ബാലസജീവ് കുമാര്‍ (യുക്മ പി ആര്‍ ഒ): യു കെ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ യുക്മ, യു കെ യിലെ മലയാളി സ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികളുടെ പ്രോത്സാഹനാര്‍ത്ഥം വൈസ് ഫോക്‌സ് ആപ്പ്‌സുമായി ചേര്‍ന്ന് നടത്തുന്ന യുക്മ മാത്ത്‌സ് ചലഞ്ചിന്റെ അവസാന മത്സരം കോവന്‍ട്രിയിലെ ഫിനാം പാര്‍ക്ക് സ്‌കൂളില്‍ വച്ച് നടക്കുന്നു. ആദ്യപാദ മത്സരങ്ങളില്‍ നിന്ന് 80 % അധികം മാര്‍ക്ക് വാങ്ങിയ 100 മത്സരാര്‍ത്ഥികളെയാണ് അവസാനപാദ മത്സരത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായി നടത്തപ്പെട്ട മത്സരങ്ങളില്‍ 1025 പേരാണ് പങ്കെടുത്തത്. അവസാന പാദ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് റീജിയണല്‍ നാഷണല്‍ തലത്തിലുള്ള സര്‍ട്ടിഫിക്കേറ്റുകളും ക്യാഷ് പ്രൈസുകളുമാണ് വൈസ് ഫോക്‌സ് ആപ്പ്‌സ് നല്‍കുന്നത്.
യുക്മ യൂത്തിന്റെ സജീവ ശ്രമവും പങ്കാളിത്തവുമാണ് യു കെ യില്‍ ആദ്യമായി ഇത്തരുണത്തില്‍ നടത്തപ്പെടുന്ന പ്രോത്സാഹന മത്സരത്തില്‍ ഇത്രയധികം മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ സഹായകമായത്. യുക്മ യൂത്തിന്റെ ചുമതല വഹിക്കുന്ന യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ദീപ ജേക്കബ്, ഡോക്ടര്‍ ബിജു പെരിങ്ങത്തറ എന്നിവരുടെ മേല്‍നോട്ടത്തിലാണ് യുക്മയിലെ വിവിധ റീജിയനുകളിലും, അസ്സോസിയേഷനുകളിലും നിന്ന് ആദ്യമത്സരത്തില്‍ തന്നെ ഇത്രത്തോളം മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചത്. യുക്മ നാഷണല്‍ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ്, നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസ്, യുക്മ ന്യൂസ് ടീം എന്നിവര്‍ യുക്മയുടെ പൂര്‍ണ്ണ പിന്തുണ നല്‍കി യുക്മ യൂത്ത് ടീമിന് പ്രോത്സാഹനമേകി.
അവസാന പാദ മത്സരങ്ങള്‍ ആശങ്കകള്‍ക്കും, ആരോപണങ്ങള്‍ക്കും അടിസ്ഥാനമില്ലാത്ത വിധം ക്ലാസ്സ് റൂമില്‍ പരീക്ഷയായി ആണ് നടത്തുന്നത്. പ്രവേശന പാസ്സുകളോ, മറ്റു യാതൊരുവിധ ഫീസുകളോ ഈടാക്കാതെ പൂര്‍ണ്ണമായും സൗജന്യമായാണ് യുക്മ മാത്ത്‌സ് ചലഞ്ച് നടത്തുന്നത്. എന്നാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്ന വിദ്യാര്‍ത്ഥിയുടെ പേരിലുള്ള ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ കൈവശം കരുത്തേണ്ടതാണ് വിദ്യാര്‍ത്ഥികളുടെ പ്രായഭേദവും, കഴിവും അനുസരിച്ച് തിരിക്കപ്പെടുന്ന മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളുമാണ് നല്‍കുന്നത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജനുവരി 19ന് മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന യുക്മ ഫെസ്റ്റില്‍ വച്ച് നല്‍കുന്നതാണ്.
യുക്മ മാത്!സ് ചലഞ്ച് രണ്ടാമത്തെ വര്‍ഷ മത്സരങ്ങള്‍ എത്രയും വേഗം തന്നെ വൈസ്‌ഫോക്‌സ് ആപ്പ്‌സ് മായി ചേര്‍ന്ന് നടത്തുന്നതാണ് എന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യുക്മ നാഷണല്‍ കമ്മറ്റിയുടെ വിജയാശംസകള്‍.
യുക്മ മാത്ത്‌സ് ചലഞ്ചിന്റെ പൂര്‍ണ്ണമായ നിബന്ധനകള്‍ യുക്മ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വേദിയുടെ വിലാസം:
Finham Park School
Green Ln, Covetnry
CV3 6EA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല