ടോമിച്ചന് കൊഴുവനാല്‍
യുക്മ ദേശീയ ജനറല്‍ ബോഡി സംഘടനയുടെ നിയമാവലിക്ക് അംഗീകാരം നല്കി. വ്യക്തമായ കാഴ്ച്ചപ്പാടുകളോടെ ശക്തമായ നിയമാവലിയുടെ അടിസ്ഥാനത്തില്‍ എല്ലാ അംഗ അസ്സോസിയേഷനുകളുടെയും സഹകരണത്തോടെ മുഴുവന്‍ ഭാരവാഹികളും ഒത്തരുമയോടെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറണമെന്ന് ബര്‍മിങ്ഹാമില്‍ ചേര്‍ന്ന യുക്മയുടെ പ്രഥമ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബാല സജീവ്കുമാര്‍ യുക്മയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ അംഗ അസ്സോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികളുടെ സജീവ പങ്കാളിത്തം യോഗത്തെ സജീവമാക്കി. യുക്മ ഓര്‍ഗനൈസിംഗ് സെക്രട്ടറി മാമ്മന്‍ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ട്രഷറര്‍ സിബി തോമസും ജോയിന്റ് സെക്രട്ടറി മാത്യു അലക്സാണ്ടറും ചേര്‍ന്ന് തയ്യാറാക്കിയ നിയമാവലി രാവിലെ ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം നടന്ന പൊതു യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്ത് അംഗങ്ങളുടെ അനുയോജ്യമായ ഭേദഗതികളോടെ ഏകകണ്ഠമായി അംഗീകരിച്ചു. സംഘടന ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ എക്സിക്യുട്ടീവ് കമ്മറ്റിയെ യോഗം ചുമതലപ്പെടുത്തി.
പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ കാലാവധി ഒരു വര്‍ഷമായി നിജപ്പെടുത്തുവാനുള്ള ഭേദഗതിയാണ് പൊതുയോഗത്തില്‍ ശ്രദ്ധേയമായ തീരുമാനം. നോമിനേറ്റഡ് പോസ്റ്റുകള്‍ക്ക് പകരം തിരഞ്ഞെടുക്കപ്പെടുന്ന കമ്മറ്റികള്‍ റീജിയണല്‍ തലത്തില്‍ നിലവില്‍ വരും.
ഇപ്പോള്‍ ട്രഷറര്‍ സ്ഥാനം വഹിക്കുന്ന സിബി തോമസ് നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരുവാനും ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. അംഗ അസ്സോസിയേഷനുകളില്‍ നിന്നും പങ്കെടുത്ത പ്രതിനിധികളുടെ ക്രിയാത്മകമായ വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും സംഘടനയെ സംബന്ധിച്ചുള്ള ചര്‍ച്ചകളെ കൂടുതല്‍ സജീവമാക്കി. പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍ ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മറുപടി നല്കി. നാഷണല്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗം കെ.ഡി ഷാജിമോന്‍, ബര്‍മിങ്ഹാം മലയാളി അസ്സോസിയേഷന് പ്രസിഡന്റ് ജോര്‍ജ്, സെക്രട്ടറി ഇഗ്നീഷ്യസ് എന്നിവര്‍ യോഗത്തിന്റെ സുഗമമായ നടപടികള്‍ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല