപക്ഷപിന്നോക്ക വിഭാഗം (ബ്ളാക്ക് ഏഷ്യന്‍ ആന്‍ഡ് മൈനോറിറ്റി എത്നിക്) ചുമതലയുള്ള ഭാരവാഹിയായി (BAME Officer) തുടര്‍ച്ചയായ മൂന്നാം തവണയും പ്രവര്‍ത്തിക്കുന്ന സജീഷ്, 2018 ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയിരുന്നു.
ബ്രിട്ടനിലെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിലാളി സംഘടനയായ യൂണിസണ്‍ (UNISON) ന്റെ ബേസിംഗ്സ്റ്റോക്ക് ഹെല്‍ത്ത് ബ്രാഞ്ച് ചെയര്‍പേഴ്സണ്‍ ആയും, ‘യൂണിസണ്ലേബര്ലിങ്ക്’ ഓഫീസര്‍ ആയും സജീഷ് ടോം പ്രവര്‍ത്തിക്കുന്നു. ഫെബ്രുവരി മാസം ലണ്ടനില്‍ നടന്ന യൂണിസണ്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ നിര്‍വാഹക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഭിമാനകരമായ വിജയം കരസ്ഥമാക്കിയ സജീഷ് ടോം സംഘടനയുടെ റീജിയണല്‍ ഫിനാന്‍സ് സ്ട്രാറ്റജിക് കമ്മറ്റിയിലും വെല്‍ഫെയര്‍ കമ്മറ്റിയിലും അംഗമാണ്. ബേസിംഗ്സ്റ്റോക്ക് എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ അഡ്മിന് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.
യു കെ പൊതുസമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവമായി ഇടപെടുന്നതോടൊപ്പം തന്നെ, യു കെ മലയാളി സമൂഹത്തിനായും പ്രവര്‍ത്തിക്കുവാന്‍ സമയം കണ്ടെത്തുന്നു എന്നതാണ് സജീഷ് ടോമിനെ വ്യത്യസ്തനാക്കുന്നത്. യുക്മയുടെ പുതിയ നാഷണല്‍ പി ആര് ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോമിനെ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, മുന്‍ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ അഭിനന്ദിച്ചു. യുക്മയുടെ ഔദ്യോഗീക വാര്‍ത്തകള്‍ നേരിട്ട് കിട്ടാത്ത മാധ്യമങ്ങള്‍ pro.ukma@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം തന്നെ യുക്മ നാഷണല്‍ പി ആര് ഒ യുമായി 07706913887 എന്ന നമ്പറിലും വാര്‍ത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല