സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യു.കെ. മലയാളികളുടെ ദേശീയോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ ദേശീയ കലാമേളയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി എല്ലാ റീജിയണല്‍ കമ്മറ്റികളും ഈ വര്‍ഷത്തെ റീജിയണല്‍ കലാമേളകളുടെ തീയതിയും സ്ഥലങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ ആദ്യ റീജിയണല്‍ കലാമേള രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ പുനഃസംഘടിപ്പിക്കപ്പെട്ട നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് റീജിയണില്‍ അരങ്ങേറും.
ഏഴ് റീജിയണുകളും തങ്ങളുടെ കലാമേളകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കെ സെപ്റ്റംബര്‍ പകുതി മുതല്‍ ഒക്‌റ്റോബര്‍ അവസാനം വരെ കലാമേളകളുടെ ഘോഷയാത്ര തന്നെയാകും യു.കെ. അങ്ങോളമിങ്ങോളം. ദേശീയ കലാമേളക്ക് മുന്‍പുതന്നെ രാജ്യത്തിന്റെ നാലുകോണുകളും മഞ്ജീരധ്വനിയാല്‍ മുഖരിതമാകുന്ന ഈ ആറാഴ്ചക്കാലം, കലാസ്‌നേഹികള്‍ക്ക് ആഘോഷങ്ങളുടെയും ആരവങ്ങളുടെയും ഉത്സവകാലം തന്നെ.
യുക്മ നോര്‍ത്ത് ഈസ്റ്റ് റീജിയനെയും സ്‌കോട്ട്‌ലന്‍ഡ് റീജിയനെയും കൂട്ടിച്ചേര്‍ത്തുകൊണ്ട് രൂപീകരിച്ച ‘നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് റീജിയണ്‍’ ആണ് ഈ വര്‍ഷത്തെ ആദ്യ റീജിയണല്‍ കലാമേള സംഘടിപ്പിച്ചുകൊണ്ട് അരങ്ങേറ്റം ഉജ്വലമാക്കുന്നത്. ന്യൂകാസിലിലെ ഇംഗ്ലീഷ് മാര്‍ട്ടിയേഴ്‌സ് ചര്‍ച്ചു ഹാളില്‍ സെപ്റ്റംബര്‍ 16 ഞായറാഴ്ച കലാമേള അരങ്ങേറും. ഷെല്ലി ഫിലിപ്പ്, റജി തോമസ്, ജിജോ മാധവപ്പള്ളില്‍, സുനില്‍ ബേബി തുടങ്ങിയവര്‍ കലാമേളയ്ക്ക് നേതൃത്വം നല്‍കും.
സെപ്റ്റംബര്‍ 29 ശനിയാഴ്ച യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കലാമേളയ്ക്ക് കീത്ത്‌ലിയില്‍ അരങ്ങൊരുക്കുന്നു. കഴിഞ്ഞ വര്‍ഷവും റീജിയണല്‍ കലാമേള നടന്നത് കീത്തിലിയില്‍ ആയിരുന്നു എന്നതുകൊണ്ടുതന്നെ, സംഘാടക മികവ് തെളിയിക്കുവാന്‍ പ്രസിഡന്റ് കിരണ്‍ സോളമന്‍, സെക്രട്ടറി ജസ്റ്റിന്‍ എബ്രഹാം, നാഷണല്‍ വൈസ് പ്രസിഡന്റ് ഡോക്റ്റര്‍ ദീപ ജേക്കബ്, ജിജോ ചുമ്മാര്‍ എന്നിവര്‍ നയിക്കുന്ന റീജിയണല്‍ നേതൃത്വത്തിനും അംഗ അസ്സോസിയേഷനുകള്‍ക്കും ഇതൊരു അവസരം കൂടിയാവുന്നു. കീത്ത്‌ലി ഹോളി ഫാമിലി കാത്തലിക് സ്‌കൂള്‍ തന്നെയാവും ഇത്തവണയും വേദി ഒരുക്കുന്നത്.
ഒക്‌റ്റോബര്‍ ആറ് ശനിയാഴ്ച ശക്തരായ മൂന്ന് റീജിയണുകളിലാണ് കലാമേളകള്‍ അരങ്ങേറുന്നത്. ബാബു മങ്കുഴി, ജോജോ തെരുവന്‍, ഓസ്റ്റിന്‍ അഗസ്റ്റിന്‍, അഡ്വക്കേറ്റ് ഫ്രാന്‍സിസ് മാത്യു, കുഞ്ഞുമോന്‍ ജോബ് എന്നിവര്‍ നയിക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കലാമേള ബാസില്‍ഡണ്‍ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ നടക്കും. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് യുക്മ റീജിയണല്‍ കലാമേളയ്ക്ക് ബാസില്‍ഡന്‍ ആതിഥേയത്വം വഹിക്കുന്നത്.
യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ റീജിയനായ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ കലാമേളയും ഒക്‌റ്റോബര്‍ ആറിന് തന്നെയാണ് നടക്കുന്നത് . ഡിക്‌സ് ജോര്‍ജ്, സന്തോഷ് തോമസ്, ജയകുമാര്‍ നായര്‍, സുരേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ നിലവിലുള്ള ദേശീയ ചാമ്പ്യന്‍മാരാണ്. ബര്‍മിംഗ്ഹാമിനടുത്തുള്ള എര്‍ഡിംഗ്ടണ്‍ സെന്റ് എഡ്മണ്ട് കാത്തലിക് സ്‌കൂളിലാണ് ഇത്തവണത്തെ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേളയ്ക്ക് വേദിയൊരുക്കുന്നത്.
സൗത്ത് ഈസ്റ്റ് റീജിയണിലാണ് ഒക്‌റ്റോബര്‍ ആറിലെ മൂന്നാമത്തെ കലാമേള സംഘടിപ്പിക്കപ്പെടുന്നത്. നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, റീജിയണല്‍ നേതാക്കളായ ലാലു ആന്റണി, അജിത് വെണ്മണി, ജോമോന്‍ കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന റീജിയണല്‍ കലാമേള സൗത്താംപ്ടണിലെ റീജന്റ്‌സ് പാര്‍ക്ക് കമ്മ്യൂണിറ്റി കോളേജില്‍ ആണ് അരങ്ങേറുന്നത്.
സൗത്ത് വെസ്റ്റ് റീജിയണ്‍ കലാമേള ഈ വര്‍ഷവും ഓക്‌സ്‌ഫോര്‍ഡ്‌ഷെയറില്‍ തന്നെയാണ് നടത്തപ്പെടുന്നത്. ഒക്‌റ്റോബര്‍ പതിമൂന്ന് ശനിയാഴ്ച ദി ബിസ്റ്റര്‍ സ്‌കൂളില്‍ വേദിയൊരുക്കുന്ന റീജിയണല്‍ കലാമേളയ്ക്ക് റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍, സെക്രട്ടറി എം.പി.പദ്മരാജന്‍, നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ്, സജീഷ് ടോം, ഡോക്റ്റര്‍ ബിജു പെരിങ്ങത്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
റീജിയണല്‍ കലാമേളകളുടെ സമാപന ദിവസമായ ഒക്‌റ്റോബര്‍ 20 ന് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയാണ് നടക്കുന്നത്. റീജിയണല്‍ പ്രസിഡന്റ് ഷീജോ വര്‍ഗീസ്, സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം, നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, നാഷണല്‍ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, തമ്പി ജോസ് തുടങ്ങിയവര്‍ നയിക്കുന്ന കലാമേള മാഞ്ചസ്റ്ററിലെ സെയ്ല്‍ മൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറും.
സപ്തവര്‍ണ്ണങ്ങള്‍ പീലിവിടര്‍ത്തിയാടുന്നപോലെ ഏഴ് കരുത്തരായ റീജിയണുകളില്‍ യുക്മ കലാമേളകളുടെ ചിലമ്പൊലി ഉയരുമ്പോള്‍, ഒക്‌റ്റോബര്‍ 27 ന് നടക്കുന്ന ദേശീയ കലാമേളയില്‍ മാറ്റുരക്കാനെത്തുന്ന കലാകാരന്മാരും കലാകാരികളും ആരെന്ന ചോദ്യത്തിന് ഉത്തരമാകും. ലോക പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലുതും ശ്രദ്ധേയവുമായ യുക്മ റീജിയണല്‍ ദേശീയ കലാമേളകള്‍ മറുനാട്ടിലെ മലയാണ്മയുടെ മഹത്തരമായ ആഘോഷവും ഉത്സവവും തന്നെ. ഏവരെയും കലാമേളകളിലേക്ക് സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല