സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): കൂടുതല്‍ സംഘടനകള്‍ യുക്മയിലേക്ക് കടന്നു വരുന്നതിന്റെ തുടര്‍ച്ചയായി പുതിയ റീജിയണുകള്‍ രൂപീകരിക്കുകയും, കാര്യക്ഷമമല്ലാത്ത റീജിയനുകള്‍ പുനഃസംഘടിപ്പിക്കുകകയും ചെയ്യുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാകുന്നു. യുക്മ രൂപീകൃതമായ 2009 ല്‍ രൂപംകൊണ്ടെങ്കിലും, കഴിഞ്ഞ നാല് വര്‍ഷത്തോളമായി യാതൊരു പ്രവര്‍ത്തനവും ഇല്ലാതിരുന്ന നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ ആണ് പുനഃസംഘടിപ്പിക്കപ്പെടുന്നത്.
മലയാളി അസോസിയേഷന്‍ സണ്ടര്‍ലാന്‍ഡ്, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സണ്ടര്‍ലാന്‍ഡ് എന്നീ നിലവിലുണ്ടായിരുന്ന രണ്ട് അസ്സോസിയേഷനുകളോടൊപ്പം, സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള സ്‌കോട്ട്‌ലന്‍ഡ് മലയാളി അസോസിയേഷന്‍, എഡിന്‍ബറോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളും, ന്യൂകാസില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഓണം’ (ഔര്‍ ന്യൂകാസില്‍ അസോസിയേഷന്‍ ഓഫ് മലയാളീസ്), ന്യൂകാസിലില്‍തന്നെ പ്രവര്‍ത്തിക്കുന്ന ‘മാന്‍’ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ്) എന്നീ ശക്തരായ രണ്ട് അസോസിയേഷനുകളും കൂടി ചേര്‍ന്ന് ആറ് അസ്സോസിയേഷനുകളുള്ള ഒരു റീജിയണായി ആണ് നോര്‍ത്ത് ഈസ്റ്റ് പുനഃസംഘടിപ്പിക്കപ്പെടുന്നത്.
ജൂണ്‍ ഇരുപത്തഞ്ചാം തീയതി ഞായറാഴ്ച യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പുനഃസംഘടിപ്പിക്കപ്പെട്ട നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തന വര്ഷ ഉദ്ഘാടനം നിര്‍വഹിക്കും. ഞായറാഴ്ച വൈകുന്നേരം മൂന്ന്മണിക്ക് ന്യൂകാസിലില്‍ ത്രോക്ക് ലി യൂണിയന്‍ ജാക്ക് സോഷ്യല്‍ ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ യുക്മയിലേക്ക് പുതുതായി കടന്നു വരുന്ന മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റിന്റെ അംഗത്വ വിതരണവും യുക്മ പ്രസിഡന്റ് നിര്‍വഹിക്കും. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ദേശീയ ട്രഷറര്‍ അലക്‌സ് വര്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് ഡോക്ടര്‍ ദീപ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനം, ദേശീയ നേതൃത്വത്തിന്റെ ശക്തമായ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല